ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടര്‍; പിന്നിൽ വൻ മാഫിയകൾ; കോടികളുടെ തട്ടിപ്പ്

നന്മമര തട്ടിപ്പുകാരൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. വലിയ മാഫിയ തന്നെ ഇതിനകത്ത് ഉണ്ട് എന്നും കോടികളുടെ വരവാണ് ഉള്ളത് എന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആണ് സാമൂഹ്യ മിഷന്‍ ഡയറക്ടര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത് . കുറച്ചു പേര്‍ക്ക് സഹായം കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ അതില്‍ക്കൂടുതല്‍ ഗുണം നന്മമരത്തിന് ഉണ്ടായതായും അദ്ദേഹം പറയുന്നു. ഇതെല്ലാം ചോദിക്കുമ്പോള്‍ അസഹിഷ്ണുത ഉണ്ടായിട്ട് കാര്യമില്ല. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അതിന് അക്കൗണ്ടബിലിറ്റി ആവശ്യമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്:

ഒരു സ്ത്രീയെ അപമാനിച്ചതുമാത്രമല്ല ഇവിടത്തെ വിഷയം. നന്മമരത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. മിലാപ്പ് പോലുള്ള ക്രൗഡ് ഫണ്ടിംഗ് സംവിധാനങ്ങള്‍ ആള്‍ക്കാരെ സഹായിക്കാനായി പണം പിരിക്കാറുണ്ട്. ഇതില്‍ 20 ശതമാനം അവര്‍ എടുക്കുന്നു. ബാക്കി സഹായം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറുന്നു. അത് അവര്‍ കൃത്യമായി പറയുന്നുണ്ട്. ഇതൊരു ബിസിനസ് സംവിധാനമാണ്. എന്നാല്‍, ഇവിടെ നന്മമരത്തിന്റേത് വല്ലാത്തൊരു ആശയമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രതികരിക്കേണ്ടതില്ലെന്ന് വിചാരിച്ചതാണ്. എന്നാല്‍ സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് ഇതുപറയുന്നത്. ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി.നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതില്‍ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു. ആ പണം ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയില്‍ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നല്‍കും. ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നാണ്. ഒരുകുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിയവാസമല്ലാതെ മറ്റെന്താണ്. അപ്പോള്‍ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സമാനമായ മറ്റൊരു ആളിന്റെ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാര്‍ത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവര്‍ക്കയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു. വലിയ മാനസിക പീഡനമാണ് അവര്‍ അനുഭവിച്ചത്. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ചെയ്തു. എന്നാല്‍ പൊതുബോധം ഇതിനെ അവഗണിക്കുന്നതാണ്. സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. എത്ര പറ്റിച്ചാലും കുറേ പേര്‍ക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സാമൂഹ്യസുരക്ഷാ മിഷനില്‍ ഒരു രൂപയിട്ടാല്‍ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോള്‍ അക്കൗണ്ടബിലിറ്റി വേണം. ഇതു പറയുമ്പോള്‍ വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്. സ്ത്രീയെ അപമാനിച്ചതുമാത്രമല്ല. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. കോടികളുടെ വരവാണുള്ളത്. കുറച്ചുപേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി ഗുണം നന്മമരത്തിനുണ്ടായി. ഇതൊക്കെ ചോദ്യം ചെയ്യുമ്പോള്‍ അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ല. എന്തുപൊങ്കാലയും സ്വീകരിക്കാന്‍ തയാറായാണ് ഇത്രയും പറയുന്നത്. അതിനിടെ, കെ.എസ്.യു മുന്‍ നേതാവ് ജസ്ല മാടശ്ശേരിക്കെതിരെ അധിക്ഷേപാര്‍ഹമായ രീതിയില്‍ സംസാരിച്ചതിന് ഫിറോസിനെതിരെ വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു.