പാൻപരാഗ്, തമ്പാക്ക്, കഞ്ചാവ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ ഇവ ആചാര ലംഘനമല്ല: തന്ത്രി

പാൻപരാഗ്, തമ്പാക്ക്, കഞ്ചാവ്, മറ്റ് പുകയില ഉൽപ്പന്നങ്ങൾ ഇവയുടെ ഉപയോഗം ആചാര ലംഘനമല്ലെന്നും അവ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും അവ ഉപയോഗിച്ചു എന്നുകരുതി ഒരു ആചാരസംരക്ഷകൻ ആചാരസംരക്ഷകൻ അല്ലാതാകുന്നില്ലെന്ന് തന്ത്രി. ഇത് എതിർ വിഭാഗം ആചാര സംരക്ഷകരുടെ ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള അജ്ഞതയിൽ നിന്നോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ഉദ്ദേശ ലക്ഷ്യങ്ങളോടെയോ ഉള്ള ദുഷ്പ്രചാരണങ്ങൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ആചാരസംരക്ഷകരും ഇങ്ങനെ പരസ്പരം ദുരാരോപണങ്ങൾ ഉന്നയിക്കാതെ ഒത്തൊരുമയോടെ സ്വധർമ്മങ്ങൾ അനുഷ്ഠിച്ച് അടുത്ത ജന്മം ബ്രാഹ്മണാണനായി ജനിച്ച് സുരേഷ്‌ഗോപി എംപി യെപ്പോലെ ശബരിമല താന്ത്രിയാകാൻ വേണ്ടിയാണ് യത്നിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രമുഖ ആചാര സംരക്ഷകനും കോന്നിയിലെ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രനെതിരെ എതിർവിഭാഗം ആചാരസംരക്ഷകർ സോഷ്യൽമീഡിയയിൽ അദ്ദേഹം ശബരിമല കാനന പാതയിൽ പാറപ്പുറത്തിരുന്ന് തമ്പാക്ക് വെയ്ക്കുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ട് ആചാരലംഘനം നടത്തി എന്ന രീതിയിൽ ദുഷ്പ്രചരണം നടത്തുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ഐതീഹ്യവുമായി ബന്ധപ്പെട്ട കഥകളിൽ കൊച്ചു കടുത്ത സ്വാമിക്കും വലിയ കടുത്ത സ്വാമിയ്ക്കുമൊക്കെ കഞ്ചാവ് നിവേദ്യം പോലുമാണെന്ന് വിസ്മരിച്ചുകൊണ്ടാണ് ഇവർ വെറും ഹാൻസ് ഉം പൊക്കിപ്പിടിച്ച് ആചാര ലംഘനം ആരോപിക്കുന്നത്.പണ്ടുമുതൽക്ക് തന്നെ ശബരിമലയിലേക്കുള്ള ഇരുമുടിക്കെട്ടിൽ ബീഡിയും സിഗററ്റും മുറുക്കാനും മൂക്കിപ്പൊടിയും തമ്പാക്കും കഞ്ചാവുമൊക്കെ അനുവദനീയമാണെന്നും തിരിച്ചുപോകുമ്പോൾ ചാരായവും അനുവദനീയമാണെന്നും അത് ആചാരപരമാണെന്നും ആർത്തവമുള്ള സ്ത്രീകൾ ആചാരം ലംഘിക്കുന്നതിനെ ഇതുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ഹിന്ദുമതത്തിൻറെ ആചാരങ്ങളെക്കുറിച്ചാണ് ഇതുവരെ സംസാരിച്ചതെന്നും എന്നാൽ ഡിങ്കമത ആചാരപ്രകാരം ഒരു വ്യക്തി എന്താണ് തിന്നേണ്ടതെന്ന് തീരുമാനിക്കേണ്ടത് ആ വ്യക്തിയാണ് എന്നും തന്ത്രികൾ കൂട്ടിച്ചേർത്തു. മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാംസം കഴിക്കട്ടെ, മത്തന്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മത്തന്‍ കഴിക്കട്ടെ, ഉള്ളി തിന്നാൻ ആഗ്രഹിക്കുന്നവർ ഉള്ളി തിന്നട്ടെ, ബീഫ് തിന്നാൻ ആഗ്രഹിക്കുന്നവർ ബീഫ് തിന്നട്ടെ, പാൻ പരാഗോ ഹാൻസോ ശംഭുവോ തിന്നാൻ ആഗ്രഹിക്കുന്നവർ അതും തിന്നട്ടെ. ഇതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല എന്ന് പ്രമുഖ ഡിങ്ക മത തന്ത്രികൾ ബ്രഹ്മ ശ്രീ. കണ്ഠരര് മൂഷികരര് ശ്രേയസരര് വ്യക്തമാക്കി.പങ്കിലക്കാട്ടിലെ ഉള്ളിലെ പാറപ്പുറം ഹാളിൽ “വിവിധ മതങ്ങളും  ആചാരങ്ങളും അനാചാരങ്ങളും ഡിങ്കമതവും” എന്നവിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭക്ഷണ പൂജാ കാര്യങ്ങളിൽ ഇതരമതങ്ങൾ പുലർത്താറുള്ള നിഷ്കുകൾ ഡിങ്കമതത്തിന് നിർബന്ധമില്ല എന്ന പങ്കിലക്കാട്ടിലെ മറ്റൊരു ഡിങ്കമത തന്ത്രികൾ ബ്രഹ്മ ശ്രീ. കണ്ഠരര് മൂഷികര് ഫിലിപ്പരര് നിന്തിരുവടികളുടെ ബാലമംഗള വ്യാഖ്യാനത്തിൽ പറയുന്ന കാര്യങ്ങളോട് താനും പൂർണ്ണമായും യോജിക്കുന്നു എന്നും ബ്രഹ്മ ശ്രീ കണ്ഠരര് മൂഷികരര് ശ്രേയസരര് വ്യക്തമാക്കി.

” ഭക്ഷണോ നവർജ്യ മുദ്ദചൃ
കപ്പയോ മീനോബോട്ടി
ന: വിഷആഹാരമാച”
(വി. ബാ: മ8:36)

റേഷൻ ചാക്കരി മുതൽ കപ്പയും ബോട്ടിയും ഉണക്കമീനും വരെ എന്തും നിവേദ്യമായി സ്വീകരിക്കുകയും ആഹാരമാക്കുകയും ചെയ്യുന്ന ഏക ഭഗവാൻ ഡിങ്കൻമാത്രമാണെന്നിരിക്കെ ഡിങ്ക ഭക്തർക്കും വിഷം അടക്കം എന്തും കഴിക്കാം എന്ന് ബാലമംഗളം പറയുന്നു

” കഴിക്കാം വിഷവും തെല്ലും
കൊടുക്കരുതപരന്നെഹനിപ്പാൻ “
(വി ബാ: മ6:34)

എലിവിഷം കഴിച്ചു മരിക്കുന്നതിനെ ഭഗവാൻ എതിർക്കുന്നില്ല മറിച്ച് എലിവിഷം അപരനെ അപായപ്പെടുത്തുവാൻ ഉപയോഗപ്പെടുത്തുന്നതിനെ ഡിങ്ക ഭഗവാൻ വിമർശിക്കുന്നു (വി: ബാ: മ 13:26)

ആയതിനാൽ സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു മനുഷ്യജീവിതം ക്ഷണികമാണ് കൊതിയുള്ളതെല്ലാം വാങ്ങിച്ചു തിന്നുകൊള്ളുക.ദൈവത്തെപ്പേടിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ ദൈവം പോലും വെറുതെ വിടില്ല എന്നും ബ്രഹ്മ ശ്രീ കണ്ഠരര് മൂഷികരര് ശ്രേയസരര് കൂട്ടിച്ചേർത്തു.