ആദിത്യൻ! മകനെ മാപ്പ്; ഈ ലോകം ചതിയൻമാരുടേത് മാത്രമെന്ന് നീ വിശ്വസിക്കാതിരിക്കുക

ഫിലിപ്പ് ജേക്കബ്

കുന്ദംകുളം തൃശ്ശൂര്‍ റോഡരികില്‍ മധുരഞ്ചേരി ബിന്നിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ചാവക്കാട് കോടതിയുടെ ഉത്തരവ് നടപ്പാക്കുമ്പോഴാണ് കാഴ്ചക്കാരുടെ കണ്ണുകള്‍ക്കും ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കും ആദിത്യന്റെ വിലാപം നൊമ്പരമായത്.

ഞങ്ങളെ രക്ഷിക്കണമേ എന്ന് ജനലില്‍ക്കൂടി അലറിക്കരഞ്ഞെങ്കിലും കാഴ്ചക്കാരും നിസഹായരായിരുന്നു’ അച്ഛന്‍ ബിന്നിയും അമ്മ സിലിയും സ്ഥലത്തുണ്ടായിരുന്നില്ല. കതകുകള്‍ എല്ലാം അകത്തുനിന്ന് പൂട്ടി മണ്ണെണ്ണ ഒഴിച്ച് കുട്ടികള്‍ പ്രതിരോധം തീര്‍ത്തുവെങ്കിലും ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സംഘാംഗങ്ങള്‍ കതക് പൊളിച്ച് അകത്തു കടന്നതോടെ കുട്ടികള്‍ കൂട്ട നിലവിളിയായി. ഒടുവില്‍ പോലീസ് ബലം പ്രയോഗിച്ച് കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു.

ബിന്നിയുടെയും കുടുംബത്തിന്റെയും 15 വര്‍ഷത്തിലേറെ നീണ്ട നിയമ പോരാട്ടമാണ് ഇന്നലെ അവസാനിച്ചത്. 2004ല്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ മറ്റൊരാളുടെ സഹായം തേടി.പത്ത് ലക്ഷം രൂപാനല്‍കി മുക്ത്യാര്‍ ഒപ്പിട്ടു വാങ്ങിയ സഹായി ഈ സ്ഥലം അന്‍പത് ലക്ഷം രൂപയ്ക്ക് മറ്റൊരിടത്ത് പണയപ്പെടുത്തി. അതോടെ അന്‍പത് ലക്ഷം തിരിച്ചടക്കക്കേണ്ടുന്ന ഉത്തരവാദിത്വം ബിന്നിയുടേതായി. അതോടെ ബാങ്ക് സ്ഥലം ലേലത്തിനു വെയ്ക്കുകയും എറണാകുളം സ്വദേശി സ്ഥലം സ്വന്തമാക്കുകയുമായിരുന്നു.

നിയമം ആദിത്യനോട് ചെയ്തത് അവന്‍ ആ കുഞ്ഞിക്കിളിയോട് ചെയ്തില്ല. ജപ്തിക്കാര്‍ വന്ന് പടിയിറക്കി വിടുമ്പോഴും അവന്‍ ഇടതു കൈയ്യാല്‍ അവന്റെ സ്‌നേഹം കൊണ്ട് ആ കുഞ്ഞിക്കിളിയേയും ഉള്ളംകൈയ്യില്‍ ജപ്തി ചെയ്തിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന മാധ്യമ പ്രവർത്തകൻ ഫിലിപ്പ് ജേക്കബിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:

ആദിത്യൻ!
മകനെ മാപ്പ്;
ഈ ലോകം ചതിയൻമാരുടേത് മാത്രമെന്ന്
നീ വിശ്വസിക്കാതിരിക്കുക ‘
നിന്നെ, മനസ്സിലാക്കുന്ന,
നിന്നോട് അലിവു തോന്നുന്ന
നല്ല ഒരു മനുഷ്യനെ യെങ്കിലും
ജീവിതത്തിൽ കണ്ട് മുട്ടാനിടവരട്ടെ.

ആദിത്യൻ ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല
ഞാനും
കുന്ദംകളുത്തു നിന്നും മറ്റൊരു അസൈന്റ്മെന്റ് ചിത്രമെടുത്തു
മടങ്ങുന്നതിനിടെ റോഡരികിൽ
ഫയർ ഫോഴ്സിനെയും ആൾക്കൂട്ടവും
കണ്ട് വീടിനു തീ പിടിച്ചുവെന്ന്
തെറ്റിദ്ധരിച്ച് ഇറങ്ങി ഓടിയതാണ് ഞാൻ ‘

അവിടെ ചെന്നപ്പോഴാണ്
പതിനേഴും പത്തും പന്ത്രണ്ടും വയസ്സുള്ള
മൂന്ന് കുട്ടികൾ ചേർന്ന് വീടിന്റെ ജപ്തി
നടപടികൾ ചെറുക്കുകയാണേന്ന്
മനസിലായത്.

അടഞ്ഞുകിടന്ന ജനാലയിലെ കർട്ടൻ മാറ്റി ഇരുകൈകളും കൂപ്പി ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാമോ ഞങ്ങളെ ചതിച്ചതല്ലേ
ഞങ്ങൾക്ക് ജീവിക്കണ്ടേ
എന്ന പത്ത് വയസ്സുകാരന്റെ ചോദ്യം
ആ പോലീസുകാരന്റെയടക്കം കണ്ണു നനച്ചു.

കതക് ബലമായി പൊളിച്ച്
പോലീസും ഫയർഫോഴ്‌സും
അകത്തു കടക്കുമ്പോഴും
അതുങ്ങൾക്ക് ഒരു പോറലു പോലുമേൽക്കരുതേ എന്നാരുന്നു
പ്രാർത്ഥന.

വലിയ വായിൽ നിലവിളിക്കാനല്ലാതെ മറ്റൊന്നിനും അവർക്കാകുമായിരുന്നില്ല.

പോലീസ് അനുനയിപ്പിച്ചെങ്കിലും
അവരവിടെ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല.

ഒടുവിൽ ബലമായി അവരെ അവിടെ നിന്നുമിറക്കി.

കടത്തിൻമേൽ ഒരു നോട്ടീസയക്കാൻ വാങ്ങിയ രണ്ട് രൂപ സ്റ്റാമ്പിന്റെയടക്കം
വിലയെഴുതി കണക്ക് കൂട്ടിവെച്ച
ബാങ്കുകാരാ

നിവൃത്തിയില്ലാതെ വന്നവന്റെ
ആധാരത്തിന്റെ വിലയിൽ കണ്ണ് മഞ്ഞളിച്ച്
ആധാരം കൈപ്പറ്റി അഞ്ചിരട്ടി പണം തട്ടിയ
ബ്ലേഡുകാരാ

ആ ,പത്തു വയസ്സുകാരന്റെ കൈയ്യിലേക്ക്
ഒന്നു നോക്ക്.

ഒരു മഞ്ഞ കുഞ്ഞിക്കിളിയേക്കണ്ടോ.?

വീട് നഷ്ടപ്പെടുമ്പോൾ കൂട് നഷ്ടമാവുന്ന ഒരു കിളിയെ അവൻ ചേർത്ത് പിടിച്ചിട്ടുണ്ട്

ഒരു സഹജീവിയോടുള്ള കരുതൽ

ലാഭവും നഷ്ടവും കണക്കുകൂട്ടൽ മാത്രമല്ല ടോ, ജീവിതം’

തട്ടിപ്പറിച്ചെടുക്കുമ്പോൾ മാത്രമല്ല
ചിലത് വിട്ടുകൊടുക്കുന്നത് കൂടിയാണ്
ജീവിത മൂല്യങ്ങൾ നിർണയിക്കുക.

ആദിത്യൻ മോനെ മാപ്പ്

നിനക്ക് പത്ത് വയസേഒള്ളു
ഈ കനൽ ചവിട്ടി നിനക്ക് ഉയരാനാവട്ടെ.

നിന്നിൽ നിന്ന് തട്ടിപ്പറിച്ചെടുത്തതിലുമേറെ
നിനക്ക് അധ്വാനിച്ച് നേടാനാവട്ടെ.