കൂടത്തായി കൂട്ടക്കൊല: സിലിയുടെ കൊലപാതകത്തിലും ജോളിയെ അറസ്റ്റ് ചെയ്‌തേക്കും

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്‌തേക്കും. ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. താമരശ്ശേരി പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്നാണ് അവസാനിക്കുന്നത്. ഇവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നും ചോദ്യം ചെയ്യും. മൂന്നു പേരുടെയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.