മതവും സ്ത്രീകളുടെ മൗലീകാവകാശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ നടക്കുന്നത്: സുഹാസിനി രാജ്

ഉത്തരേന്ത്യയിലെ ഫാസിസത്തെ നോക്കി വായുംപൊളിച്ചിരിക്കുകയും കേരളം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ആക്രമണത്തിന് നേരെ ‘സ്വയം തടി രക്ഷാർത്ഥം’ മൗനം പാലിക്കുകയും ചെയ്ത കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധരും സ്ത്രീവിമോചകരും ഓർക്കുന്നുണ്ടോ എന്നറിയില്ല പക്ഷേ സുഹാസിനി രാജ് ഒന്നും മറന്നിട്ടില്ല.

മതവും സ്ത്രീകളുടെ മൗലീകാവകാശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ നടക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയും ആൾക്കൂട്ടങ്ങളാൽ ആക്രമിക്കപ്പെടുകയുമാണ്. മലയാളികളിൽനിന്നും കേരളീയരിൽനിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല. നേരിടേണ്ടിവന്നത് ക്രൂരമായ അസഭ്യങ്ങളും ആക്രമണങ്ങളും പിന്നീട് സൈബർ ആക്രമണങ്ങളുമാണെന്ന് കഴിഞ്ഞ വർഷം ഇന്നേദിവസം ശബരിമലയിൽ റിപ്പോർട്ടിങ്ങിനെത്തിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനിരാജ്.

ശബരിമലയിൽ റിപ്പോർട്ടിങ്ങിനായി മലകയറിയ സമയം അവിടെ തമ്പടിച്ചിട്ടുള്ള സംഘപരിവാർ പ്രവർത്തകരിൽനിന്നും വളരെ ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്.ജോലിയുടെ ഭാഗമായാണ് അവിടെ എത്തിയതെങ്കിലും ക്രൂരമായ അതിക്രമമാണ് എനിക്ക് നേരെ ഉണ്ടായത്. ശാരീരികമായി ആക്രമിക്കുകയും അസഭ്യങ്ങൾ വിളിക്കുകയും ചെയ്തു. പിന്നീട് മാസങ്ങളോളം സൈബർ ആക്രമണങ്ങൾ നേരിട്ടു. അന്ധവിശ്വാസത്തെ സംരക്ഷിക്കാൻ സുപ്രീംകോടതി വിധിപോലും അംഗീകരിക്കാതെ ഒരുകൂട്ടം സംഘപരിവാർ പ്രവർത്തകർ മൗലീകാവകാശങ്ങളെ പോലും ഘനിക്കുകയാണ്. പോലീസും ഭരണകൂടവും പൊതുസമൂഹവും കാഴ്ച കാണുന്നതായാണ് കണ്ടത്.

വേദനയോടെയാണ് ശബരിമല കയറാൻ സാധിക്കാതെ തിരിച്ചു പോന്നത്.മതവികാരം വൃണപ്പെടുന്നു എന്നുപറയുമ്പോൾ ഇല്ലാതാകുന്നതല്ല ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലീകാവകാശങ്ങൾ. അത് സംരക്ഷിക്കപ്പെടണമെന്നും സുഹാസിനിരാജ് വ്യക്തമാക്കി. ഏതെങ്കിലും ഒന്നോരണ്ടോ സ്ത്രീകൾ റിസ്ക് എടുത്ത് കയറിയതുകൊണ്ട് കാര്യമില്ല. മൗലീകാവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.

കഴിഞ്ഞവർഷം ഇന്നേദിവസം ഒക്ടോബർ 18 ന് പൊലീസ് സംരക്ഷണത്തോടെ മല കയറിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടറായ സുഹാസിനിരാജ് ശൂദ്രലഹളക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തക എന്ന പേരിൽ പേരെടുത്ത സുഹാസിനി രാജ് ലക്ന്വ സ്വദേശിയാണ്. ഇന്ത്യൻ പാർലമെന്റിനെ വിറപ്പിച്ച ഒരു ചരിത്രമുണ്ട് ദില്ലിയിലെ ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തകയ്ക്ക്.

ഏറെ ശ്രദ്ധനേടിയ അന്വേഷണാത്മക റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമ പ്രവർത്തക എന്ന നിലയിൽ ഇവരെ ഉയര്‍ത്തിയത്.ഇപ്പോൾ ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ദില്ലിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുന്നു ഇവര്‍. 2005 ൽ ആജ് തക്കിൽ സംപ്രേഷണം ചെയ്ത ഓപ്പറേഷൻ ദുരിയോധനയാണ് സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്ന്. എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷൻ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി.

2005 ഡിസംബർ 23നായിരുന്നു വിവാദമായ ഓപ്പറേഷൻ ദുര്യോധനയിലൂടെ പാർലമെന്റ് അംഗങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നത്. ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയ 11 എംപിമാരെ പാർലമെന്റ് പുറത്താക്കുകയായിരുന്നു. ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി. ‘ഓപ്പറേഷൻ ദുര്യോധന’ എന്ന പേരിൽ കോബ്ര പോസ്‌റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാർ കുരുങ്ങിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

ഉത്തരേന്ത്യൻ ചെറുകിട ഉത്പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പോസ്‌റ്റ് ഡോട്ട് കോംമാധ്യമ പ്രവർത്തകരിൽ നിന്നാണ്  എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പ് രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു. എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥയും സുഹാസിനി പുറത്തുകൊണ്ടുവന്നു. അഴിമതി നടത്തിയ ഒരു ക്രിസ്ത്യൻചാരിറ്റി സംഘടന പൂട്ടിക്കെട്ടിച്ചതും സുഹാസിനിയുടെ അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു.

എന്നാൽ, ശബരിമല സന്നിധാനത്ത് എത്താനുള്ള സുഹാസിനിയുടെ നീക്കം പൂർത്തിയാക്കാതെ പാതിവഴിയില്‍ ഉപേഷിച്ച് മടങ്ങേണ്ടി വരുകയായിരുന്നു. സുഹാസിനിയുടെ മലകയറ്റത്തോടെ നാടകീയ സംഭവങ്ങള്‍ക്കാണ് പമ്പയും ശബരിപാതയും സാക്ഷ്യം വഹിച്ചത്. രാവിലെ മാധ്യമങ്ങളുടെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ അപ്രതീക്ഷിതമായാണ് വിദേശ സഹപ്രവർത്തകനൊപ്പം ഒരു സ്ത്രീ നീലിമല കയറുന്ന ദൃശ്യങ്ങള്‍ ചാനല്‍ ക്യാമറയില്‍ പതിഞ്ഞത്.  ആ സ്ത്രീയെ പിന്തുടര്‍ന്ന് സന്നിദ്ധാനത്തേക്ക് നീങ്ങിയ മാധ്യമപ്രവര്‍ത്തകർ ന്യൂയോര്‍ക്ക് ടൈംസിലെ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണെന്ന് വ്യക്തമായി. അതോടെ പൊലീസുകാര്‍ സുരക്ഷയൊരുക്കി ചുറ്റുംകൂടി. സഹപ്രവര്‍ത്തകന്‍ കയ് ഷാള്‍ട്ട്സിനൊപ്പമായിരുന്നു സുഹാസിനി രാജിന്‍റെ യാത്ര.

മരക്കൂട്ടത്തിനടുത്ത് എത്തിയതോടെ ശൂദ്രലഹളക്കാർ വളഞ്ഞെങ്കിലും തിരച്ചറിയല്‍ രേഖ ഉയര്‍ത്തികാട്ടി പൊലീസ് അകമ്പടിയില്‍ മുന്നോട്ട് നീങ്ങി. എന്നാല്‍ അപ്പാച്ചിമേടിനടുത്തേക്ക് നീങ്ങിയതോടെ നാല്‍പതോളം ലഹളക്കാര്‍ കൂട്ടമായി മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. തുടര്‍ച്ചയായ ശരണം വിളികളും അസഭ്യവര്‍ഷവും ചൊരിഞ്ഞ് പ്രതിഷേധക്കാര്‍ പാത ഉപരോധിച്ചു. തീര്‍ത്ഥാടകയല്ല, മാധ്യമപ്രവര്‍ത്തകയാണെന്ന് ആവര്‍ത്തിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. സംഘര്‍ഷം കനത്തതോടെ സുഹാസിനി രാജ് പൊലീസ് നിർദ്ദേശ പ്രകാരം പിന്മാറുകയായിരുന്നു.