യുഎപിഎ കരിനിയമം തന്നെ; മാവോയിസത്തെ കോടതി പോലും എതിർക്കുന്നില്ല: കാനം രാജേന്ദ്രൻ

ഗുജറാത്തിലെ കരിനിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പാൾ കേരളത്തിൽ ഇടതു സർക്കാർ യുഎപിഎ ചുമത്തുന്നത് ഈ പ്രതിഷേധത്തെ ദുർബലപ്പെടുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ സർക്കാർ യുഎപിഎ അനുസരിച്ച് ആളുകളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയാൽ ഈ കരിനിയമത്തിനെതിരെ ദേശവ്യാപകമായി നടക്കുന്ന ഇടതുപക്ഷ പോരാട്ടത്തെ ദുർബലപ്പെടുത്തും. സിപിഐ അതുകൊണ്ടാണ് യുഎപിഎ പാടില്ലെന്ന് നിലപാട് എടുത്തതെന്ന് കോട്ടയത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാവോയിസത്തെ കോടതി പോലും എതിർക്കുന്നില്ല. മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത് കേരള സർക്കാരാണ്.

പോട്ട, ടാഡ തുടങ്ങി പല പേരുകളിൽ ഇത്തരം കരിനിയമങ്ങൾ വന്നപ്പോൾ പ്രതിഷേധത്തെ തുടർന്ന് അതെല്ലാം വേണ്ടെന്ന് വച്ചിരുന്നു. അത് വീണ്ടും പുതിയ പേരിൽ നടപ്പിലാക്കുകയാണ്. ഗുജറാത്ത് നിയമസഭയിൽ കരിനിയമം പാസാക്കിയപ്പോൾ മോഡിയുടെ ഏറെ നാളത്തെ സ്വപ്നം പൂവണിഞ്ഞുവെന്നായിരുന്നു അവിടുത്തെ ഒരു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും വലിയ കരിനിയമം എന്ന് പറയാവുന്ന തരത്തിൽ ഉള്ളതാണ് ഗുജറാത്തിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ ഉന്മൂലനം ചെയ്യാനിറങ്ങുന്നതും വെടിവച്ച് കൊല്ലുന്നതും ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല, വെടിയുണ്ടകൊണ്ട് എല്ലാം പരിഹരിക്കാമെന്ന് കരുതുന്നത് പ്രാകൃതമാണ്. വടക്കേഇന്ത്യയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാജങ്ങളായിരുന്നു എന്ന് തെളിഞ്ഞത് വിസ്മരിക്കരുത്. പല സംസ്ഥാനങ്ങളിലും അമിതാധികാരം ലഭിച്ച പൊലീസും ഭരണകൂടങ്ങളും സൃഷ്ടിക്കുന്ന വ്യാജ ഏറ്റുമുട്ടലുകൾപോലെയൊന്നും കേരളത്തിൽ ഉണ്ടാവാൻ പാടില്ല. മാവോയിസ്റ്റുകളെ അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്.

മാവോയിസ്റ്റ് എന്ന് മുദ്രകുത്തി നടത്തിയ വേട്ടയാടലുകൾക്ക് എതിരെ ഉന്നത കോടതികൾ സ്വീകരിച്ച നിലപാടും വിസ്മരിക്കാൻ പാടില്ല. അട്ടപ്പാടി വനത്തിൽ മാവോയിസ്റ്റുകൾ തമ്പടിച്ചാൽ അവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നീക്കമാണ് നടത്തേണ്ടിയിരുന്നത്. അല്ലാതെ തണ്ടർബോൾട്ട് ഉടനടിതന്നെ വധശിക്ഷ വിധിക്കുന്ന രീതി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല.പൊലീസ് ശിക്ഷാവിധി നടപ്പിലാക്കാനിറങ്ങുന്നതും ജനാധിപത്യത്തെയും നിയമവാഴ്ചയെ അട്ടിമറിക്കലാണ്. ഇത് കാടത്തവുമാണെന്ന് അദ്ദേഹം പറഞ്ഞു.