തിരുവനന്തപുരം ഐസറിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്ക്; സോഷ്യൽ മീഡിയ ഉപയോഗവും തടഞ്ഞു

സ്‌പെഷ്യൽ റിപ്പോർട്ടർ

തിരുവനന്തപുരം ഐസർ കേരളത്തിൽ സ്ഥിതി ചെയ്യുന്ന മികച്ച നിലവാരം പുലർത്തുന്ന കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്, എന്നാൽ നിലവിൽ അവിടെ നിന്നും പുറത്തുവരുന്ന വാർത്തകൾ ശുഭ സൂചകമല്ല. സാമൂഹ്യ മാധ്യമങ്ങളിൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും മറ്റും ഷെയർ ചെയ്യുന്നത് റദ്ദ് ചെയ്തുകൊണ്ടു ഒരു സർക്കുലർ അധികൃതർ പുറത്തിറക്കി. മാത്രമല്ല മുമ്പ് ഷെയർ ചെയ്തവ 15 ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യാത്ത പക്ഷം വിദ്യാർത്ഥികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡീൻ അക്കാദമിക് വിദ്യാർത്ഥികൾക്ക് നൽകിയ ഇ-മെയിലിൽ പറയുന്നു.

ചുരുക്കത്തിൽ അവിടുത്തെ വിദ്യാർത്ഥികൾ ആരുംതന്നെ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രതികരണങ്ങൾ രേഖപ്പെടുത്തരുത് എന്ന് ഒരു ഭീഷണി കൂടിയാണ് ഈ കലാലയം മുന്നോട്ടുവെക്കുന്നത്. ട്രോളുകൾ പോലും അനുവദനീയമല്ല എന്നതാണ് ഇവർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന കർക്കശ നിർദേശം. നോട്ടീസ് ആയി ഈ വിവരം രം ക്യാമ്പസിലെ കുട്ടികളെ അറിയിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ എല്ലാവർക്കും ഈമെയിൽ ആയും ഈ സന്ദേശം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പ്രതികരിക്കാൻ ശ്രമിക്കുന്നവർ വിദ്യാർത്ഥിയോ അധ്യാപകരോ ആയിക്കൊള്ളട്ടെ അവർക്കെതിരെ മനപ്പൂർവം പ്രതികാരനടപടികൾ കൈക്കൊള്ളുന്ന തരത്തിലുള്ള ഉദാഹരണങ്ങൾ ഉള്ളതുകൊണ്ട് പലപ്പോഴും അനീതിക്കെതിരെ ശബ്ദമുയർത്താൻ ആവാതെ മൗനം ദീക്ഷിക്കുകയാണ് ക്യാമ്പസിനുള്ളിലെ ഒരു വലിയ സമൂഹം. അവരുടെ ജനാധിപത്യ ബോധം സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകടമായാൽ പോലും സ്ഥാപനത്തിന് തിരിച്ചടിയാകും നേരിടുക എന്നതുകൊണ്ടാണ് ഇത്തരം നിർദ്ദേശങ്ങളും സർക്കുലറുകളും പുറത്തിറങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

വർഷങ്ങളായി കലാലയത്തിനുള്ളിൽ ക്യാമ്പസ് രാഷ്ട്രീയം അനുവദിച്ചിട്ടേയില്ല. കഴിഞ്ഞ അക്കാദമിക വർഷം മാത്രമാണ് പേരിനെങ്കിലും വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തത്.

ഐസർ തിരുവനന്തപുരം ക്യാമ്പസിൽ ഐ. ഐ. ടി. കാൺപൂരിലെ പ്രൊഫസർ സഞ്ജയ് മിത്തിലിൻ്റെ പ്രാഭാഷണം ഒരു വിഭാഗം കുട്ടികൾ ബഹിഷ്കരിക്കുകയുണ്ടായി. SC/ST വിഭാഗത്തിൽപ്പെടുന്ന ഒരു അദ്ധ്യാപകനെ നാല് സഹപ്രവർത്തകർ ചേർന്ന് മാനസിക പീഡനം നൽകിയിരുന്നു അവരിലൊരാളാണ് ഇദ്ദേഹം. അത്തരം ഒരു വ്യക്തിയുടെ പ്രഭാഷണം ബഹിഷ്കരിച്ചതാണോ സംഭവങ്ങളുടെ തുടക്കം എന്നും വിദ്യാർത്ഥിസമൂഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിനുശേഷമാണ് വിചിത്രമായ ഈ സർക്കുലറുമായി അധികൃതർ രംഗത്ത് വരുന്നത്.

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് സമ്പാദനത്തിലൂടെ സാമുഹ്യ ജീവിയായി ഉരുവം കൊള്ളുകയെന്ന പ്രകിയയാണ് എന്നാൽ സജീവമായി അത്തരം പ്രവർത്തനങ്ങൾ ഇന്ന് ക്യാമ്പസിൽ നടത്തുവാൻ അധികൃതർ അനുവദിക്കുന്നില്ല എന്നുള്ളത് ലജ്ജാകരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയെ വിമർശനാത്മകമായി അഭിപ്രായം പങ്കുവെക്കുന്നതിന് എതിരെ തിരുവനന്തപുരം ഐസർ അധികൃതർ പുറത്തുവിട്ട സർക്കുലർ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല മറിച്ച് പ്രതികരിക്കുന്ന ഓരോ വിദ്യാർത്ഥിക്കും നൽകുന്ന താക്കീത് കൂടെയാണ്.