കിർത്താഡ്സിൽ രാത്രി അനധികൃതമായി കടന്ന് ഇന്ദു മേനോന്‍ ഫയലുകള്‍ കടത്തിയെന്ന് പോലീസില്‍ പരാതി

ഉദ്യോഗസ്ഥ രാത്രി മതില്‍ ചാടിക്കടന്ന് കിര്‍താഡ്സില്‍ നിന്ന് ഫയലുകള്‍ കടത്തിയെന്ന് പോലീസില്‍ പരാതി. കിർത്താഡ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഒരു സർക്കാർ സ്ഥാപനം കോഴിക്കോട് ചേവയൂര് അടുത്ത് ചേവരമ്പലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻറ് ട്രൈയിനിംഗ് ഡവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ് എന്നാണ് വിശദ നാമം.

പട്ടികജാതി/വർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് ,അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലെ സാമൂഹ്യ ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ അധ്യാപികയും മ്യൂസിയം മാനേജറുമായ ജൂനിയർ മാധവിക്കുട്ടിയെന്ന് കൂടിയറിയപ്പെടുന്ന എഴുത്തുകാരി ഇന്ദു മേനോൻ അവധി ദിനമായ ഞായറാഴ്ച രാത്രിയില്‍ മതില്‍ ചാടിക്കടന്ന് അനധികൃതമായി കിര്‍താഡ്സില്‍ പ്രവേശിക്കുകയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനോട് വാക്കേറ്റമുണ്ടാവുകയും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഉദ്യോഗസ്ഥക്കെതിരെ സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് മിസ്ഹബ് ആണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാൽ പോലീസ് ഈ പരാതി സ്വീകരിച്ചില്ല.

കിര്‍താഡ്സിലെ ചില സുപ്രധാന ഫയലുകള്‍ ഇവര്‍ രാത്രിയില്‍ പുറത്ത് കടത്തിയെന്നും കിര്‍താഡ്സിലെ മറ്റ് ഉദ്യോഗസ്ഥരും ആരോപിക്കുന്നു. രാത്രിയില്‍ അനധികൃതമായി കിര്‍താഡ്സിനുള്ളില്‍ പ്രവേശിച്ച ഇന്ദു മേനോനെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.എന്നാല്‍ ഔദ്യോഗിക ആവശ്യത്തിന് ഓഫീസിലെത്തിയ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞുവെന്നും ശാരീരികോപദ്രവമേല്‍പ്പിച്ചുവെന്നും കാണിച്ച് ഇന്ദുമേനോനും പോലീസില്‍ പരാതി നല്‍കി. അവരുടെ പരാതി സ്വീകരിച്ച പോലീസ് സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്തു.

സ്ഥാപനത്തിന്റെ ഡയറക്ടറെ മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തില്‍ കിര്‍താഡ്സുമായി ബന്ധപ്പെട്ട ചില നിര്‍ണായക ഫയലുകളാണ് രാത്രി സമയത്തെത്തി ഇന്ദുമേനോന്‍ പുറത്ത് കടത്തിയതെന്നാണ് സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥരും ജീവനക്കാരും ആരോപിക്കുന്നത്. ഇതിനെതിരെ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഞായറാഴ്ച രാത്രി ഏഴരയോടെ ഇന്ദുമേനോനും മറ്റൊരാളും കിര്‍താഡ്സ് കോമ്പൗണ്ടിനുള്ളില്‍ അതിക്രമിച്ച് കയറിയതായി ശ്രദ്ധയില്‍ പെട്ട താന്‍ അത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് മിസ്ഹബ് പറയുന്നു. ‘അവധി ദിവസും രാത്രി സമയവും ആയതിനാല്‍ സ്ഥാപനത്തിന്റെ എല്ലാ കവാടങ്ങളും ലോക്ക് ചെയ്തിരുന്നു. ആ സമയം സ്ഥാപനത്തിന്റെ സുരക്ഷാ ചുമതലയുള്ളയാളെന്ന നിലയില്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും നിയമ വിരുദ്ധമായി അതിക്രമിച്ചു കയറിയതാണെന്ന ബോധ്യപ്പെട്ടതിനാല്‍ പോലീസെത്തിയിട്ട് പുറത്ത് പോയാല്‍ മതിയെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ പിന്നീട് അവര്‍ എന്നോട് വളരെ മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ഞാന്‍ പോലീസില്‍ വിവരമറിയിച്ചതോടെ അവര്‍ കൂടുതല്‍ രോക്ഷാകുലയായി എനിക്ക് മാനസിക രോഗമാണെന്ന് പറയുകയും അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറിയതിനും തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും അപമര്യാദയായി പെരുമാറിയതിനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് മിസ്ഹബ് ആദ്യം തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഈ പരാതി സ്വീകരിക്കുകയോ റസീപ്റ്റ് നൽകുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇന്ദുമേനോൻ നൽകിയപരാതിയിൽ കേസ് എടുക്കുകയും ചെയ്തു.

സ്ഥാപനത്തിന് പരാതിയുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും അതിന് ശേഷം സെക്യൂരിറ്റി ജീവനക്കാരന്റെ പരാതി സ്വീകരിക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം തന്റെ ശാരീരികമായി ഉപദ്രവിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഇന്ദുമേനോന്‍ പോലീസില്‍ നല്‍കിയപരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചതായി ചേവായൂര്‍ എസ് ഐ പറഞ്ഞു.

സ്ഥാപനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ സ്ഥാപനത്തില്‍ നിന്ന് പോലീസിന് പരാതി നല്‍കണമെന്ന് താന്‍ അധികാരികളോട് ആവശ്യപ്പെട്ടതായും മിസ്ഹാബ് പറഞ്ഞു. ‘ഇന്ദുമേനോന്റെ പരാതി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതായി പോലീസ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. അവര്‍ പിടിപാളുള്ളയാളാണെന്നും നിങ്ങള്‍ ഒറ്റക്കേ കാണൂ എന്നും അതിനാല്‍ സ്ഥാപനത്തില്‍ നിന്നുള്ള പരാതിയായി ലഭിച്ചാലേ കാര്യമുള്ളൂ എന്നും സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു അതിന്റെ അടിസ്ഥാനത്തില്‍ കിര്‍താഡ്സ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.എന്ന് മിസ്ഹാബ് പറഞ്ഞു

എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ കിര്‍താഡ്സ് അധികൃതര്‍ തയ്യാറായില്ല. ഇന്ദുമേനോനും ആരോപണത്തോട് പ്രതികരിച്ചില്ല.