സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുമെന്ന് ബി ജെ പി

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായ ഹിന്ദു മഹാസഭ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കാന്‍ ബി ജെ പി നീക്കം. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനായി ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ബി ജെ പി വാഗ്ദാനം.

നവോത്ഥാന നായകരായ മഹാത്മാ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവര്‍ക്കൊപ്പം സവര്‍ക്കരുടെപേരും ഭരത രത്‌നക്ക് ശിപാര്‍ശ ചെയ്യുമെന്നാണ് പ്രകടന പത്രിക പറയുന്നത്. ഇന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

2022 ഓടെ മഹാരാഷ്ട്രയില്‍ എല്ലവര്‍ക്കും വീട്, വരള്‍ച്ച തടയും, എല്ലാ വീടുകളിലും കുടിവെള്ളം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുലക്ഷം കോടി രൂപയുടെ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങളാണ് ബി ജെ പിയുടെ പ്രകടന പത്രികയിലുള്ളത്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്.

“എന്റെ കൂടെ ജയിലലടക്കപ്പെട്ടവരിൽ ഞാനൊഴികെ മറ്റാരെയും ‘ഏറ്റവും അപകടകാരികളായ തടവുകാർ’ എന്ന ക്ലാസിൽ പെടുത്തിയിട്ടില്ല. എന്നാൽ ഈ കഴിഞ്ഞ കാലയളവിലെ എന്റെ പ്രവൃത്തികൾ ഏറ്റവും മാന്യമായതും നല്ലതുമായിരുന്നു”. ആറുമാസത്തെ ഏകാന്തതടവ്‌ ഇളവു ചെയ്യാൻ, ജയിലിലടയ്ക്കപ്പെട്ട്‌ കഴിഞ്ഞ് വെറും അമ്പത്തിയഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ (1911 ആഗസ്റ്റ്‌ 30നു) ‘വീർ’ സവർക്കർ സമർപ്പിച്ച അപേക്ഷയിലെഴുതിയതാണിത്.

സെല്ലുലാർ ജയിലിലെ മറ്റു തടവുകാർ പ്രതിഷേധപരിപാടികളുമായി മുന്നോട്ട്‌ പോയ സമയത്ത്‌ കരിങ്കാലിപ്പണി ചെയ്തു സ്വന്തം ശിക്ഷ ലഘൂകരിക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്‌. സഹതടവുകാർ എണ്ണയാട്ടൽ പോലെയുള്ള കഠിനജോലികളിൽ തളയ്ക്കപ്പെട്ടപ്പോൾ സവർക്കറും സഹോദരനും ജയിലറുടെ പ്രിയപ്പെട്ടവരായി മാറി. ഇവരെ താരതമ്യേനെ ശാരീരികാദ്ധ്വാനം കുറവ് മാത്രം വേണ്ടുന്ന കയറുത്പാദന യൂണിറ്റിലാണ് നിയമിച്ചത്. രണ്ടു വർഷങ്ങൾക്കു ശേഷം‌ 1913 നവംബർ 14നു സവർക്കർ തന്റെ രണ്ടാമത്തെ ദയാഹർജി സമർപ്പിച്ചു.

ഈ കാലയളവിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രത്യക്ഷമായി പങ്കെടുക്കാൻ സവർക്കർ വിസമ്മതിച്ചിരുന്നു. താൻ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തെയും തന്റെ ചെയ്തികളെയും നിർദാക്ഷിണ്യം തള്ളിപ്പറഞ്ഞ സവർക്കർ, ഏതു വിധേനയും ശിക്ഷാകാലാവധിയിൽ ഇളവു നേടാൻ ശ്രമിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തിനോടുള്ള വിധേയത്വം കനക്കുന്ന ഭാഷയിലാണ് സവര്‍ക്കറിന്റെ എഴുത്തുകള്‍. സ്വാതന്ത്ര്യസമരത്തെയും അതില്‍ പങ്കെടുത്തവരെയും ചെറുതാക്കിക്കാണിച്ചും മറ്റും സ്വന്തം തടി രക്ഷിക്കുവാനുള്ള ശ്രമമാണ് ആ എഴുത്തുകളിലെ ഓരോ വാചകത്തിലും പ്രതിഫലിക്കുന്നത്. സവര്‍ക്കറിന്റെ രണ്ടാമത്തെ മാപ്പക്ഷേയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.

“എനിക്ക്‌‌ ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട്‌ അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ്‌ നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത്‌ എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു.”

“ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ്‌ നിയമവ്യവസ്ഥയോട്‌ പരിപൂർണവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും.”

“ബ്രിട്ടീഷ്‌ ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ്‌ ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ.”

പിന്നീട്, ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്‌‌ 1914 സെപ്റ്റംബർ 14നു ബ്രിട്ടീഷ്‌ ഗവണ്മെന്റിനു സഹായവാഗ്ദാനങ്ങളോടെ സവർക്കർ തന്റെ മൂന്നാമത്തെ മാപ്പപേക്ഷ സമർപ്പിച്ചു. 1917 ഒക്റ്റോബർ 2, 1920 ജനുവരി 24, അതേ വർഷം മാർച്ച്‌ 30 എന്നിങ്ങനെ സവർക്കറിന്റെ അപേക്ഷകൾ വന്നു കൊണ്ടേയിരുന്നു. അഞ്ചു തവണയും മാപ്പപേക്ഷ നിരസിക്കപ്പെടുകയാണുണ്ടായത്‌. ഓരോ തവണയും മാപ്പപേക്ഷയിൽ പറഞ്ഞതിൻ പ്രകാരം പ്രവർത്തിക്കാത്തതു കൊണ്ടാണ് വീണ്ടും മാപ്പ്‌ എഴുതേണ്ടി വന്നത്‌.”

ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌ മുന്നോട്ടു വച്ച എല്ലാ ഉപാധികളും അംഗീകരിക്കുവാന്‍ തയ്യാറായ സവർക്കറിനെ ഒടുവിൽ 1921 മെയ്‌ 2ന് സെല്ലുലാർ ജയിലിൽ നിന്നും വിട്ടയച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും സഹപ്രവർത്തകരെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് ‘വിപ്ലവകാരിയായ സ്വാതന്ത്ര്യസമരസേനാനി’ എന്ന് സംഘപരിവാറുകാര്‍ വിശേഷിപ്പിക്കുന്ന വി.ഡി സവർക്കർ തടവറയിൽ നിന്ന് മോചനം നേടിയത്‌.

ചിത്രഗുപ്ത എന്നൊരാള്‍ രചിച്ച, 1926ല്‍ പ്രസിദ്ധീകരിച്ച “ബാരിസ്റ്റര്‍ സവര്‍ക്കറിന്റെ ജീവിതം” എന്ന സവര്‍ക്കറിന്റെ ജീവചരിത്രത്തിലാണ് ആദ്യമായി വീര്‍ സവര്‍ക്കര്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത്. സവര്‍ക്കറിന്റെ മരണത്തിനും രണ്ട് ദശാബ്ദങ്ങള്‍ക്കിപുറം 1987ല്‍ ഈ പുസ്തകത്തിന്റെ രണ്ടാം എഡീഷന്‍ ഇറക്കിയപ്പോഴാണ് ചിത്രഗുപ്ത മറ്റാരുമല്ല, സവര്‍ക്കര്‍ തന്നെ ആയിരുന്നുവെന്ന് വെളിവാക്കപ്പെടുന്നത്. അതായത്, സവര്‍ക്കര്‍ സ്വയം തന്നെ വിളിച്ച പേരാണ് വീര്‍ സവര്‍ക്കര്‍ എന്നത്.

സ്വയം പുകഴ്ത്തലുകാരനും ഭീരുവുമായിരുന്ന, ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിലെ പ്രധാനി ആയിരുന്ന, ഹിന്ദുത്വവര്‍ഗീയതയെ സിദ്ധാന്തവത്കരിച്ച, സ്വാതന്ത്ര്യസമരത്തെ അട്ടിമറിക്കുവാന്‍ നോക്കിയ, ബ്രിട്ടീഷ് സാമ്രാജ്യത്തിന് വിധേയപ്പെട്ട് ജീവിച്ച, കപടദേശീയവാദിയായ സവർക്കറെ വിഗ്രഹവത്കരിക്കാൻ നടക്കുന്നവർ ഇന്ത്യയെന്ന ആശയത്തിന്റെ കടയ്ക്കലാണ് കോടാലി വയ്ക്കുന്നതെന്ന് ഓര്‍മ വേണം. കപടദേശീയതയില്‍ അധിഷ്ഠിതമായ അവരുടെ രാഷ്ട്രീയം സ്വീകാര്യമാകുവാന്‍ സവര്‍ക്കറിനെപ്പോലെയുള്ള നികൃഷ്ടര്‍ സംപൂജ്യരാകണം.