ഐ എം.എ ഇനിയെങ്കിലും ഒന്നനങ്ങണം; ഈ പ്രാർത്ഥന – വ്യാജ ചികിത്സാ വ്യാപാരികളുമായി സന്ധി ചെയ്യരുത്

റോയി മാത്യു

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾ ക്കായി പുതിയ തട്ടിപ്പുമായി ഒരു കത്തോലിക്ക പാതിരി രംഗത്തിറങ്ങുന്നു. സ്വയം ഭോഗം ചെയ്യുന്നവർക്കാണ് മാനസിക വെല്ലുവിളിയുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നതെന്നൊക്കെ പറഞ്ഞു് വീഡിയോ ഇറക്കിയ ഡൊമിനിക് വളവനാൽ എന്ന കത്തോലിക്ക വൈദികനാണ് ഇപ്പോൾ അവർക്കായി പ്രാർത്ഥനയും കൗൺസിലിംഗുമായി ഇറങ്ങുന്നത്.

ഇയാൾ ഇത്തരം കുട്ടികൾക്കും മാതാപിതാക്കൾക്കുമെതിരെ പുറത്തിറക്കിയ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് ഇങ്ങേർക്ക് ഓസ്ട്രേലിയ, ഐർലണ്ട്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ പോയി സുവിശേഷം കച്ചവടം നടത്താനുള്ള അവസരം അവിടുത്തെ സർക്കാരുകൾ നിഷേധിച്ചു. ആ നമ്പരിറക്കി കഞ്ഞി കുടി മുട്ടിയതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങൾക്കായി പ്രാർത്ഥനയും കൗൺസിലിംഗുമായി കളത്തിലിറങ്ങുകയാണ് – നവംബർ 17/ 18 തീയതികളിൽ കുമളിക്കടുത്ത അണക്കരയിലെ മരിയന്‍ റിട്രീറ്റ് സെന്ററിൽ ഈ കലാ പരിപാടി അരങ്ങേറുകയാണ്.

മൂന്നു ദിവസത്തെ പരിപാടിക്ക് എത്തുന്നവര്‍ക്ക് കുമളിയിലും അണക്കരയിലും താമസ സൗകര്യവും ലഭ്യമാകും. ഇതു കൂടാതെ, ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ ബംഗലൂരുവിലെ റിന്യൂവല്‍ റിട്രീറ്റ് സെന്ററിലും ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി പ്രാര്‍ത്ഥനായോഗം സംഘടിപ്പിക്കുന്നുണ്ട്.

ആധുനിക ചികിത്സാ രംഗത്തു തന്നെ ഓട്ടിസ്റ്റിക് കുട്ടികൾക്കായി ഒട്ടേറെ പദ്ധതികളും മറ്റും ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. അവർക്കായി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ കേരളത്തിൽ പോലും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഈ രംഗത്ത് ഒരു പാട് വിദഗ്ധർ തന്നെ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്ത് Nish പോലുള്ള സ്ഥാപനങ്ങളിൽ Autism ത്തെക്കുറിച്ച് പഠനങ്ങളും വിവിധ പദ്ധതികളും നടക്കുന്നുണ്ട്.

ഇത്തരം മാനസിക വൈകല്യങ്ങൾ പ്രാർത്ഥന കൊണ്ട് മാറുമെന്നൊക്കെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടികൾക്കെ തിരെ ഐ എം എ ശക്തമായി രംഗത്ത് വരുന്നില്ല എന്നതാണ് ഏറെ ഖേദകരം. മതങ്ങൾ ചികിത്സയുടെ പേരിൽ നടത്തുന്ന വ്യാജ ചികിത്സകളെ വൈദ്യശാസ്ത്രരംഗത്തുള്ളവർ ഫലപ്രദമായി നേരിടുന്നില്ല.

ലാട ഗുരുവും ധ്യാനഗുരുവുമൊക്കെ മനുഷ്യന്റെ ആരോഗ്യത്തിന് മേൽ കേറിമേയുകയാണ്. ഒരു വശത്ത് രോഗശാന്തി, അത്ഭുത പ്രവർത്തികൾ, വിശുദ്ധർ രോഗം ഭേദമാകുന്നു തുടങ്ങിയ തരികിടകൾ യഥേഷ്ടം പൊടി പൊടിക്കുന്നതിനിടയിലാണ് പുതിയ പുതിയ തട്ടിപ്പുകളുമായി മത വ്യാപാരികൾ രംഗത്തു വരുന്നത്. നിരന്തരമായ ബോധവത്കരണമാണ് ഇക്കാര്യത്തിൽ ഉണ്ടാവേണ്ടത്. ഐ എം എ ഈ പ്രാർത്ഥന – വ്യാജ ചികിത്സാ വ്യാപാരികളുമായി സന്ധി ചെയ്യരുതെന്നാണ് ജനങ്ങളുടെ അഭ്യർത്ഥന. ഇതും വ്യാജ ചികിത്സയായി കരുതി നേരിടണം.