സിപിഎം സമദൂര സിദ്ധാന്തത്തിലേക്ക്: പാര്‍ട്ടി പിണറായിക്കൊപ്പം; പ്രതികളെ പുറത്താക്കുകയുമില്ല

മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ സി.പി.എം ൻറെ പാർട്ടി മെമ്പർഷിപ്പുള്ള പ്രവര്‍ത്തകരായ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ മുന്‍ നിലപാടില്‍ നിന്ന് പിന്‍വലിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മാവോയിസ്റ്റ് അനുകൂല നിലപാട് എടുക്കുന്നവരെ ഒരു കാരണവശാലും അനുകൂലിക്കാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ യു.എ.പി.എ ചുമത്തിയുള്ള അറസ്റ്റില്‍ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അതേസമയം, പ്രതികളായ അലനും താഹയും നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി 14ലേക്ക് മാറ്റി. ഹര്‍ജിയില്‍ വിശദീകരണം തേടി പോലീസിന് കോടതി നോട്ടീസും നല്‍കി.

യുഎപിഎ സെക്ഷന്‍ 42പ്രകാരം ഇത്തരം കേസുകളില്‍ പ്രത്യേക പുനഃഎപരിശോധന സമിതി ഉണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് സമിതിക്ക് അവ കൈമാറും. സമിതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെ. അതിനു മുന്‍പ് സര്‍ക്കാര്‍ ഇടപെടേണ്ട എന്നാണ് സി.പി.എം തീരുമാനം.

പാര്‍ട്ടിയിലെ ഒരു വിഭാഗം യുവാക്കള്‍ക്ക് തീവ്ര ആശയങ്ങളുമായി ബന്ധമുണ്ട്. അറസ്റ്റിലായവരെ കുറിച്ച് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ ഗുരുതരമാണ്.എന്നാൽ അതിന്റെ പേരില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കില്ല. അവരെ പാര്‍ട്ടി പൂര്‍ണ്ണമായും കയ്യൊഴിയില്ല. ദീര്‍ഘകാലമായി പാര്‍ട്ടി ബന്ധമുള്ള കുടുംബമാണ് അവരുടേത്. അത് അവര്‍ക്ക് ഒപ്പമുള്ളവരെ വേദനിപ്പിക്കുന്ന നടപടിയാകും. പുറത്താക്കലില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

പാർട്ടിയിൽ മാവോയിസ്റ്റ് അനുഭാവമുള്ളവരുണ്ടോ എന്ന്നോക്കാൻ അന്വേഷണ കമ്മീഷനെ വെച്ച സ്ഥിതിക്ക് ആർ എസ് എസ് അനുഭാവമുള്ളവർ ഉണ്ടോ എന്നറിയാൻ കൂടി കമ്മീഷനെ വെക്കണം എന്നും. അത് തല തൊട്ട് എണ്ണി തുടങ്ങണമെന്നും ആദ്യത്തെ കൂട്ടരേ പുറത്താക്കുകയും രണ്ടാമത്തെ കൂട്ടരേ സെൻട്രൽ കമ്മിറ്റി യിലേക്കും പോളിറ്റ് ബ്യൂറോയിലേക്കും അയയ്ക്കണെമെന്നുമൊക്കെ സോഷ്യൽമീഡിയയിൽ ട്രോളുകൾ വന്നിരുന്നു. മാത്രമല്ല സീതാറാം യെച്ചൂരിയും പ്രകാശ്കാരാട്ടുമൊക്കെ അവിടെ കിടന്ന് UAPA യെ അപമാനിക്കരുത് എന്നും കേന്ദ്രത്തിൻറെ യുഎപിഎ അല്ല കേരളത്തിന്റേത് ഒരു പ്രത്യേകതരം UAPA ആണെന്നും ഒക്കെ പാർട്ടി അനുഭാവികൾ തന്നെ ട്രോളിക്കൊല്ലുകയായിരുന്നു. അതുകൊണ്ട് ഒറ്റയടിക്ക് പുറത്താക്കി നാണം കെടാൻ ഒരുവർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് താത്പര്യമില്ലാത്തതിനാൽ എസ്എസ്എസ് ൻറെ സമദൂര സിദ്ധാന്തം പിന്തുടരാൻ പാര്ട്ടി തീരുമാനികയുകയായിരുന്നു എന്നും പറയപ്പെടുന്നു.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് യുഎപിഎ പിന്‍വലിച്ചാല്‍ അത് ഉചിതമാകില്ല. യു.എ.പി.എ പോലെ ഗുരുതരമായ വിഷയങ്ങളില്‍ എന്‍.ഐ.എയ്ക്ക് കേസ് സ്വമേധയാ ഏറ്റെടുക്കാന്‍ കഴിയും. അങ്ങനെ വന്നാല്‍ അത് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും. മാവോയിസ്റ്റുകളെ പോലെയുള്ള രാജ്യവിരുദ്ധര്‍ക്ക് സുരക്ഷിതതാവളമാണ് കേരളം എന്ന പ്രതീതി രാഷ്ട്രീയ എതിരാളികള്‍ സൃഷ്ടിക്കുമെന്നും പാര്‍ട്ടി വിലയിരുത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യമായ നിലപാടിന് നേതാക്കന്മാര്‍ ആരുംതന്നെ തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ നിന്നുള്ള നിര്‍ദേശമാണ് ഇതിനു കാരണമെന്നണ് സൂചന. വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ ദേശീയ നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണിത്.

സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിന് പാര്‍ട്ടി സെക്രട്ടേറിയറ്റ് പൂര്‍ണ്ണ പിന്തുണ നല്‍കുകയും ചെയ്തു. പാര്‍ട്ടിയെ ഒപ്പം നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞുവെന്നാണ് റിപ്പ്പോർട്ട്. മുന്‍പ് സെക്രട്ടേറിയറ്റ് യോഗത്തില്‍ യുഎപിഎ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്നത് അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷമാണ് ഇപ്പോള്‍ നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നത് എന്നത് ശ്രദ്ധേയമാണ്.