എന്തിനാണ് ഇങ്ങനെ ഒരു കോര്‍പറേഷന്‍ ഭരണം; പിരിച്ചുവിടണം: കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. കൊച്ചി കോര്‍പറേഷനെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ പിരിച്ചുവിടാത്തത്. ഇങ്ങനെ ഒരു കോര്‍പറേഷന്‍ എന്തിനാണ്. കോര്‍പറേഷനെതിരെ സര്‍ക്കാര്‍ അധികാരം പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊച്ചി കോര്‍പറേഷനിലെ വെള്ളക്കെട്ട് സംബന്ധിച്ച വിഷയത്തില്‍ നാളെ അഡ്വ. ജനറല്‍ സര്‍ക്കാറിന്റെ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ചെളി നീക്കാന്‍ ഓരോ വര്‍ഷവും കോടികള്‍ പാഴാക്കുന്നു. ജനങ്ങള്‍ക്ക് ഒരു ഗുണവും ഇല്ല. ഒരു മഴ പെയ്തപ്പോള്‍ ആയിരങ്ങളാണ് ബന്ധികളാക്കപ്പെട്ടത്. കൊച്ചിയെ സിംഗപ്പൂര്‍ ആക്കിയില്ലെങ്കിലും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ കൊച്ചിയിലും പരിസരത്തുമെല്ലാം വെള്ളക്കെട്ട് നിറഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കോര്‍പറേഷന്റെ പിടിപ്പുകേടാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് പൊതുവെ വിമര്‍ശം ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കോര്‍പറേഷനെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്.

എന്നാല്‍ വെള്ളെക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന്‍ പരമാവധി ശ്രമിച്ചതായും പ്രളയത്തിന് സമാനമായ മഴയാണ് അവസ്ഥയാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മേയര്‍ സൗമിനി ജെയിന്‍ പ്രതികരിച്ചു. കോര്‍പറേഷന്‍ നടപടി സ്വീകരിച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചകളുണ്ടായി. ഒപ്പം ജനങ്ങള്‍ മാലിന്യം ഓടയിലേക്ക് തള്ളുന്നതാണെന്നും മേയര്‍ പറഞ്ഞു.