സൈന്യത്തിന്റെ വലയിലായപ്പോള്‍ സ്വയം പൊട്ടിത്തെറിച്ച്‌ ബഗ്ദാദി കൊല്ലപ്പെട്ടത്സ്ഥിരീകരിച്ച് ട്രംപ്

അമേരിക്കന്‍ സൈനിക നടപടിക്കിടെ ഈസില്‍ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വടക്കന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ ബഗ്ദാദിയുടെ താവളത്തിന് നേരെ അമേരിക്കന്‍ സേന ആക്രമണം നടത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ബഗ്ദാദിയുടെ കേന്ദ്രത്തില്‍ നിന്നും 11 കുട്ടികളെ മോചിപ്പിച്ചെന്നും ബഗ്ദാദിയുടെ മൂന്ന് മക്കള്‍ ഏറ്റുമുട്ടലിനിടെ മരിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്നും വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് വൈകിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രത്യക്ഷപ്പെട്ട് അമേരിക്കന്‍ സൈന്യം തന്നെ പലപ്പോഴായി കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ ബഗ്ദാദിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.