ബാബരി മസ്‌ജിദ്‌ രാമജന്മഭൂമി കേസ്: ചരിത്ര വിധി ഇന്ന് രാജ്യം സുരക്ഷാ വലയത്തില്‍

40 ദിവസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ബാബരി മസ്ജിദ് രാമജന്മഭൂമി കേസിൽ രാജ്യത്തിന്റെ പരമോന്നത കോടതി ഇന്ന് അന്തിമ വിധി പറയും. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സുപ്രധാനമായ ഒരു വിധിയാണ് ഇന്ന് രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുക. പത്ത് ദിവസത്തിനുള്ളില്‍ വിധി വരുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപ്രതീക്ഷിതമായി ഇന്ന് വിധി പറയാന്‍ സുപ്രീം കോടതി ഇന്നലെ തീരുമാനിക്കുകയായിരുന്നു. കോടതി അവധിയായിരുന്നിട്ടും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ന് വിധി പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രണ്ടാം ശനിയായതിനാല്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉത്തരേന്ത്യയിലും മറ്റും അവധിയായതിനാലാണ് വിധിപറയാന്‍ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സുപ്രീം കോടതി ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ദിവസം വാദം നടന്ന രണ്ടാമത്തെ കേസാണിത്. നേരത്തെയുണ്ടായ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ തുടര്‍ച്ചയായി 40 ദിവസം വാദം കേട്ടശേഷമാണ് സുപ്രീംകോടതി വധി പറയുന്നത്. വിധി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ രാജ്യമെങ്ങും കനത്ത സുരക്ഷ ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അയോധ്യയിലെ സുരക്ഷാ നടപടി സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡി ജി പിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അയോധ്യയുടെ സുരക്ഷാ പൂര്‍ണായും അര്‍ധ സൈനിക വിഭാഗം ഏറ്റെടുത്തു കഴിഞ്ഞു. രാജ്യത്ത് 78 ഇടങ്ങളില്‍ സൈന്യത്തെ വിന്യസിക്കും. 20 താത്കാലിക ജയിലുകളും തയ്യാറാക്കി കഴിഞ്ഞു. 1992ല്‍ ബാബരി മസ്ജിദ് ആര്‍ എസ് എസ് കര്‍സേവകര്‍ തകര്‍ത്തപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. ഇക്കാലയളവില്‍ അക്രമങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങളിലും ഓരോ സംസ്ഥാനത്തേയും പ്രശ്‌ന ബാധിത മേഖലകളിലും കൂടുതല്‍ സുരക്ഷയൊരുക്കാനാണ് നിര്‍ദേശം.

അയോധ്യയില്‍ 153 കമ്പനി അര്‍ധ സൈനികരെയാണ് വിന്യസിച്ചരിക്കുന്നത്. അര്‍ധ സൈനിക വിഭാഗത്തിന് പുറമെ ഉത്തര്‍പ്രദേശ് എ ടി എസ് കമാന്‍ഡോകളേയും വിന്യസിക്കും. ത്രിതല സുരക്ഷാ സംവിധാനാമാണ് അയോധ്യയിലുള്ളത്. ആദ്യ ഘട്ടം ഒക്ടോബര്‍ 15 മുതലും രണ്ടാം ഘട്ടം കഴിഞ്ഞ ഒന്നാം തീയ്യതി മുതലും നടപ്പാക്കി, മൂന്നാം ഘട്ടം ഇന്നും നിലവില്‍ വന്നു കഴഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഇതിനകം 4000ത്തോളം അര്‍ധ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസ് സുരക്ഷക്ക് പുറമെയാണിത്. കൂടാതെ ട്രാഫിക് സുരക്ഷായി വേറെയും ഉദ്യോഗസ്ഥരെ നിയമിക്കും. കോടതി വിധി വരുന്ന ദിവസങ്ങളില്‍ അയോധ്യ ദേശീയ പാത വഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കും. അയോധ്യയില്‍ താത്കാലിക ജയിലായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ ഫൈസാബാദ് പോലീസ് നിയമിച്ചിട്ടുണ്ട്. കൂടാതെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ വേറേയും നിയമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആശിഷ് തിവാരി പറഞ്ഞു. അയോധ്യ മുഴുവന്‍ ഡ്രോണ്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്. സുരക്ഷാ സംവിധാനത്തെ കുറിച്ച് സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും കലക്ടര്‍മാരുമായും മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ചര്‍ച്ച നടത്തി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.