മരട് അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി; ആദ്യം പൊളിക്കുന്നത് ആല്‍ഫാ വെഞ്ചേഴ്‌സ്

എറണാകുളത്തെ മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുന്നത്. വിജയ് സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനായുള്ള കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. പൊളിക്കാനായി കൈമാറിയ രണ്ട് ഫളാറ്റുകളിലൊന്നായ ആല്‍ഫാ വെഞ്ചേഴ്‌സില്‍ പൊളിക്കുന്നതിന് മുമ്പായി തൊഴിലാളികള്‍ പൂജ നടത്തി.

രണ്ടര കോടി രൂപയാണ് മരടിലെ നാല് ഫ്‌ളാറ്റുകളും പൊളിക്കുന്നതിനായി കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജെയിന്‍ ഫ്‌ളാറ്റ് പൊളിക്കാനാണ് ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ആവശ്യപ്പെട്ടിട്ടുള്ളത്-86,76,720 രൂപ. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകള്‍ പൊളിക്കാനാണു ഏറ്റവും കുറവ് തുക വരുന്നത്-21,02,760 രൂപ. ഹോളി ഫെയ്ത്തിന്റെ എച്ച് ടു ഒ ഫ്‌ളാറ്റ് പൊളിക്കാന്‍ 64,02,240ഉം ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റിന്റെ ഇരട്ട കെട്ടിടങ്ങള്‍ പൊളിക്കാന്‍ 61,00,000 രൂപയും വേണമെന്നാണ് വിജയ് സ്റ്റീല്‍സ് വ്യക്തമാക്കിയിട്ടുള്ളത്. ഈ കണക്കുകള്‍ ഇന്ന് ചേരുന്ന നഗരസഭ കൗണ്‍സിലില്‍ സബ് കലക്ടര്‍ അവതരിപ്പിക്കും.