പണിപാളിയപ്പോൾ ആചാരപരമായ മാപ്പ് പറച്ചിലുമായി ‘നന്മ’മരക്കച്ചവടക്കാരൻ ഫിറോസ് കുന്നുംപറമ്പിൽ

ഒടുവിൽ പണിപാളിയെന്നും നന്മമരക്കച്ചവടത്തെ തന്നെ ബാധിക്കുമെന്നും മനസിലായപ്പോൾ ആചാരപരമായ മാപ്പ് പറച്ചിലും പതിവ് സെന്റിയും ജീവകാരുണ്യ മഹാത്മ്യ പ്രഘോഷണവുമായി നന്മമര തട്ടിപ്പ് സിഇഒ ഫിറോസ് കുന്നുംപറമ്പിൽ. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസിൻെറ മാപ്പുപറച്ചിൽ. മോശമായൊരു മാനസികാവസ്ഥയിലാണ് അത്തരത്തിൽ ഒരു പരാമർശം നടത്തിത്. വാക്ക് പിൻവലിക്കണമെന്ന് പല സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ആ സമയത്തെ ദേഷ്യം അടങ്ങിയപ്പോൾ തനിക്കും അത് തെറ്റാണെന്ന് തോന്നിയെന്നും ഫിറോസ് പറഞ്ഞു.

ആ വാക്ക് പറയാൻ പാടില്ലായിരുന്നു. കാരണം ആരെയാണെങ്കിലും വ്യക്തിപരമായി പറയാൻ അവകാശമില്ല. അതുകൊണ്ട് തന്നെ അങ്ങനെ നടത്തിയ പരാമർശത്തിൽ ആർക്കേലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് പറയുന്നു. ഫിറോസ് പറഞ്ഞു. പലരും മോശമായാണ് വിമർശിച്ചത്. താനുമൊരു മനുഷ്യനാണ്. കടിച്ചുപിടിച്ച് പലതും ക്ഷമിച്ചു.

ക്ഷമിക്കാൻ കഴിയാതെ ആയപ്പോൾ പറഞ്ഞുപോയതാണ്. ഒരുപാട് ചിരിച്ചുകളിച്ചുനടക്കുന്ന ആളല്ല. രോഗികളുടെ കൂടെയാണ്. പല രോഗികളുടെയും വീട് സന്ദർശിക്കുകയും പലരുടെ വേദനയും ടെൻഷനും തലയിൽ കൊണ്ടുനടക്കുന്നയാളാണ്. ഇത്തരത്തിൽ കേട്ടപ്പോൾ പൊട്ടിത്തെറിച്ചുപോയതാണ്.വിവാദങ്ങളൊന്നും തന്നെ തളർത്തിയിട്ടില്ല. ചെയ്യുന്നത് നന്മയുടെ പ്രവർത്തനമാണ്. പേരിനും പ്രശസ്തിക്കും യുട്യൂബിലെ വരുമാനത്തിനും വേണ്ടി തന്നെ ഇല്ലാതാക്കാൻ നിങ്ങൾ ശ്രമിക്കുമ്പോൾ പൊതുസമൂഹം അത് തിരിച്ചറിയും. അവർ അതിനെ പുറംകാലുകൊണ്ട് തൊഴിച്ചുമാറ്റിയിട്ട് നന്മയുടെ പ്രവർത്തനത്തെ ചേർത്തുപിടിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഫിറോസ് പറയുന്നു.

കഴിഞ്ഞദിവസം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് കുന്നുംപറമ്പിൽ സ്ത്രീകൾക്കെതിരെ മോശമായ പരാമർശം നടത്തിയത്. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ത്രീകൾക്കെതിരായ പരാമർശത്തിന്‍റെ പേരിൽ വനിതാ കമ്മീഷനൻ ഫിറോസിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്‍ല വിമര്‍‌ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യാ പരാമർശം.