സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ജാവലിൻ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായ മേലുകാവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകൻ അഫീൽ ജോൺസൺ ആണ് മരിച്ചത്. അൽപ സമയം മുമ്പാണ് വിദ്യാർത്ഥിയുടെ മരണം സ്ഥിരീകരിച്ചത്.

ഒക്ടോബർ നാലിനാണ് പരിക്കേറ്റത്. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അടുത്തടുത്തായി ഒരേ സമയം നടത്തിയ ജാവലിൻ -ഹാമർ ത്രോ മത്സരങ്ങൾക്കിടെ,​ ഹാമർ തലയിൽ പതിച്ചാണ് പ്ളസ് വൺ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്. മത്സരാർത്ഥി എറിഞ്ഞ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്ക് അഫീൽ നീങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോ മത്സരവും നടക്കുകയായിരുന്നു. മൂന്നു കിലോയുള്ള ഹാമർ 35 മീറ്റർ അകലെ നിന്ന് അഫീലിന്റെ ഇടതു കണ്ണിന്റെ മുകൾ ഭാഗത്ത് നെറ്റിയിൽ പതിച്ചു. ഹാമർ പറന്ന് വരുന്നത് കണ്ടെങ്കിലും അഫീലിന് ഒഴിഞ്ഞ് മാറാനായില്ല.

ബോധംകെട്ട് കമിഴ്ന്ന് വീണ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മികച്ച ഫുട്ബാൾ താരമായ അഫീലിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് സെലക്‌ഷൻ ലഭിച്ചിരുന്നു.