അയോധ്യ കേസ് അസാധാരണ വഴിത്തിരിവിലേക്ക്; ഇന്ന് ഭരണഘടന ബെഞ്ച് വീണ്ടും ചേരും

നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ അയോധ്യ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. തര്‍ക്കഭൂമി ഉപാധികളോടെ വിട്ടു നല്‍കാമെന്ന് സുന്നി വഖബ് ബോര്‍ഡ് സമ്മതം അറിയിച്ചതായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ വാദം അവസാനിച്ചിരിക്കെ മധ്യസ്ഥ സമിതയുടെ റിപ്പോര്‍ട്ട് പരിഗണിക്കാനായി ഭരണഘടന ബെഞ്ച് ഇന്ന് ചേരുമെന്നാണ് സൂചനകള്‍.

40 ദിവസം നീണ്ട മാരത്തണ്‍ വാദം ഇന്ന് അവസാനിപ്പിച്ച കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കെയാണ് കേസില്‍ അസാധാരണ നടപടികള്‍ ഉണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. അയോധ്യയെ തര്‍ക്കഭൂമി വിട്ടു നല്‍കുന്നതിന്റെ ഭാഗമായി കാശിക്കും മധുരയ്ക്കമുള്ള അവകാശവാദം ഹിന്ദു സംഘടനകള്‍ ഉപേക്ഷിക്കണമെന്നും, അയോധ്യയില്‍ 22 പള്ളികള്‍ പുതുക്കണമെന്നമുള്ള ഉപാധികളാണ് സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് സൂചനകള്‍.

അയോധ്യയിലെ തര്‍ക്കഭൂമിക്കു പകരമായി മറ്റൊരിടത്ത് പള്ളി നിര്‍മ്മിക്കണമെന്ന വാദവും സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ 134 വര്‍ഷം പഴക്കമുള്ള തര്‍ക്കത്തിനാണ് ശുഭപര്യവസാനമാകുന്നത്. ആര്‍ക്കിടെക്ച്ചുറല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍ ഉള്‍പ്പെട്ട പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് സജ്ജ്മാക്കണമെന്ന ഉപാധിയും സുന്നി വഖബ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടുള്ളതായും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇനി ഒരു വാദമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിക്കൊണ്ട് വാദം അവസാനിപ്പിച്ചതിനു തൊട്ടു പിന്നാലെയാണ് അയോധ്യയില്‍ ഒത്തുതീര്‍പ്പിലേയക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. നാളെ ചേരുന്ന ഭരണഘടന ബെഞ്ച് മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്ജി എഫ്എംഐ ഖലിഫുള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ സമിതിയെയാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കോടതി നിയോഗിച്ചത്. മാര്‍ച്ച് എട്ടിനാണ് കേസിലെ കക്ഷികളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തി അയോധ്യവിഷയം പരിഹരിക്കാന്‍ സുപ്രീംകോടതി സമിതിയെ ചുമതലപ്പെടുത്തിയത്.