അച്ഛനിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവിൻറെ മകൾ കോടതിയിൽ

ബിജെപിയുടെ മുന്‍ എംഎല്‍എയായ അച്ഛനില്‍ നിന്ന് സംരക്ഷണം തേടി മകള്‍ ഹൈക്കോടതിയില്‍. തന്നെ ഉപദ്രവിക്കുന്നുവെന്നും മറ്റൊരു രാഷ്ട്രീയക്കാരന്റെ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുന്നുവെന്നും കാണിച്ച്‌ 28കാരി മധ്യപ്രദേശ് ഹൈക്കോടതിയെയാണ് സമീപിച്ചത്.അച്ഛന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാനുളള ആഗ്രഹമാണ് കുടുംബത്തിന്റെ പ്രകോപനത്തിന് കാരണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

രണ്ടുദിവസം മുന്‍പ് തന്റെ മകളെ കാണാനില്ലെന്ന് പറഞ്ഞ് ബിജെപി നേതാവ് സുരേന്ദ്ര നാഥ് സിങ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛനെതിരെ മകള്‍ ഭാരതി സിങ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബെഞ്ച് മുന്‍പാകെ പരാതിയുമായി എത്തിയത്. താന്‍ മാനസികമായി അസ്ഥിരമാണെന്ന് തെളിയിക്കാന്‍ കുടുംബം വ്യാജ രേഖകള്‍ ചമച്ചതിന്റെ വീഡിയോ ഭാരതി സിങ് പുറത്തുവിട്ടു.

‘എനിക്ക് സമാധാനമാണ് വേണ്ടത്. അതുകൊണ്ടാണ് വീട് വിട്ടിറങ്ങിയത്. എനിക്ക് വീട്ടിലേക്ക് മടങ്ങി വരേണ്ട. ഞാന്‍ മാനസികമായി നല്ല നിലയിലാണ്. എന്റെ കുടുംബാംഗങ്ങള്‍ നിരന്തരമായി എന്നെ ഉപദ്രവിച്ചു. എനിക്ക് സമാധാനമായി ജീവിക്കണം’ – ഭാരതി സിങ് പുറത്തുവിട്ട വീഡിയോ ക്ലിപ്പില്‍ പറയുന്നു.

2018ല്‍ സമാനമായ പരാതി ഉന്നയിച്ച് വനിതാ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരുന്ന കുത്തിവെപ്പിക്കുകയുമായിരുന്നുവെന്നും സക്‌സേന ആരോപിക്കുന്നു. കൂടാതെ പൊലീസില്‍ സുരേന്ദ്ര നാഥ് സിങ്ങിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും സക്‌സേന ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങള്‍ എല്ലാം സുരേന്ദ്രനാഥ് സിങ് നിഷേധിച്ചു. മകള്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതായും കഴിഞ്ഞ ആറുവര്‍ഷമായി ചികിത്സയിലായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിന് മുന്‍പും മകള്‍ വീട് വിട്ടിറങ്ങിയിട്ടുണ്ടെന്നും സിങ് പറഞ്ഞു.