ശാന്തന്‍പാറ കൊലപാതകം: മുഖ്യപ്രതികളെ വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ കണ്ടെത്തി

READ IN ENGLISH: Santhanpara murder: Woman and lover found critical in Mumbai lodge

ശാന്തന്‍പാറയില്‍ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ വസീം, ലിജി എന്നിവരെ വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ കണ്ടെത്തി. ലിജിയുടെയും കൊല്ലപ്പെട്ട റിജോഷിന്റെയും രണ്ടര വയസുള്ള മകള്‍ മരിച്ചു. ഹോട്ടലില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ മൂവരെയും മഹാരാഷ്ട്ര പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് ലിജിയുടെ മകള്‍ മരിച്ചിരുന്നു.

ലിജിയേയും വസീമിനെയും മുംബെ പനവേലിലെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണ്. കൊലപാതകത്തിന് ശേഷം ഇടുക്കിയില്‍ നിന്ന് മുങ്ങിയ പ്രതികളെ പിന്തുടര്‍ന്ന് കേരള പോലീസ് സംഘവും മുംബൈയില്‍ എത്തിയിരുന്നു. ഫോണ്‍ രേഖകള്‍ പ്രകാരം ഇവരെ പിന്തുടര്‍ന്ന് മുംബൈയില്‍ എത്തിയപ്പോഴാണ് പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

സംഭവുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരന്‍ ഫഹദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജോഷിനെ കൊന്ന ശേഷം തെളിവ് നശിപ്പിക്കാനും അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളായ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താനായിട്ടില്ല. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് പോലീസ് നിഗമനം.

റിജോഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മരണസമയത്ത് റിജോഷ് അബോധാവസ്ഥയിലായിരുന്നു. ശരീരത്തില്‍ മറ്റ് പരുക്കുകളോ, മുറിവുകളോ കണ്ടെത്തിയിട്ടില്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. ഇക്കഴിഞ്ഞ 31ന് കാണാതായ റിജോഷിന്റെ മൃതദേഹം പിന്നീട് റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

റിജോഷിനെ കൊലപ്പെടുത്തിയ ശേഷം റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയിരിക്കുകയായിരുന്നു. എറണാകുളത്തേക്ക് പോയ റിജേഷ് തിരിച്ചുവന്നിട്ടില്ലെന്ന് ആയിരുന്നു ലിജി പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലിജിയേയും റിസോര്‍ട്ട് മാനേജര്‍ വസീമിനേയും കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരികെ റിസോര്‍ട്ടില്‍ കുഴിച്ചുമൂടിയ നിലയില്‍ റിജേഷിന്റെ മൃതദേഹം കണ്ടെത്തി.