ശബരിമല സ്ത്രീപ്രവേശന മുന്നേറ്റവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തെരുവിൽ വേട്ടയാടപ്പെട്ട ബിന്ദു തങ്കം കല്യാണി എത്തിയത് ഇന്ന്

2018 ഒക്ടോബർ 22 ന് ആയിരുന്നു ശബരിമല പ്രവേശനം എന്ന ലക്ഷ്യത്തോടെ കോട്ടയം കറുകച്ചാൽ സ്വദേശിയും ഹയർ സെക്കൻഡറി അദ്ധ്യാപികയുമായ ബിന്ദു തങ്കം കല്യാണി എന്ന ബിന്ദു ടി.വിയും ശബരിമലയിലെത്തിയത്. പക്ഷേ അയ്യപ്പഭക്തരെന്ന് അവകാശപ്പെടുന്ന ശൂദ്ര ആർത്തവലഹളക്കാരുടെ ആക്രമത്തെ തുടർന്ന് ബിന്ദുവിനും മടങ്ങേണ്ടി വന്നു. രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ബിന്ദു തങ്കം കല്യാണി മലകയറാൻ എത്തിയത്. ഇതിനായി ബിന്ദുവും സംഘവും പോലീസ് സംരക്ഷണവും തേടി.

എന്നാൽ ബിന്ദുവിന് ഇരുമുടിക്കെട്ട് ഉണ്ടായിരുന്നില്ലെന്നതിനാൽ സംരക്ഷണം നല്കാനാവില്ലെന്നായിരുന്നു പോലീസ് നിലപാട് എടുത്തത്. ബിന്ദു എരുമേലിയിൽ എത്തിയപ്പോൾത്തന്നെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് പൊലീസ് ഇവരെ മുണ്ടക്കയത്തേക്കും പിന്നീടു കണമലയിലേക്കും മാറ്റി. ഇവിടെയെല്ലാം ബിന്ദു തങ്കം കല്യാണിക്കെതിരെ സംഘപരിവാറിന്റെ പ്രതിഷേധവുമുണ്ടായി.

കണമലയിൽനിന്നു 3 പൊലീസുകാർക്കൊപ്പം പമ്പയിലേക്കുള്ള കെ.എസ്.ആർ. ടി സി ബസിൽ തിരികെ പോന്നെങ്കിലും വട്ടപ്പാറയിൽ 2 ബൈക്കുകളിലായെത്തിയ 4 പേർ ഇവരെ തടഞ്ഞിരുന്നു.അന്ന് കോഴിക്കോട് ചേവായൂർ ഹയർസെക്കണ്ടറി സ്കൂളിൽ അദ്ധ്യാപികയായിരുന്നു ദളിത് വിഭാഗത്തിൽപ്പെട്ട ബിന്ദു. ശബരിമലയിൽ നിന്നും മറ്റെല്ലാവരെയും പോലീസ് സംരക്ഷണയിലാണ് സുരക്ഷിതസ്ഥാനത്ത് എത്തിച്ചതെങ്കിൽ ബിന്ദുവിനും സുഹൃത്തുക്കൾക്കും പോലീസ് സുരക്ഷ നൽകാൻ തയ്യാറായില്ല.തിരികെ പോരുമ്പോഴും അവർക്കെതിരെ പലസ്ഥലങ്ങളിലും ഭീഷണിയുണ്ടായി ബസിലുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ മൂവാറ്റുപുഴയിൽ ഇറങ്ങിയ അവരെ അപ്പോൾ മലപ്പുറത്തേക്ക് യാത്രചെയ്യുകയായിരുന്ന കേരളത്തിലെ ഒരു പ്രമുഖ ഫെമിനിസ്‌റ്റിന്റെ കാറിൽ സുരക്ഷിതമായി അവിടെവരെ എത്തിക്കാമെന്ന് ഉറപ്പ് നല്കിയതുകൊണ്ടാണ് ഇറങ്ങിയത്. എന്നാൽ മൂവാറ്റുപുഴയിൽ എത്തുമ്പോഴേക്ക് അന്തരീക്ഷം മോശമാണെന്നറിഞ്ഞതിനാലാവും ഫെമിനിസ്റ്റ് നേതാവിൻറെ നിലപാട് മാറി. എൻറെ കാറിൽ ആരെല്ലാമോ കയറി ഇനി സ്ഥലമില്ല. നിങ്ങൾ ബസിൽ തന്നെകയറി കോഴിക്കോടേക്ക് പൊയ്ക്കോളൂ എന്ന ഉത്തരുവുണ്ടായി. ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ തന്നെ ആരുടേയും ഭീഷണികളിലാത്ത അവരോട് ബസിൽ വരാൻ ആവശ്യപ്പെടാതെ നാടുമുഴുവൻ കൊലവിളിയുമായി നിൽക്കുന്ന ബിന്ദുവിനെയും സുഹൃത്തുക്കളെയും വീണ്ടും “കൊല്ലണം അപ്പാ അയ്യപ്പാ” എന്നുവിളിച്ചു നിൽക്കുന്ന ശൂദ്ര തീവ്രവാദികൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്ന ഫെമിനിസ്റ്റ് യുക്തിയാണ് ഫെമി നേതാവും ലിഫ്റ്റ് സംഘടിപ്പിച്ച അനുയായികളും സ്വീകരിച്ചതെന്നതാണ് വാസ്തവം. ‘നമ്മൾ എന്തിന് വെറുതെ ബലിയാടാകണം’ എന്ന കേരളത്തിലെ ഫെമിനിസ്റ്റുകളുടെ പൊതു യുക്തിതന്നെയാണ് അവിടെയും വർക്ക് ഔട്ട് ചെയ്തത്.

ബിന്ദു വിൻറെ കറുകച്ചാലിലെ സ്വന്തം വീട്ടിലും ഇതേസമയത്ത് ആചാര സംരക്ഷണ ഗുണ്ടകൾ എത്തിയിരുന്നു.വീടുവളയുകയും വീടിനുമുന്നിൽ പതിവ് കലാപരിപാടിയായ തെറിനാമജപം അരങ്ങേറുകയും ചെയ്തു. മകള്‍ ആചാരം തെറ്റിച്ച്‌ ശബരിമലയ്‌ക്ക് പോയതിന്‌ അയ്യപ്പനോട്‌ മാപ്പ്‌ അപേക്ഷിച്ച്‌ ബിന്ദുവിന്റ മാതാപിതാക്കള്‍ രംഗത്ത് എന്നപേരിൽ വാർത്തകളും പ്രചരിപ്പിച്ചു.ബിന്ദുവിന്റ രക്ഷിതാക്കളായ കറുകച്ചാല്‍ മുഴുവന്‍കുഴി തൊട്ടിക്കല്‍ വീട്ടില്‍ വാസുവും തങ്കമ്മയും ചൊവ്വാഴ്‌ച്ച വൈകിട്ട്‌ ആറരയോടെ വീടിനു മുന്‍പില്‍ അയ്യപ്പന്റ ചിത്രം വച്ച്‌ നിലവിളക്ക്‌ കൊളുത്തിയ ശേഷം ശരണം വിളിച്ച്‌ മാപ്പപേക്ഷ നടത്തി എന്നാണ് സംഘികൾ പ്രചരിപ്പിച്ചത്.

എന്നാൽ ബിന്ദുവിന്റെ വീടിന് മുന്നിൽ തെറിവിളികളും ശരണംവിളികളുമായി തമ്പടിച്ചിരുന്ന ആർത്തവ ലഹളക്കാർ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തുകയും പോലീസ് ഒത്താശയോടെ 500 മീറ്റർ അകലെയുള്ള ഒരു ബിജെപി നേതാവിൻറെ വീട്ടിലെത്തിച്ച് രക്ഷിതാക്കളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയുമായിരുന്നു.മകള്‍ ചെയ്‌ത തെറ്റ്‌ തിരുത്തുന്നതിനായി നവംബര്‍ അഞ്ചിന്‌ മാലയിട്ട്‌ വ്രതമെടുത്ത്‌ മലചവിട്ടുമെന്ന്‌ അമ്മ തങ്കമ്മ പറഞ്ഞു എന്നാണ് വാർത്ത വന്നത്.അങ്ങനെ ബിജെപിക്കാർ രക്ഷിതാക്കളോട്‌ ആവശ്യപ്പെടുകയായിരുന്നു എന്നും. തങ്ങളാരും ശബരിമലക്ക് പോകുന്നില്ലെന്നും ബിന്ദുവിൻറെ സഹോദരൻ പറഞ്ഞിരുന്നു.ഞങ്ങളാരും അറിയാതെയാണ് പോലീസ് അമ്മയെ ബിജെപിക്കാരൻറെ വീട്ടിലെത്തിച്ചത്. അവിടെച്ചെന്നപ്പോൾ അമ്മയ്ക്ക് അവർ ഒരു സെറ്റ് മുണ്ട് നൽകിയെന്നും ഇന്ന് മുതൽ വൃതമെടുക്കണമെന്നും അഞ്ചാം തീയതി ശബരിമലയിൽ പോകണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും സഹോദരൻ പറഞ്ഞു.തങ്ങൾ ഒരുപരിഹാര കർമ്മവും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ശബരിമലക്കും പോകുന്നില്ലെന്നും ബിന്ദുവിൻറെ സഹോദരൻ അന്നേ വ്യക്തമാക്കിയിരുന്നു. അടുത്തമാസം 5 ന് ബിന്ദുവിൻറെ അമ്മ ശബരിമലയിൽ പോകുമെന്ന് പ്രസ്താവന ഇറക്കിയവർ വർഷം ഒന്നായിട്ടും ബിന്ദുവിന്റെ അമ്മ ശബരിമലയിൽ പോയിട്ടില്ലെന്ന കാര്യം മിണ്ടുന്നില്ല

ബി.ജെ.പി.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എന്‍.മനോജ്‌, ബി.ഡി.ജെ.എസ്‌. ജില്ലാകമ്മറ്റിയംഗം ടി.ആര്‍.ഉണ്ണിക്കൃഷ്‌ണന്‍, ബി.ജെ.പി. പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ സന്തോഷ്‌ കൈടാച്ചിറ, ജനറല്‍ സെക്രട്ടറി കെ.സി.മോഹന്‍ദാസ്‌ തുടങ്ങിയവര്‍ ഈ ഗുണ്ടായിസത്തിന് നേതൃത്വം കൊടുത്തു എന്നാണ് അവർതന്നെ അന്ന് ഇറക്കിയ വാർത്താകുറിപ്പിൽ അവകാശപ്പെട്ടത്.

പാവപ്പെട്ട ദളിത് കുടുംബാംഗമായ ബിന്ദു ടീച്ചർ വളരെ കഷ്ട്ടപ്പെട്ട് പഠിച്ച് ഇഗ്ലീഷിൽ എംഫിൽ കഴിഞ്ഞ സ്ത്രീയാണ്.പിന്നീട് ഗവണ്മെന്റ് സർവീസിൽ ഹയർ സെക്കണ്ടറി അദ്ധ്യാപികയായി ജോലി ലഭിച്ചശേഷം 2011 ൽ എളംകുന്നപ്പുഴ സ്‌കൂളിൽ ചില സവർണ്ണ രക്ഷിതാക്കൾ ടീച്ചർ ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തതിൻറെ പ്രശ്നമുണ്ടാക്കുകയും ക്ലസ്‌റൂമിലും വരാന്തയിലുമൊക്കെ ചാണകവെള്ളം തളിക്കുകയും ചെയ്തതിന് നിലവിൽ സനാതനികൾക്കെതിരെ കോടതിയിൽ കേസ് നടന്നുവരികയാണ്.

ശബരിമല പ്രവേശത്തിന് ശ്രമിച്ചെന്ന ഒറ്റ കാരണത്താൽ നാട്ടിലും വീട്ടിലും സ്വൈരമായി ജീവിക്കാൻ കഴിയാത്ത അവസ്ഥ ബിന്ദു തങ്കത്തിനുണ്ടായി. ജോലി സ്ഥലത്തും താമസസ്ഥലത്തും നിരന്തരമായ കടുത്ത ആക്രമണമാണ് ബിന്ദുവിന് നേരിടേണ്ടി വന്നത്. തുടർന്ന് ബിന്ദു പാലക്കാട് അഗളിയിലേക്ക് ട്രാൻസ്ഫർ വാങ്ങി.

ശബരിമലയിൽ പോകുമ്പോൾ കോഴിക്കോട് ബിന്ദുവും മകളും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശബരിമലയിൽ നിന്ന് രാത്രി തിരിച്ചെത്തിയ ബിന്ദുവിനെ വെളുപ്പിനെ ഡോറിൽ മുട്ടിവിളിച്ച വീട്ടുടമ സംഘപരിവാർ ഭീഷണിയെത്തുടർന്ന് ചേവായൂരിലെ വാടക വീട്ടിൽ നിന്നും പുറത്താക്കി.തുടർന്ന് കോഴിക്കോടുള്ള ഒരു ഫെമിനിസ്റ്റ് എൻജിഒ യുടെ ഷെൽട്ടർ ഹോമിൽ അഭയം തേടിയ ബിന്ദുവിനെയും കുട്ടിയേയും സുഹൃത്തുക്കളെയും വൈകുന്നേരത്തോടെ അവിടെനിന്നും ഇറക്കിവിട്ട് ആ സ്ഥാപനവും തടി സ്വസ്ഥമാക്കി.പിന്നീട് കേരളയുക്തിവാദി സംഘത്തിൻറെ സംസഥാനകമ്മറ്റി അംഗവും എക്സ് കത്തോലിക്കാ പുരോഹിതനുമായ മാണി അച്ചനാണ് ബിന്ദു ടീച്ചർക്കും സുഹൃത്തുക്കൾക്കും സ്വന്തം വീട്ടിൽ ഷെൽട്ടർ ഒരുക്കിയത്.

ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ സ്കൂളിലേക്ക് വരേണ്ടെന്നായിരുന്നു സസ്‌പെന്റ് ചെയ്യപ്പെടാത്ത ബിന്ദുവിനെ ശൂന്യതയിൽ നിർത്തിക്കൊണ്ടുള്ള സ്‌കൂൾ അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെ ബിന്ദുവിന് അഗളി സർക്കാർ സ്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ചിരുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ അധ്യാപികയായ ബിന്ദു സ്വാഭാവിക സ്ഥലം മാറ്റത്തെത്തുടർന്നാണ് അഗളിയിലെത്തിയത്. എന്നാൽ തെറി നാമജപ ഗുണ്ടകൾ അവിടെയുമെത്തി ബിന്ദുവിനെതിരെ നാമജപസമരം നടത്തി പ്രതിഷേധിച്ചു. ഇത് കൂടാതെ കുട്ടികളെ ഉപയോഗിച്ചും ബിന്ദുവിനെതിരെ പ്രതിഷേധം തീർക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമം നടത്തി.

സ്കൂളിൽ പോവുമ്പോൾ കുട്ടികളെ കൊണ്ട് ശരണം വിളിപ്പിച്ചും മറ്റുമായിരുന്നു പ്രതിഷേധം. സംഭവം അസഹനീയമായതോടെ പി.ടി.എയും അധ്യാപകരും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും അവിടം കൊണ്ട് കാര്യങ്ങൾ അടങ്ങിയില്ല. കുട്ടികൾ പ്രശ്നം അവസാനിപ്പിച്ചപ്പോൾ സ്കൂളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ബിന്ദു കാരണമാകുമെന്ന് പറഞ്ഞ് കുറച്ച് രക്ഷിതാക്കളെ ഇറക്കി പ്രതിഷേധിക്കാനും സംഘപരിവാർ ശ്രമിച്ചു. അതുകൂടാതെ ബിന്ദുവും മകളും ഒറ്റയ്ക്ക് കഴിയുന്ന വീട്ടിലെത്തി തെറി വിളിക്കാനും ആക്രമിക്കാനും ശ്രമിച്ചു. രാത്രിയിൽ സംഘടിച്ചെത്തിയ അക്രമികൾ അഗളിയിൽ ബിന്ദു താമസിക്കുന്ന വീടിന്റെ ഗേറ്റ് തകർക്കാനും ശ്രമിക്കുകയും തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്.ഇങ്ങനെ നിരവധി ഭീഷണികൾ നേരിട്ടുകൊണ്ടാണ് ഒരുവർഷമായി ബിന്ദു പാലക്കാട് അഗളി സ്‌കൂളിൽ ജോലിചെയ്തുവരുന്നത്. ഇതിനിടെ ബിന്ദുവിന്റെ കുട്ടിയുമായി ബന്ധപ്പെട്ടചിലവിഷയങ്ങളെ തുടർന്ന് ബിന്ദു സംഘപരിവാർ പിന്തുണയോടെ കലാപമുണ്ടാക്കാൻ ശബരിമലയിലെത്തിയതാണെന്ന തരത്തിൽ സുഡാപ്പികളും സോഷ്യൽമീഡിയയിൽ അപവാദ പ്രചരണം നടത്തിയിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിന്ദു ടീച്ചർ ഇലക്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാമ്പി സംസ്കൃത കോളേജിൽ രാവിലെ മുതൽ തമ്പടിച്ചിരുന്ന സംഘപരിവാർ ഗുണ്ടകൾ വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ ബിന്ദു ടീച്ചറിനെ ആക്രമിക്കുവാൻ ശ്രമിച്ചിരുന്നു .’നീയല്ലെടീ ശബരിമലയിൽ പോയവൾ? നിന്നെയൊന്നും ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമത്തിന് മുതിർന്നത്. ആചാരസംരക്ഷണ ഗുണ്ടകൾ പതിവുപോലെ തെറിവിളികളും വധഭീഷണികളും തുടർന്നപ്പോൾ ആളുകൾ കൂടുകയും പോലീസ് എത്തി അക്രമികളെ തുരത്തുകയുമായിരുന്നു. പിന്നീട് ഈ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തെരുവിൽ വേട്ടയാടപ്പെട്ടത് ബിന്ദുതങ്കം കല്യാണിയാണ്. അവർ ജോലിചെയ്യുന്ന സ്‌കൂളുകളിലെല്ലാം തെറി നാമജപ കലാപരിപാടികളുമായി എത്തുമ്പോൾ പോലീസ് ഭക്തിയോടെ ഭജന ആസ്വദിക്കുകയായിരുന്നു. അവരുടെ ഏഴാം ക്‌ളാസിൽ പഠിക്കുന്ന മകളെയും സ്‌കൂളിൽ പോകാൻ അനുവദിക്കാതെ ശല്യം ചെയ്ത നാമജപ ഗുണ്ടകൾ കുട്ടിയുടെ ടിസി വാങ്ങി തമിഴ്നാട് ബോഡറിലെ ഒരു സ്‌കൂളിൽ ചേർത്തിട്ട് അവിടെയും ഭീഷണിയുമായി എത്തിയിരുന്നു. തുടർന്ന് സ്‌കൂളിൽ പോകാതെയാണ് കുട്ടി വാർഷിക പരീക്ഷ എഴുതിയത്.ഇത്തരത്തിൽ നാമജപ ഗുണ്ടകൾ കേരളത്തിൽ അഴിഞ്ഞാടുമ്പോഴും കേരളത്തിലെ പുരോഗമന നാട്യക്കാർ മൗനം പാലിക്കുകയായിരുന്നു.

“ശബരിമലയിൽ പോകാൻ തയ്യാറായതിന് ശേഷം ഞാൻ ഇതിനകം മൂന്നു മതക്കാരിയായി കഴിഞ്ഞു. എരുമേലിയിൽ വെച്ച് തെറി നാമ ജപക്കാർ തടഞ്ഞതിന് ശേഷം ആദ്യം തിരിച്ചെത്തിയ തന്നെ ജനം ടിവിക്കാർ മാമോദീസ മുക്കി ബിന്ദു സക്കറിയയാക്കി എന്ന് ബിന്ദുതങ്കം കല്യാണി പറഞ്ഞു. ഇപ്പോൾ മോളുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾക്ക് ശേഷം സുഡാപ്പികൾ പറയുന്നത് ഞാൻ സംഘികളുമായി ഗൂഡാലോചന നടത്തിയ ശേഷമാണ് ശബരിമലയിൽ പോയതെന്നാണ്.സംഘികൾ പറയുന്നത് സുഡാപ്പികളുടെ ഫണ്ടും വാങ്ങിയാണ് ആചര ലംഘനത്തിന് ചെന്നതെന്നാണ്. വാസ്തവത്തിൽ എനിക്കുതന്നെ സംശയമായിരിക്കുകയാണ് ഞാനിപ്പോൾ ആരാണെന്ന്.

അതുകൊണ്ട് ഞാനിപ്പോൾ ഒരു ആത്മീയ അന്വേഷണത്തിലാണ്.ഞാൻ ആരാണെന്ന്. തത്വമസി, അഹം ബ്രഹ്മാസ്മി അങ്ങനെ പല ഉത്തരങ്ങളും കണ്ടെങ്കിലും ഫലത്തിൽ എന്താണെന്ന് ജീവിതാനുഭവത്തിലൂടെ എനിക്ക് അനസിലായത് എല്ലാം confuced and convinced എന്ന തത്വമാണ് പ്രയോഗിക്കുന്നതെന്നാണ്.എല്ലാമതത്തിന്റെയും ആചാരസംരക്ഷകകർ ഒരേ സ്വഭാവക്കാരാണ്. അന്യമതങ്ങളെ നിന്ദിക്കുന്ന കാര്യത്തിൽ എല്ലാമതവാദികളും ഒരു പോലെതന്നെയാണ്. മനുഷ്യനെ അന്ധവിശ്വാസത്തിൽ തളച്ചിട്ട് ചൂഷണം ചെയ്യുന്ന കാര്യത്തിലും സ്ത്രീവിരുദ്ധതയുടെ കാര്യത്തിലും ഇവ ഒരേതൂവൽ പക്ഷികൾ തന്നെയാണ്” എന്നും ബിന്ദു തങ്കം കല്യാണിപറഞ്ഞു.