നന്മ മരങ്ങൾ എന്നുമുതലാണ് വ്യാപകമായി കിളിർത്തു തുടങ്ങിയത്?

ലിബി. സി.എസ്

എന്ത് തീരുമാനത്തിനു മെറിറ്റും ഡീ മെറിറ്റും ഉണ്ടാകുമല്ലോ? അതിൽ താരതമ്യേന ഡീ മെറിറ്റ് കുറഞ്ഞവയാണ് നാം സ്വീകരിക്കാറ്. മോദിയുടെ നോട്ട് നിരോധനത്തിൻറെയും സാമ്പത്തീക പരിഷ്കാരങ്ങളുടെയും റിട്ടേൺ എന്തായാലും അതിൽ ആദ്യം മുതൽ ഞാൻ കണ്ട ഒരു മെറിറ്റ് കുറെയൊക്കെ എൻജിഒകളുടെ ഫണ്ടിങ്ങിന് കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. ബിജെപിക്ക് ചിലപ്പോൾ അതിൽ മതപരമായ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതൊരു വാസ്തവമാണെന്ന് ആ മേഖലയിലുള്ളവർക്ക് അറിയാം.

ഞങ്ങളുടെ വീടിന് തൊട്ടയൽവക്കത്ത് തന്നെ അതിന് ശേഷം സമയത്തു സാലറിയും റൂം റെന്റും കിട്ടായ്കയാൽ ദൈവ വേല ഉപേക്ഷിച്ച രണ്ട് വേദപുസ്തക തൊഴിലാളികളായ പാസ്റ്റർമാരെ എനിക്കറിയാം. ചില ജില്ലകളിലെല്ലാം വേദപുസ്തക തൊഴിലാളികളെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.ട്യൂട്ടോറിയൽ കോളേജുപോലെ മുഴുവൻ സമയ വേദപുസ്തക തൊഴിലാളികളെ സൃഷ്ടിക്കുന്ന ബൈബിൾ കോളേജുകളും മുളച്ചു പൊങ്ങിയിരുന്നു. പലതിന്റെയും സ്‌പോൺസർമാർ വിദേശികളായിരുന്നു. ഇപ്പോൾ അവയിൽ പലതും പൂട്ടിക്കെട്ടി. മത എൻജിഒകൾക്കു മാത്രമല്ല സകല എൻജിഒകളും ഫണ്ടിങ് പ്രതിസന്ധി നേരിടുന്നുണ്ട്. എങ്കിലുംചിലരൊക്കെ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നുണ്ട്.

അക്കൂട്ടത്തിൽ നോട്ട് നിരോധനത്തോടെ മുളച്ചുപൊങ്ങിയ ചില പ്രത്യേക തരം മരങ്ങളാണ് ഈ നൻമ മരങ്ങൾ. അത് കേവലം സ്ത്രീകളെ അപമാനിച്ച ഒരു വിഷയം മാത്രമായി ലഘൂകരിച്ചു കാണേണ്ടതല്ല. എല്ലാ ചാരിറ്റി പ്രവർത്തകരുടെയും രീതിയും സംസ്കാരവും അതൊക്കെത്തന്നെയാണ്. അവർ ആർക്കൊക്കെയോ ഔദാര്യം ചെയ്യുന്നു വാങ്ങുന്നവനും പൊതുസമൂഹവും ഇതൊക്കെ കേൾക്കേണ്ടവരും തങ്ങൾ ഇവരെയൊക്കെ നന്നാക്കാൻ ഇറങ്ങിയിരിക്കുന്നവർ എന്ന മനോഭാവവുമാണ് ചാരിറ്റി പ്രവർത്തനത്തിന്റെ സംസ്കാരം. അവർ ഒരിക്കലും താങ്കളെപ്പോലെ ഇതിനെല്ലാം അവകാശമുള്ളവരാണ് മറ്റുള്ളവർ എന്നും അവർ ആരുടേയും ഔദാര്യത്തിന് കൈനീട്ടേണ്ടവർ അല്ലെന്നും ചിന്തിക്കുന്നവർ അല്ല. അവർക്ക് ഒരു ക്ലയന്റ് മാത്രമാണവർ. കൂടുതൽ ക്ലയന്റുകൾ ഉണ്ടാകേണ്ടത് അവരുടെ ആവശ്യവുമാണ്. ഗവൺമെൻറ് സംവിധാനമല്ല നോൺ ഗവണ്മെന്റ് ഓർഗനൈസേഷനുകളെയാണ് (എൻജിഒ) ഉദ്ദേശിച്ചത്. ചാരിറ്റബിൾ പ്രവർത്തനം ഈ പ്രശ്നങ്ങൾക്ക് ഒരുപരിഹാരവുമല്ല. സർക്കാർ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറാൻ ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതാണ്.

ആദ്യത്തെ പ്രളയനാന്തരം ഉണ്ടാകാൻ പോകുന്ന എൻജിഒ ദുരന്തത്തെ കുറിച്ച് മുരളി തൊമ്മാരക്കുടി അന്ന് എഴുതിയിരുന്നു. അത് വളർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പത്തു പൈസകൊടുക്കരുത് മറ്റാർക്കോ ആണ് കൊടുക്കേണ്ടത് എന്നതരത്തിലേക്ക് വരെ പ്രചാരണങ്ങൾ എത്തി.കൃത്യമായ ഓഡിറ്റിങ് ഉള്ള മുഖ്യമന്ത്രിയുടെ റിലീഫ് ഫണ്ടോ സാമൂഹ്യസുരക്ഷാ മിഷനോ ഒന്നുമല്ല ഇത്തരം എൻജിഒ കളും നന്മമരങ്ങളുമാണ് വേണ്ടതെന്ന അവബോധത്തിലേക്ക് ജനങ്ങളെ എത്തിക്കുന്ന അരാഷ്‌ട്രീയവാദത്തിന്റെ രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നത്.എൻജിഒകൾക്ക് കണക്കെങ്കിലും ഉണ്ടാകും നിശ്ചിത കമ്മീഷൻ അനുവദനീയവുമാണല്ലോ? നന്മമരങ്ങൾക്ക് അതും ഇല്ല. ഇതെല്ലാമറിയാമെങ്കിലും എല്ലാവരും മൗനം പാലിക്കുന്നത്. ഇന്ന് 10 പേരെടുത്തൽ അതിൽ ഒരാളെങ്കിലും സ്വന്തമായി എൻജിഒ ഉണ്ടാക്കി നാലുവർഷം കഴിയുമ്പോൾ ഫണ്ട് വരുമെന്ന വൃഥാ വ്യാമോഹവുമായി കഴിയുന്നവരാണെന്നതാണ് വാസ്തവം.

മോദിയുടെ സാമ്പത്തീക പരിഷ്കാരങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ കള്ളപ്പണ മാഫിയയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഒരു നന്മ മരം തന്നെ സ്വയം അവകാശപ്പെടുന്നുണ്ട് അയാൾ 200 കോടി രൂപ പലർക്കായി നൽകിയെന്ന്.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ സംസ്ഥാന സർക്കാരിനുപോലും വിദേശ ഫണ്ട് സ്വീകരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ കേന്ദ്ര അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണ്. എഫ്‌സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്.200 കോടി രൂപ ഒരു നന്മ മരത്തിലൂടെമാത്രം കേരളത്തിലേക്ക് വരികയും (ഇതുപോലെ നിരവധി നന്മമരക്കച്ചവടക്കാർ വേറെയുമുണ്ട്). ഇത്ര നിസ്സാരമായി, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ, അത് കൈകാര്യം ചെയ്യപ്പെടുന്നുമുണ്ടെങ്കില്‍ അത് ദേശവിരുദ്ധമാണ് സർക്കാർ എത്രയുംവേഗം നടപടി സ്വീകരിക്കേണ്ടതുമാണ്. ഇതിനുപിന്നിലെ സാമ്പത്തീക ഇടപാടുകളെ കുറിച്ച് കേന്ദ്ര ഇന്റലിജന്റ്‌സ് അന്വേഷിക്കേണ്ടതാണ്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നു പറയുമ്പോൾത്തന്നെ ഹാലിളകുന്നതിൽ എന്തോ പന്തികേടുണ്ടെന്ന് വ്യക്തമല്ലേ? കള്ളത്തരമില്ലെങ്കിൽ അന്വേഷണം നടത്തിയാൽ എന്ത് സംഭവിക്കാനാണ്?

ഈ സമാന്തര പണമൊഴുക്ക് രാജ്യത്തിനും ജനാധിപത്യത്തിനും വലിയ അപകടമാണ്. എനിക്ക് തന്നെ ശബരിമല വിഷയത്തിന് ഒരു വർഷം മുൻപ് രണ്ടുതവണ ഫണ്ട് ഓഫർ ചെയ്തു.(ന്യൂസ്‌ഗിൽ നൻറെ പ്രവർത്തനത്തിന് മാസം25000 രൂപയും ഓഫീസും ഓഫർചെയ്തിരുന്നു.മാധ്യമരംഗത്തും ഫണ്ട് ഇറക്കുന്ന ചില എൻജിഒ കൾ ഉണ്ട്. നന്മമരങ്ങളും ഉണ്ടോ എന്നറിയില്ല) അതേ ആളുകൾ ശബരിമല വിഷയത്തിന് ശേഷവും ഒരുതവണ സമീപിച്ചിരുന്നു. ഞാൻ അത് നിരാകരിക്കുകയായിരുന്നു. എന്നാൽ നമുക്ക് അത് ഒഴിവാക്കിയാൽ സുഹൃത്തുക്കൾക്ക് സഹായിക്കാവുന്നതിന് പരിമിതികൾ ഉണ്ടല്ലോ,അതിന്റേതായ സാമ്പത്തീകപ്രശ്നങ്ങൾ കേസുകളെയൊക്കെ ബാധിക്കുകയും ചെയ്യും.

എന്തെങ്കിലും ഒരു പൊതു താത്പര്യവിഷയത്തിൽ പോലും ഒരു കേസുനടത്താൻ ഉണ്ടാകുന്ന ഫണ്ട് പ്രതിസന്ധി ആ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ളവർക്ക് മനസിലാകും. സാമൂഹ്യ പ്രതിപത്തിയുണ്ടെന്ന് നാം കരുതുന്ന ഒരു വക്കീലും നമ്മളെ സഹായിക്കുമെന്നും കരുതേണ്ട. ഞാനും സുമനൻ സാറും കൂടി വളരെയേറെ സോഷ്യൽമീഡിയയിൽ കിടന്ന് ചിലരെല്ലാം ഒച്ചപ്പാടുണ്ടാക്കിയ രണ്ട് കേസുകൾക്കായി കോടതിയെ സമീപിച്ചിരുന്നു. നമ്മളെ ഹെൽപ്പ് ചെയ്യാനുള്ള മനോഭാവത്തിൽ പലതവണ കോൺടാക്റ്റ് ചെയ്യുകയെങ്കിലും ചെയ്തത് നമ്മൾ സ്ത്രീവിരുദ്ധനായി കരുതുന്ന ആളൂരിന്റെ ഓഫീസിൽനിന്നാണ് എന്നതാണ് സത്യം. ഫെമിനിസ്റ്റുകളായി അവതരിക്കാറുള്ള വക്കീലന്മാരായ പലമഹാന്മാരോടും മഹതികളോടും ഈ വിഷയം സംസാരിച്ചിട്ടും വ്യക്തിബന്ധങ്ങളൊക്കെ പറഞ്ഞു ഒഴിക്കുകയായിരുന്നു. ആളൂരിന്റെ ജൂനിയർ ഇങ്ങോട്ട് വിളിച്ച് ലിബിയുടെ വ്യക്തിപരമായ കാര്യമല്ലല്ലോ സൗജന്യ നിയമസഹായം നൽകാമെന്ന് ഓഫർ ചെയ്തിരുന്നു എങ്കിലും ഞങ്ങൾ ഇവിടുന്നുതന്നെ സ്വന്തം പൈസമുടക്കി വക്കീലിനെ വെയ്ക്കുകയായിരുന്നു. ഞാൻ ഇതുപറഞ്ഞതു ഇതുപോലുള്ള അനുഭവങ്ങൾ നിരവധിപേർക്ക് ഉണ്ടായിക്കാണും എന്നാൽ

ഇതിനു അടുത്ത ദിവസങ്ങളിൽ എൻറെ സുഹൃത്തുക്കൾക്ക് തന്നെയുണ്ടായ തികച്ചും വ്യക്തിപരമായ രണ്ടു സംഭവങ്ങളിൽ വാദിയും പ്രതിയുമായ കേസുകളിൽ കേസൊതുക്കാൻ എതിർകക്ഷിക്ക് കൈക്കൂലിയെന്നോ പ്രതിഫലമെന്നോ ഒക്കെപറയാവുന്ന രീതിയിൽ 5 ലക്ഷം രൂപ കളക്റ്റ് ചെയ്യാൻ മതത്തിൻറെ പേരിലാണ് കേസുണ്ടായതെന്ന തരത്തിൽ ചിത്രീകരിക്കുകയും അൽപ്പം മതത്തിൻറെ കഥകളും കൂടി ചേർത്തപ്പോൾ നിഷ്പ്രയാസം കഴിയുകയും കേസൊതുക്കാൻ കഴിഞ്ഞതും ഞാൻ കണ്ടതാണ്. തീർച്ചയായും വ്യക്തിപരമായ പോക്കിരിത്തരങ്ങൾക്ക് പോലും ഇത്തരത്തിൽ മതത്തിൻറെ ലേബൽ പ്രത്യക്ഷമായോ പരോക്ഷമായോ ഉപയോഗിച്ച് പണംപിരിക്കാൻ കഴിയുന്ന സംഘടനകൾ സമൂഹത്തിന് അപകടം തന്നെയാണ്.

പറയുമ്പോൾ വർഗ്ഗീയമായോ എന്തൊക്കെയോ ഫോബിയ ആയോ വ്യാഖ്യാനിക്കപ്പെടുമ്പോഴും ഇതൊരു വാസ്തവമായി അപകടകരമായി തന്നെ കേരളത്തിൽ വളരുകയാണ്. ഇത്തരത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ എന്തിനെല്ലാം ചെലവാക്കുന്നു എന്നുകണക്കിലാത്ത പണമൊഴുക്കിൽ ചില നന്മമരങ്ങൾ വിഷവൃക്ഷങ്ങളായി തഴച്ചുവളരുന്നത് യാതൊരു സംശയവും വേണ്ട ഭാവിയിൽ അപകടം തന്നെയാണ്. അതിനെ അസൂയയായോ , മതവിദ്വെഷമായോ ഒക്കെ ചിത്രീകരിച്ച് സൈബർ ആക്രമണങ്ങൾ നടത്തി ഭീഷണിപ്പെടുത്തുന്നതിൽ നിന്നുതന്നെ കള്ളത്തരത്തിൻറെ ഭീതി വെളിവാകുന്നില്ലേ?