എന്നെയും കുടുംബത്തെയും കാത്തതിന് നന്ദി, എല്ലാ ഭാവുകങ്ങളും: രാഹുല്‍ ഗാന്ധി

രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ വിഭാഗമായ എസ് പി ജിയുടെ സംരക്ഷണത്തില്‍ നിന്നും നെഹ്‌റു കുടുംബത്തെ ഒഴിവാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്രനാള്‍ സുരക്ഷ ഒരുക്കിയ എസ് പി ജി ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. “കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്‍റേയും കുടുംബത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച എസ്‍പിജിയിലെ എന്‍റെ സഹോദരീസഹോദരങ്ങള്‍ക്ക് നന്ദി പറയുന്നു. നിങ്ങളുടെ അര്‍പ്പണത്തോടെയും പിന്തുണയോടെയുമുള്ള എന്‍റെ യാത്രകള്‍ സ്നേഹപൂര്‍വമായിരുന്നു. അതൊരനുഗ്രഹമായിരുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു”.-രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സുരക്ഷാ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളിലൂടെ ബിജെപിയുടെ ക്രൂര മനോഭാവമാണ് പുറത്തു വരുന്നതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. സി.ആര്‍.പി.എഫിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇവര്‍ക്ക് നല്‍കും.

ആഭ്യന്തരവകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗമാണ് തീരുമാനമെടുത്തതെന്നാണ് സൂചന. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എസ് പി ജി സുരക്ഷ നല്‍കേണ്ട തരത്തിലുള്ള ഭീഷണി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് പറഞ്ഞാണ് കേന്ദ്രത്തിന്റെ നടപടി. പ്രധാനമന്ത്രിക്ക് മാത്രമായി എസ് പി ജി സുരക്ഷ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എസ് പി ജി സുരക്ഷക്ക് പകരം സി ആര്‍ പി എഫിന്റെ ഇസഡ്പ്ലസ് മൂന്ന് പേര്‍ക്കും നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലില്‍ നേതാക്കളുടെ ജീവന്‍ പന്താടുകയാണെന്ന് എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷായുടെ വീടിന് മുമ്പിലും പ്രതിഷേധം സംഘടിപ്പിച്ചു.

നേരത്തെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നല്‍കിവന്നിരുന്ന എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു.