അയോധ്യാവിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് പ്രധാനമന്ത്രി

അയോധ്യാവിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. അയോധ്യാ കേസിലെ സുപ്രീംകോടതി വിധി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിധി ആരുടെയും ജയമോ പരാജയമോ അല്ല. രാമനില്‍ വിശ്വസിച്ചാലും റഹീമില്‍ വിശ്വസിച്ചാലും ദേശഭക്തി നാം നിലനിര്‍ത്തണം. സമാധാനവും സംയമനവും പുലര്‍ത്തണമെന്നും മോദി പറഞ്ഞു.

എല്ലാവരും സമാധാനമായി തുടരണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും അഭ്യര്‍ഥിച്ചു. വിധി എല്ലാവരും മാനിക്കണമെന്നും എല്ലാ ജനങ്ങളും സമാധാനം പാലിക്കണമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പ്രതികരിച്ചു. എല്ലാവരും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ വേണ്ടി നില കൊള്ളണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷി പ്രതികരിച്ചു. കോടതി വിധി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും വിധി അംഗീകരിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. എല്ലാവരും സംയമനത്തോടെ ഇരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സമാധാനം തകരുന്ന ഒരു നിലപാടും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കേരളം കൈക്കൊണ്ട മാതൃകാപരമായ നിലപാടുകള്‍ ഇക്കുറിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു.സുപ്രീംകോടതി വിധി അംഗീകരിക്കണമെന്നും മാനിക്കണമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം അയോധ്യവിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയില്‍ തൃപ്തിയില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് പ്രതികരിച്ചു. എന്നാല്‍ വിധി അംഗീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.തങ്ങള്‍ പ്രതീക്ഷിച്ചതുപോലെയല്ല വിധിയെന്നും അവര്‍ പറഞ്ഞു.

ഏതെങ്കിലും പഴുതുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വഖഫ് ബോര്‍ഡ് വ്യക്തമാക്കി.പുനഃപരിശോധന ഹര്‍ജിയുടെ സാധ്യത പരിശോധിക്കുമെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. ആരും പ്രതിഷേധവുമായി ഇറങ്ങരുതെന്നും എല്ലാവരും ശാന്തരായി തുടരണമെന്നും വഖഫ് ബോര്‍ഡ് നിര്‍ദേശിച്ചു.