വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് വമ്പൻ നന്മ മരങ്ങളെ പെറ്റു വളർത്തിയ അമ്മമാർക്ക്

അനുപമ ആനമങ്ങാട് 

നിന്നെയൊക്കെ പെറ്റിട്ട് പാൽകൊടുത്ത് വളർത്തി, അപ്പിയും മൂത്രവും കഴുകി, നിന്നെയൂട്ടാൻ അടുക്കളയിൽ നിന്നുരുകി, ഓരോ പനിയിലും ചുമയിലും നെഞ്ചുരുകി കാവലിരുന്നവൾക്ക്…

ചെറുപ്രായത്തിൽ ഭാര്യയായി, അമ്മയായി, വീണ്ടുമമ്മയായി, ജീവിതത്തിന്റെ മറ്റുനിറങ്ങളെന്തെന്ന്, മറ്റാനന്ദങ്ങളെന്തെന്ന്, അറിയാതെ പോയവൾക്ക്..

നിനക്കും നീ ജനിപ്പിച്ച പിള്ളേർക്കും വെച്ചുവിളമ്പിയൂട്ടാനല്ലാതൊരു ജീവിതമില്ലെന്നു നീ വിശ്വസിച്ചുറപ്പിച്ചു വീട്ടിലിരുത്തിയിരിക്കുന്നവൾക്ക്…

നിന്റെ ആൺ പോക്രിത്തരങ്ങളും അംബീഷൻസും കയ്യടിപ്പിച്ചു പ്രോത്സാഹിപ്പിച്ച അതേ കുടുംബവും നാട്ടുകാരും ടീച്ചർമാരും ചേർന്ന്, വേറൊരു കുടുംബത്തിൽ കേറി പോവേണ്ടവളെന്നു അനുസരണപഠിപ്പിച്ച്, പെൺ അംബീഷൻസിനെയെല്ലാം മുളയിലേ നുള്ളി, മൂലക്കിരുത്തിയ ആ ഉടപ്പിറന്നോൾക്ക്…

വല്ലവന്റെയും വീട്ടിലെ കൂലിയില്ലാ ജോലിക്കാരിയാകാൻ നീ വളർത്തിയെടുക്കുന്ന ആ കുഞ്ഞുമകൾക്ക്…

അപ്പന്റെ കാശ് കൊണ്ട് ടൂറുപോയും വെള്ളമടിച്ചുബോധംകെട്ടും വാളുവെച്ചും ബൈക്കിൽ ചീറിപ്പാഞ്ഞും നാട്ടാരുടെ നെഞ്ചത്തുകേറിയും നീയൊക്കെ കൗമാരവും യൗവനവുമാഘോഷിച്ചപ്പോൾ, സദാചാര പോലീസിനെ ഭയന്നു അടങ്ങിയൊതുങ്ങി ഇരുട്ടിയാൽ ലോകമെന്തെന്നു കാണാതെ ജീവിച്ച ഒരുപാടൊരുപാട് അവളുമാർക്ക്…

നീ നെഞ്ചുവിരിച്ചുനടന്ന അതേ തെരുവുകളിലും ബസ്സുകളിലും തീവണ്ടികളിലും എതിരെ നീണ്ടുവന്നേക്കാവുന്ന ഏതൊക്കെയോ കൈകളെ ഭയന്ന് ചൂളിപ്പിടിച്ച് സ്വശരീരത്തെ ഇറുക്കിപ്പിടിച്ച് നടന്നിരുന്ന, നടക്കുന്ന, എണ്ണമറ്റ അവളുമാർക്ക്…

നീ വാങ്ങുന്ന ശമ്പളത്തിന്റെ 60-80 ശതമാനം മാത്രം ശമ്പളം വാങ്ങി അതേ ജോലിചെയ്യുന്ന ആ സഹപ്രവർത്തകക്ക്…

നീ വീട്ടിലാളുണ്ടെന്ന ബലത്തിൽ ഓഫീസിൽ അധികനേരമിരുന്ന് ജോലിചെയ്തു വാങ്ങുന്ന കയ്യടികൾക്കിടയിൽ, വീട്ടിൽ കുഞ്ഞുങ്ങൾക്കും ഭർത്താവിനും അത്താഴമുണ്ടാക്കാൻ കിതച്ചോടി കയ്യടികൾ നഷ്ടമായ മറ്റൊരുവൾക്ക്…

നീ കരിയറിൽ മേലോട്ടുകേറിപ്പോയപ്പോൾ വിവാഹസമയത്തും അമ്മയായതിനാലും ഭർത്താവിനും വീട്ടുകാർക്കും ഇഷ്ടമില്ലാത്തതിനാലുമൊക്കെ കൊഴിഞ്ഞുപോയ വേറെ ചിലർക്ക്…

നിന്റെയാനന്ദങ്ങളും ആഘോഷങ്ങളും പോലെ ഞങ്ങൾക്കുമാവാം എന്നു തീരുമാനിച്ചതിന്റെ പേരിൽ വേശ്യാവിളികളും കേട്ടാലറയ്ക്കുന്ന പ്രയോഗങ്ങളും കൊണ്ട് അഭിഷേകം ചെയ്യപ്പെട്ട ആ ‘താന്തോന്നി’പ്പെണ്ണുങ്ങൾക്ക്..

ചത്തുപൊങ്ങിയ ഏഴുവയസ്സുള്ള ആ കുഞ്ഞിക്കണ്ണുകൾക്ക്…

കൂർത്ത ആയുധം കേറ്റിമുറിപ്പെടുത്തിയ ആ യോനികളുടെ ഉടമസ്ഥർക്ക്…

ആണ്വർഗ്ഗത്തിന്റെ അധികാരക്കൊതിയിലും യുദ്ധക്കൊതിയിലും തുടരെത്തുടരെ മരിച്ചുവീഴുകയും റേപ് ചെയ്യപ്പെടുകയും കൈമാറ്റവസ്തുക്കളാക്കപ്പെടുകയും ചെയ്ത ചരിത്രത്തിലെ പേരില്ലാത്ത എത്രയോ പെൺസ്മാരകങ്ങൾക്ക്…

അങ്ങനെ എത്രയൊക്കെയോ അവളുമാർ…

അവർക്കെല്ലാം, നിന്നെപ്പോലെ ജീവിക്കാൻ, നിന്നെപ്പോലെ ആനന്ദിക്കാൻ, നിന്നെപ്പോലെ വരുമാനമുണ്ടാക്കാൻ, നിന്റെയത്ര ശമ്പളം വാങ്ങാൻ, നിന്റെയത്ര സുരക്ഷിതത്വബോധം അനുഭവിക്കാൻ എല്ലാം അവകാശമുണ്ടായിരുന്നു, അർഹതയുണ്ടായിരുന്നു, ഉണ്ട്, ഉണ്ടായേതീരൂ എന്ന വാദമാണ്, ഫെമിനിസത്തിന്റെ കാതൽ!

അതു നിനക്കു മുറിവേല്പിക്കും. ഏല്പിക്കണം! വീണിടത്തുകിടക്കാതെ എണീറ്റുനിന്നു വിരൽ ചൂണ്ടുന്നവളെ നീ ഫെമിനിച്ചിയെന്നും കൊച്ചമ്മയെന്നും അമ്മായിയെന്നും അമ്മച്ചിയെന്നും മറ്റും വിളിച്ച് അധിക്ഷേപിക്കും. സ്വാഭാവികം! കാരണം അവൾ നിന്റെ സർവഗുണസമ്പന്നയായ, തൊഴിച്ചാൽ താഴെ കിടക്കുന്ന, നിസ്സഹായയായ ഇരയാവാൻ തയ്യാറല്ല!

നീ മുന്നോട്ടുവെച്ച ഓരോ കാൽവെപ്പിനുമുണ്ടായിരുന്നു നിന്റെയോ നിന്നെപ്പോലുള്ളവരുടെയോ പ്രിവിലേജിനാലും എൻടൈറ്റിൽമെന്റിനാലും പുറകോട്ടു തളളപ്പെട്ട ഒരുവൾ! അവളുടെ ശബ്ദം ഉയർന്നാൽ നീയതിനു ചെവികൊടുക്കേണ്ടിവരും. അവളുടെ വിരലുകൾ നിന്റെ നേരെത്തന്നെ ചൂണ്ടിക്കൊണ്ടിരിക്കും. അവൾ, നിനക്ക്, നിന്റെ പ്രിവിലേജുകൾക്ക്, ഭീഷണിയാണ്! കാരണം അവളുടെ പ്രിവിലേജില്ലായ്മയാണ് നിന്റെ പ്രിവിലേജ്!

അതുകൊണ്ട് വിളിച്ചർമാദിക്കൂ… ഫെമിനിച്ചികൾ തുലയട്ടെ!

PS: Suffragette എന്ന, കഴിഞ്ഞ നൂറ്റാണ്ടിൽ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പൊരുതിയവരെ വിളിക്കുന്ന പേര് (as opposed to the original suffragist) പരിഹാസപ്രയോഗമായി കോയിൻ ചെയ്യപ്പെട്ടതാണെന്ന് കേട്ടിട്ടുണ്ട്. ആ പേര് എടുത്തണിഞ്ഞുകൊണ്ട് അന്നൊരു സ്ത്രീസംഘടന പറഞ്ഞതിതാണ്.

“We have all heard of the girl who asked what was the difference between a Suffragist and a Suffragette, as she pronounced it, and the answer made to her that the ‘Suffragist just wants the vote, while the Suffragette means to get it.”

അതുകൊണ്ടിത്രയേ പറയാനുള്ളൂ. ഫെമിനിച്ചിയെങ്കിൽ ഫെമിനിച്ചി!

Will you bloody listen to what we have to say, at least then!? Will you bloody accept anytime soon that it is not your call, to decide what a movement for social and physical survival by someone else should be called!?