ഭാരതം ഹിന്ദു രാഷ്മ്രല്ല; ഒരിക്കലും അങ്ങനെയാവാന്‍ സമ്മതിക്കുകയുമില്ല: ഒവൈസി

ഭാരതത്തിന്റെ മതേതരത്ത്വത്തിലും ബഹസ്വരതയിലും അഭിമാനം കൊള്ളുന്നു എന്നും എന്നാൽ ഭാരതം ഹിന്ദു രാഷ്മ്രല്ലെന്നും ഒരിക്കലും അങ്ങനെയാവാന്‍ സമ്മതിക്കില്ലെന്നും ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഓവൈസി. ഭാരതം ഹിന്ദു രാഷ്ട്രമാണെന്നുള്ള വീക്ഷണത്തില്‍ ആര്‍എസ്എസ് ഉറച്ച് നില്‍ക്കുകയാണ് എന്നുള്ള മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഒവൈസി.

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി അയാസ് മൗലവിക്ക് വേണ്ടിയുള്ള പ്രചരണയോഗത്തിലാണ് ആര്‍എസ്എസിനെതിരെ ഒവൈസി ആഞ്ഞടിച്ചത്. ചിലര്‍ രാജ്യത്ത് ഒറ്റ നിറത്തിലുള്ള പെയ്ന്റ് അടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നമ്മള്‍ കാണുന്നത് പല നിറത്തിലുള്ള ഇന്ത്യയെ ആണ്.

അതാണ് ഇന്ത്യയുടെ ഭംഗി. ഭാരതം ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമല്ല. ഇന്‍ശാ അള്ളാ അങ്ങനെയാകാനും സമ്മതിക്കില്ല. ശിവസേനയ്ക്ക് പച്ച് നിറത്തോട് എതിര്‍പ്പാണ്. കണ്ണട മാറ്റി നോക്കിയാല്‍ ഇന്ത്യന്‍ പതാകയിലും പച്ച നിറം കാണാം എന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു.

മതേതരത്വവും ബഹസ്വരതയുമാണ് ഭാരതത്തെ അസാധാരണമാക്കുന്നത്.അങ്ങനെ ലോകത്ത് വേറൊരു രാജ്യവുമില്ല.നാം അതില്‍ അഭിമാനം കൊള്ളുന്നു.നിങ്ങളുടെ കാരുണ്യം കൊണ്ടല്ല ഇവിടെ ജീവിക്കുന്നതെന്നാണ് ആര്‍എസ്എസുകാരോട് പറയാനുള്ളന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.