അമ്മയുമൊത്ത് കോടികളുടെ തട്ടിപ്പ് ‌നടത്തിയ മകന്‍ ഐപിഎസ് അറസ്റ്റിൽ

കശ്മീരില്‍ ജോലി ചെയ്യുന്ന ഐപിഎസ് ഓഫീസര്‍ എന്ന വ്യാജേനെ ഗുരുവായൂരില്‍ വലിയ സാമ്പത്തീക തട്ടിപ്പ് നടത്തിയ വിപിന്‍ കാര്‍ത്തിക് അറസ്റ്റില്‍. മാതാവുമായി ചേര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയെന്നാണ് കേസ്. മകന്‍ ഐപിഎസുകാരനെന്നും മാതാവ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞും ആയിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം മാതാവ് അറസ്റ്റിലായപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട വിപിന്‍ കാര്‍ത്തിക്കിനെയും പാലക്കാട് നിന്നും പിടികൂടി.

പാലക്കാട് ചിറ്റൂരില്‍ നിന്നും പിടിയിലായ വിപിന്‍ കാര്‍ത്തിക്കിനെ ഗുരുവായൂര്‍ പോലീസിന് കൈമാറി. പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഒന്നര വര്‍ഷത്തിനിടയില്‍ രണ്ടുകോടിയുടെ വായ്പാ തട്ടിപ്പ് വിപിനും മാതാവും ചേര്‍ന്നു നടത്തിയിരുന്നതായും ഇരുവരും ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നതിനായി വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകളില്‍ നിന്നും വായ്പ നേടാന്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇരുവരും വായ്പയെടുത്ത പണം ഉപയോഗിച്ച് കാറുകള്‍ വാങ്ങുകയൂം അവ പിന്നീട് വില്‍ക്കുകയുമായിരുന്നു രീതി. 12 ലധികം കാറുകളാണ് വാങ്ങിയത്. ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കില്‍ നിന്ന് വായ്പയെടുത്തതിന്റെ തിരിച്ചടവുകള്‍ പൂര്‍ത്തിയാക്കിയതായുള്ള രേഖകള്‍ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കില്‍ നല്‍കുക. അഞ്ചുലക്ഷം രൂപടെ മിനിമം ബാലന്‍സ് കാണിക്കുകയും ചെയ്യും. തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവര്‍ക്ക് ഗുരുവായൂര്‍ താമരയൂരില്‍ ഫ്‌ളാറ്റുമുണ്ട്.

ഫ്‌ളാറ്റിലെ വിലാസത്തിലുള്ള ആധാര്‍ നല്‍കിയാണ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. കഴിഞ്ഞ ദിവസം മാതാവ് ശ്യാമള അറസ്റ്റിലായതോടെ വിപിന്‍ മുങ്ങി നടക്കുകയായിരുന്നു. വായ്പാ തട്ടിപ്പിന് പുറമേ വിപിനു കാന്‍സറാണെന്നും ചികില്‍സയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞു പല തവണയായി ഇന്തോ ഓവര്‍സീസ് ബാങ്ക് മാനേജരില്‍ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തു. ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ ഐപിഎസ് ഓഫീസറാണെന്നാണ് വിപിന്‍ പറഞ്ഞിരുന്നത്.

പോലീസുകാര്‍ക്ക് ഇടയില്‍ പോലും ഐപിഎസ് ഉദ്യോഗസ്ഥന്‍ ആണെന്ന് വിശ്വസിപ്പിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. ഐപിഎസുകാരന്‍ എന്ന വ്യാജേനെ പോലീസ് ക്യാമ്പ് വരെ സന്ദര്‍ശിച്ചതായി വിവരമുണ്ട്. കഴിഞ്ഞ ദിവസം മാതാവ് പിടിയിലായതിന് പിന്നാലെ വിപിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. ഇയാള്‍ നല്‍കിയ മൂന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. പുറത്തു പോയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാനും കൂടുതല്‍ തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ടെന്നായിരുന്നു കോടതി വിലയിരുത്തിയത്.