രണ്ട് ന്യൂനമര്‍ദ്ദങ്ങൾ: അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴ

ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ജനം വലയുന്നതിനിടെ ആശങ്കയേറ്റി അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടിലും രണ്ട് ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കേരളത്തില്‍ വലിയ മഴക്ക് കാരണമാകുക. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിടലകടക്കം ഇന്ന് ഉച്ചക്ക് ശേഷം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

എറണാകുളം അടക്കം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ജനം പുറത്തിറങ്ങുന്നില്ല. പല പോളിംഗ് ബൂത്തുകളിലും വെള്ളം കയറി. എറണാകുളത്തെ അയ്യപ്പന്‍കാവില്‍ വോട്ടെടുപ്പ് തുടങ്ങി നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 200 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഇവിടത്തെ പോളിംഗ് ബൂത്ത് നില്‍ക്കുന്ന സ്‌കൂളില്‍ വെള്ളം കയറിയതാനാല് പോളിംഗ് സ്‌റ്റേഷന്‍ മുകളിലത്തെ നിലയിലേക്ക മാറ്റി. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. കൊച്ചി നഗരത്തില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെട്ടു. എം ജി റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതിവിതരണം തടസപ്പെട്ടു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളംകയറിയതിനാല്‍ ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) രണ്ട് മണിക്കൂറോളം വൈകി ഉച്ചക്ക് ഒരു മണിക്ക് മാത്രമേ യാത്രതിരിക്കുകയുള്ളൂ. എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) രാവിലെ 11.30ന് പുറപ്പെടും.

ഇടുക്കി കല്ലാര്‍ക്കുട്ടി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ആറ് ഇഞ്ച് ഉയര്‍ത്തി. നെടുമ്പാശേരി വിമാനത്താവളത്തെ മഴ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണ്. സര്‍വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യമില്ല. ദുരന്ത നിവാരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനും മറ്റുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് ശേഷം അവലോകന യോഗം ചേരും.

മൂന്ന് ജില്ലകളില്‍ ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയെ തുടരുമെന്നമുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവക്കും അവധി ബാധകമാണ്. തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉച്ചക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി.

കനത്ത മഴ മൂലം ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകള്‍ ഉച്ചയ്ക്ക് 2.30 ന് അവസാനിപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. തന്മൂലം അധ്യയന സമയം നഷ്ടമാകാതെയിരിക്കുന്നതിനായി അധ്യയന സമയം അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികള്‍ പുനഃക്രമീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ യൂണിവേഴ്‌സിറ്റി/ബോര്‍ഡ് പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

തുലാവര്‍ഷത്തോടനുബന്ധിച്ച് ശക്തമായ മഴ പ്രവചിക്കപ്പെടുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ അംഗനവാടികള്‍ക്കും സി ബി എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയന മണിക്കൂറുകള്‍ തുടര്‍ന്നുള്ള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.