കൊച്ചിയിൽ മാതാപിതാക്കളെ മകൻ ചുറ്റികയ്‌ക്കടിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ

പട്ടാപ്പകൽ മാതാപിതാക്കളെ യുവാവ് വീട്ടിൽ വെച്ച് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. റിട്ടയേഡ് പോർട്ട് ട്രസ്‌റ്റ് ജീവനക്കാരനായ എറണാകുളം എളമക്കര സുഭാഷ്‌ നഗർ അഞ്ചനപ്പള്ളി ലെയ്‌നിൽ അഴീക്കൽ കടവ്‌ വീട്ടിൽ ഷംസു (65 ) ഭാര്യ സരസ്വതി (57) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. മകൻ സനലിനെ (30) എളമക്കര പൊലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്കായിരുന്നു സംഭവം

മാതാപിതാക്കളെ താനാണ് കൊലപ്പെടുത്തിയതെന്ന് സനൽ ഒരു കൂസലുമില്ലാതെ പൊലീസിനോട് പറഞ്ഞു. ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ് അറി​യി​ച്ചു. ഇരുവരുടെയും ശരീരത്തിൽ മുറിവുകളുണ്ട്‌. മൃതദേഹത്തിനു സമീപത്തുനിന്ന്‌ ചുറ്റിക, കത്തി, ഹാക്‌സോ ബ്ലേഡ്‌ എന്നിവ കണ്ടെടുത്തു. സനലിന്‌ നൽകാനുള്ള മരുന്ന്‌ സരസ്വതി കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്നു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന്‌ തൃക്കാക്കര അസി. കമ്മിഷണർ വി.കെ. രാജു പറഞ്ഞു.

പ്രഭാത സവാരി കഴിഞ്ഞ് ഷംസു വീട്ടിലേക്കു പോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. ഏഴരയായപ്പോൾ വീട്ടിൽ ഒച്ചപ്പാടുകൾ കേട്ട് സമീപവാസികൾ എത്തിയെങ്കിലും സനൽ എല്ലാവരെയും വഴക്കു പറഞ്ഞു മടക്കി. പതിനൊന്ന് മണിയോടെ വീട്ടിൽ നിന്ന് അനക്കമൊന്നും കേൾക്കാതായതോടെ അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് മുകളിലത്തെ നിലയിൽ ഷംസുവും ഭാര്യ സരസ്വതിയും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഈ സമയം ഭാവഭേദമൊന്നുമില്ലാതെ വീടിന്റെ താഴത്തെ നിലയിൽ ഇരിക്കുകയായിരുന്നു സനൽ.

അയൽക്കാർ അറിയിച്ചതിനെ തുടർന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സി.ഐ മിഥുൻ, എസ്.ഐ വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്‌റ്റു ചെയ്യുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ സനൽ വർഷങ്ങളായി ചികിത്സയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അക്രമസ്വഭാവം കാണിച്ചിരുന്നില്ല. തലയ്‌ക്കേറ്റ മാരകമായ മുറിവാണ് ഇരുവരുടെയും മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് വിവാഹിതയായ ഒരു മകൾ കൂടിയുണ്ട്.