ഫിറോസ് കുന്നംപറമ്പിലിന്റെ ‘വേശ്യാ’ പരാമര്‍ശം; വന്‍ പ്രതിഷേധം, നിയമ നടപടി സ്വീകരിക്കുമെന്ന്‌ ജസ്ല

നന്മമര ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ ചാരിറ്റിക്കാരെയുംപോലെ രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് നേതാവുമായ എം സി കമറുദ്ദീനുമൊത്ത് ഒരേ വേദി പങ്കിട്ടതില്‍ വിമര്‍ശനവുമായി മുന്‍ കെ എസ് യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു ഫേസ്ബുക്ക് ലൈവിലൂടെ ഫിറോസിന്റെ നിന്ദ്യമായ അധിക്ഷേപം.

കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, ഫിറോസിന്റെ വീഡിയോയില്‍ പേര് പരാമര്‍ശിക്കാതെ നടത്തുന്ന വിശേഷണങ്ങളാണിത്. ഇതിനെതിരെ പ്രമുഖരുൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ആണ് ഫിറോസ് ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ പറയുന്നത്.

ഇതിന് മറുപടിയുമായി ജസ്ലരംഗത്തെത്തി. താനുള്‍പ്പെടെയുള്ള സ്ത്രീകളെ ആക്ഷേപിച്ച ഫിറോസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തനിക്ക് നിരവധി സ്ത്രീകളുടെ പിന്തുണയുണ്ടെന്നും സ്വയം പ്രഖ്യാപിത നന്മമര ദൈവത്തിന്, വീഡിയോയിലുള്ള വാക്കുകള്‍ യോജിച്ചതല്ലെന്നും ജസ്ല പറയുന്നു.