മാവോയിസ്റ്റ് വേട്ട; സംശയം പ്രകടിപ്പിച്ച ആദിവാസികളുടെ ജീവന് ഭീഷണിയെന്ന് ശിവാനി

മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് വെടിവയ്പിൽ സംശയം പ്രകടിപ്പിച്ചവരുടെ ജീവന് ഭീഷണിയുണ്ടെന്ന് തായ്കുലസംഘം പ്രസിഡന്റ് ശിവാനി. മ‍ഞ്ചിക്കണ്ടിയിലുണ്ടായ മാവോയിസ്റ്റ് വേട്ടയിൽ തെളിവുകൾ ഓരോന്നായി നശിപ്പിക്കുകയാണ് പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും കോടതിയിൽ പൊലീസ് ബോധിപ്പിച്ച കാര്യങ്ങൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധമില്ലെന്നും അവർ പറഞ്ഞു.കാലിൽ നീരുവന്ന് വീർത്തിരുന്ന മണിവാസകം വടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. ഊരുകളിൽ എത്തുമ്പോൾ ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

രണ്ടുദിവസം മഞ്ചിക്കണ്ടി വനത്തിൽ കയറി തണ്ടർബോൾട്ട് സംഘം സ്വയരക്ഷക്ക് വെടിവച്ചുവെന്ന് പറയുന്നത് തെറ്റാണെന്ന് സന്ദർശനം നടത്തിയവർക്കെല്ലാം ബോധ്യമായതാണെന്നും അവർ പറഞ്ഞു. കാടിനോടടുത്ത ധാന്യം ഊരിന് സമീപമുള്ള ചെറുവഴിയിൽ പരിചിതരല്ലാത്ത പൊലീസ് സംഘത്തെ കണ്ടിരുന്നുവെന്ന് 27-ാം തീയതി ആദിവാസികൾ പറയുന്നുണ്ട്. അതേദിവസം മാവോവാദികൾ ഇതേ ഊരി‍ൽ ഭക്ഷണത്തിനായി എത്തിയിരുന്നു.

മാവോവാദികളെ കീഴടങ്ങാൻ സഹായിക്കാനെന്ന വ്യാജേന പൊലീസ് ആപായപ്പെടുത്തുകയായിരുന്നു എന്നുവേണം കരുതാനെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട മണിവാസകവും അരവിന്ദ്, ശ്രീമതി, സാവിത്രി എന്നിവരും 2014 മുതൽ ഊരിന് സമീപം താമസിക്കുന്നുണ്ട്. ഇവർ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും നവനീത് ശർമ എഎസ്പി ആയിരുന്ന സമയത്താണ് ചർച്ചകൾ കാര്യക്ഷമമായതെന്നും അവർ വിശദീകരിച്ചു.