നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതി ഹിന്ദുത്വ ഫാസിസ്റ്റുകളുടെ വെടിയേറ്റ് മരിച്ച സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധബോൽക്കറിൻെറ പേരിലുള്ള അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തിരഞ്ഞെടുത്തു. ഇൻഡ്യയിലെ ശാസ്ത്ര പ്രചരണ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളിൽനിന്നും വ്യത്യസ്തമായി 57 വർഷത്തെ ജനകീയ പ്രശ്നങ്ങളില്‍ സക്രിയമായി പരിഷത്ത് നടത്തിയ ഇടപെടലിനും ശാസ്ത്രചിന്തയും യുക്തിബോധവും വളർത്താൻ നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുമാണ് അവാർഡ്.

ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുന്നതിനായി സമൂഹത്തെ മുന്നോട്ടു നയിച്ച ഒരു ജീവിതമായിരുന്നു ഡോ. നരേന്ദ്ര ധബോൽക്കറിന്റേത്. തലയ്ക്കും നെഞ്ചിനും ഹിന്ദു ഫാസിസ്റ്റുകളുടെ വെടിയേറ്റു വീണ ധബോല്‍ക്കര്‍, ഇതുവരെ എഴുതപ്പെടാത്ത ഇന്ത്യയിലെ ആദ്യത്തെ ബൗദ്ധിക രക്തസാക്ഷിയാണ്. യുക്തിചിന്തയെ തകര്‍ക്കുക, മസ്തിഷ്‌കത്തെ മരവിപ്പിക്കുക എന്നീ ആസൂത്രിത അജണ്ടകളോടു കൂടിയ ആദ്യത്തെ കൊലപാതകം.

എന്തിനു വേണ്ടി ധബോല്‍ക്കര്‍ പൊരുതിയോ അതു നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് അദ്ദേഹത്തിന്റെ രക്തത്തുള്ളികള്‍ വേണ്ടി വന്നു. ധബോല്‍ക്കര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം സംസ്ഥാന മന്ത്രിസഭ അന്ധവിശ്വാസ വിരുദ്ധ നിയമം ഓര്‍ഡിനന്‍സായി അംഗീകരിച്ചു. ആറു ദിവസത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നു. 2013 ഡിസംബറില്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ് നിയമമാക്കി.

ധബോൽക്കറുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡിന് തിരഞ്ഞെടുക്കാൻ അർഹതപ്പെട്ട സംഘടന പരിഷത്ത് തന്നെയാണ്. കേരളം കണ്ട നിരവധി പ്രതിഭകൾ ഔദ്യോഗീകപദവിയിലും സാദാരണ പ്രവർത്തകരായും പ്രവർത്തിച്ചിട്ടുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേവലം പ്രസംഗങ്ങൾക്കപ്പുറം ശാസ്ത്രരംഗത്തും പരിസ്ഥിതീക പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ശക്തമായ ഇടപെടൽ ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന പരിഷത്തിന് അനാവശ്യ പരസ്യങ്ങളോ ആരവങ്ങളോ ഇല്ലാതെ സാമൂഹ്യമേഖലയിലും ശക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്.ആരെയും ബോധ്യപ്പെടുത്താനോ കൊട്ടിഘോഷിക്കാനോ അല്ലാതെ തന്നെ നിരവധി പരിഷത്ത് പ്രവർത്തകർ ജാതി മത രഹിതരായി വിവാഹിതരാകുകയും സാമൂഹ്യ പ്രതിബദ്ധതയോടെ തന്നെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നുണ്ടെന്നുള്ളത് അഭിമാനാർഹം തന്നെയാണ്.

1962-ൽ “ശാസ്ത്ര സാഹിത്യം മലയാളത്തിൽ” എന്ന മുദ്രാവാക്യത്തോടെ, കോഴിക്കോട് ദേവഗിരി കോളേജിൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി മലയാളത്തിലെ ആദ്യകാല ശാസ്ത്രസാഹിത്യകാരൻ ഡോ. കെ ഭാസ്കരൻനായർ തിരഞ്ഞെടുടുക്കപ്പെട്ടു.പ്രശസ്തനായ അന്തർദേശീയ ശാസ്ത്രജ്ഞൻ കെ ജി അടിയോടിയും കവിയും പത്രാധിപരുമായ എൻ വി കൃഷ്ണവാര്യർ എന്നിവർ ഭാരവാഹികളായി.”ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.

ഇന്ന് ഈ പ്രസ്ഥാനത്തിന്‌ കേരളത്തിലെങ്ങും ശാഖകളുമുണ്ട്. കേരളത്തിനു പുറത്ത് മറ്റു ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുമായിച്ചേര്‍ന്ന് All India Peoples’ Science Network രൂപീകരിച്ച പരിഷത്തിന് ഇന്ത്യയ്ക്കു പുറത്ത് Friends of KSSP പോലുള്ള സൌഹൃദ സംഘങ്ങളുമുണ്ട്.
പ്രസ്ഥാനത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം യൂണിറ്റ് ആണ്‌. ഗ്രാമങ്ങളായിരിക്കും ഒട്ടുമിക്ക യൂണിറ്റിന്റേയും പ്രവര്‍‌ത്തന പരിധി. ചില യൂണിറ്റുകള്‍ ചിലപ്പോള്‍ ഒരു പഞ്ചായത്ത് തന്നെ ഉള്‍ക്കൊള്ളുന്നതായിരിക്കും. അംഗങ്ങളുടെ എണ്ണവും, പ്രവര്‍ത്തന പരിധിയുടെ വിസ്തീര്‍ണ്ണവും എല്ലാം യൂണിറ്റ് നിര്‍ണ്ണയിക്കുന്നതില്‍ പങ്കു വഹിക്കുന്നു. യൂണിറ്റിനു മുകളില്‍ മേഖലാ ഘടകം ആണ്‌ ഉള്ളത്. ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ്‌ മേഖലകള്‍ രൂപീകരിച്ചിരിക്കുന്നത്. അതിനു മുകളില്‍ ജില്ലാ ഘടകം.ഏറ്റവും മുകളിലായി കേന്ദ്ര നിര്‍‌വാഹക സമിതി ( സംസ്ഥാന കമ്മറ്റി). സംഘടനാ പരമായുള്ള അന്തിമ തീരുമാനങ്ങള്‍ കേന്ദ്ര നിര്‍‌വാഹക സമിതിയുടേതായിരിക്കും. നിലവില്‍ 135ലേറെ മേഖലകളും 1500 ഓളം യൂണിറ്റുകളുമുണ്ട്. നിരവധി ശാസ്ത്ര പുസ്തകങ്ങളും പരിഷത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനങ്ങളില്‍ ശാസ്ത്രീയ ചിന്താഗതി വളര്‍ത്തുമ്പോള്‍, അവര്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന പല വസ്തുക്കള്‍ക്കും സാധനങ്ങള്‍ക്കും ബദലുകള്‍ ആവശ്യമായി വരും. അങ്ങനെയുള്ള ബദലുകളെ വികസിപ്പിച്ചെടുക്കുന്നതിലും അവ പ്രചരിപ്പിക്കുന്നതിലും പരിഷത്തിന്‌ ഒരു പരിധി വരെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

മുൻപ് സമാന്തര നോബല്‍ സമ്മാനം എന്നറിയുന്ന റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേടിയിട്ടുണ്ട്. ഡോ നരേന്ദ്ര ധബോൽക്കറുടെ പേരിൽ മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്.ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. അവാർഡിന് പരിഷത്തിനെ തിരഞ്ഞെടുത്ത വിവരം നരേന്ദ്ര ധബോൽക്കറിൻെറ മകൻ ഹമീദ് ധബോൽക്കർ ആണ് അറിയിച്ചത്. ജനുവരി 12ന് പുണെയിൽ നടക്കുന്ന ചടങ്ങിൽ അരുണ റോയ് അവാർഡ് സമ്മാനിക്കും.