വിപ്ലവ പാർട്ടിക്ക് മൾട്ടിപ്പിൾ ഫാതറോളജി സിൻഡ്രോം; ഒടുവിൽ രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

റോയി മാത്യു

സി പി എം പാർട്ടി ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയും പിന്നെ ആകമാന പോളിറ്റ് ബ്യൂറോ അംഗങ്ങളും മാവോയിസ്റ്റ് വേട്ടയെ അപലപിക്കുമ്പോഴും പിണറായിക്ക് ബിഗ് സല്യൂട്ടടിക്കാൻ സംഘികൾ രംഗത്തിറങ്ങി ക്കഴിഞ്ഞു. പന്തീരങ്കാവിലെ വാവമാർക്കെതിരെ യു എ പി എ ചുമത്തിയതിനെതിരെ ഒരു മാതിരി അയയിലിട്ട കോണകം മാതിരി നിലപാട് സ്വീകരിച്ച പാർട്ടി നേതൃത്വത്തെ വെറും തൃണമായി കണക്കാക്കി മുന്നേറുന്ന പിണറായി വിജയന് സംഘികൾ സമ്പുർണ പിന്തുണയും സല്യൂട്ടും അടിച്ചിട്ടും അറിയപ്പെടുന്ന സി പി എം ന്യായീകരണ കോമരങ്ങൾ മൊത്തമായി മാളത്തിലൊളി ച്ചിരിക്കയാണ്.

മോദി – . ഷാ എന്നീ ബഡാഭായിമാർ എന്താഗ്രഹിച്ചുവോ അത് വള്ളി പുളളി വിടാതെ നടപ്പാക്കുന്ന ഛോട്ടാ ഭായി പിണറായിയെ സംഘി പത്രം ജന്മഭൂമി ബിഗ് സല്യൂട്ട് നൽകിയത് പുണ്യ പ്രവർത്തി തന്നെ. അവരുടെ കണ്ണിൽ പിണറായി മര്യാദ പുരുഷോത്തമൻ തന്നെ! മോദി ഭരണത്തിൽ അവർ എന്താഗ്രഹിച്ചുവോ അതാണ് പിണറായി നടപ്പാക്കിയതെന്നും ജന്മ ഭുമി പറയുന്നു.

മാവോ വാദി വേട്ടയിൽ പിണറായി വിജയനാണ് ശരിയെന്ന് ജന്മ ഭുമിയിലെ കെ. കുഞ്ഞിക്കണ്ണനെന്ന കണ്ണേട്ടൻ നല്ല വെടിപ്പായി എഴുതിയിട്ടുണ്ട്. അഖിലേന്ത്യാ തലത്തിലെ സ്രാവ് സഖാക്കൾക്ക് എതിരായി വിരുദ്ധ നിലപാട് സ്വീകരിക്കാൻ പിണറായി തയ്യാറായി എന്നാണ് ജന്മഭുമി യുടെ കണ്ടെത്തൽ. പിണറായിക്ക് ഭാരതരത്നം നൽകിയതിന് തുല്യമാണ് ജന്മ ഭുമി യുടെ ഈ ബിഗ് സല്യൂട്ട്.

സംഘി – കമ്മി ഭായി- ഭായി ബന്ധത്തെക്കുറിച്ച് വാചാലമായി കണ്ണേട്ടൻ എഴുതിയിട്ടുണ്ട്. മുൻ ജനറൽ സെക്രട്ടറിയും പിബി അംഗങ്ങളും വാവാ മാരുടെ മേൽ യുഎപിഎ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോഴും അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ പിണറായി വിജയനേ പറ്റൂ. അതു കൊണ്ടാണ് പിണറായിക്ക് ബിഗ് സല്യൂട്ട് ഓഫർ ചെയ്യുന്നതെന്നും യുവമോർച്ചയുടെ സംസ്ഥാന മുൻ പ്രസിഡന്റും ജന്മ ഭുമി റെസിഡന്റ് എഡിറ്ററുമായ കുഞ്ഞിക്കണ്ണൻ പറയുന്നു.

സംഘി പുക്ഴത്തലിൽ മനം മയങ്ങി ഇരിക്കയാണ് പിണറായി എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ CPlയും – പാർട്ടി നേതൃത്വവും വിമർശിക്കുമ്പോഴും പിണറായിയിക്ക് കുലുക്കമില്ലാത്തതിന് കാരണം ബിജെപിയുടെ ഈ ബിഗ് സല്യൂട്ട് തന്നെ. യു എ പി എ നടപ്പാക്കുന്നതിൽ മോദി – ഷാ നയങ്ങളെ വിനീത വിധേയനായി പിന്തുണയ്ക്കുന്ന പിണറായിയ്ക്കു് ബി ജെ പി അല്ലാതെ പിന്നാരാണ് പിന്തുണയും സല്യൂട്ടും നൽകേണ്ടത്? ആ സല്യൂട്ട് അത് നിഷേധിക്കാൻ പിണറായിയും CPM ഉം ഇതു വരെ തയ്യാറായിട്ടില്ല – അതെ, രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. എല്ലാം കോംപ്ലിമെൻസായി.

പിണറായി വിജയൻ സംഘികൾക്ക് എന്നും രോമാഞ്ചമുണ്ടാക്കിയ നേർ മച്ചുനനാണെന്ന് കുഞ്ഞിക്കണ്ണൻ എഴുതുന്നു.

“അര നൂറ്റാണ്ടായി കേള്‍ക്കുന്ന പേരാണ് പിണറായി വിജയന്‍. രണ്ടാം ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് ഭരണകാലത്ത് വിജയന്‍ കെഎസ്‌വൈഎഫ് നേതാവായിരുന്നു. അക്കാലത്താണല്ലോ ആര്‍എസ്എസ് പ്രവര്‍ത്തകനും തയ്യല്‍തൊഴിലാളിയുമായ തലശേരി വാടിക്കല്‍ രാമകൃഷ്ണനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. അന്നും പിണറായി വിജയന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടു. അതിനുശേഷം ജില്ലാ സംസ്ഥാന നേതാവായി മാറിയ വിജയന്‍ വിവാദനായകനായി മുന്നോട്ട് പോയി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിനെ കണ്ണൂര്‍ ജില്ലയില്‍ നയിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. രാമകൃഷ്ണനായിരുന്നു. വിജയനെ ഒതുക്കേണ്ടത് രാമകൃഷ്ണന് അനിവാര്യമായിരുന്നു. പോലീസിനെ അതിനായി നിയോഗിച്ചു. കസ്റ്റഡിയില്‍ പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരുഭാഗവും വിജയന്റെ ശരീരത്തിലുണ്ടായിരുന്നില്ല. അതിനുശേഷം വിജയന്‍ നിയമസഭയില്‍ മുഖ്യമന്ത്രി അച്യുതമേനോനെയും കെ. കരുണാകരനെയും നോക്കി നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത് പൂര്‍ണമായും ദേശാഭിമാനിപോലും പ്രസിദ്ധീകരിച്ചിരുന്നില്ല. പക്ഷേ ‘ജന്മഭൂമി’ ഒരു ദിവസം എഡിറ്റോറിയല്‍ പേജ് പൂര്‍ണമായും വിജയന്റെ പ്രസംഗത്തിന് നീക്കിവച്ചിരുന്നു. സഖാക്കള്‍ പോലും ജന്മഭൂമിയിലൂടെയായിരുന്നു വിജയന്റെ സഭയിലെ ദീനരോദനം മനസ്സിലാക്കിയത് – ഇതൊക്കെ പഴയ കഥ”.

തച്ചോളി ഒതേനൻ മോഡലിലുള്ള വീരേതിഹാസങ്ങളാണ് പിണറായിയെക്കുറിച്ച് കണ്ണേട്ടൻ വാരി വിതറുന്നത്.

“ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.” ഇങ്ങനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് ജന്മ ഭുമി ലേഖനം അവസാനിപ്പിക്കുന്നത്.

സംഘി പുകഴ്ത്തൽ ജന്മ ഭുമിയിൽ അടിച്ച് വന്നിട്ട് നേരത്തോട് നേരമായിട്ടും കാനം രാജേന്ദ്രനോ കാരാട്ടോ മുഖ്യമന്ത്രിയോ കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. അർബൻ മാവോയിസ്റ്റ് കളോട് ഒരു സിംപതിയുമില്ലെന്ന് ലോക്സഭയിൽ പ്രസ്താവിച്ച അമിത് ഷായുടെ അതേ നിലപാടാണ് പിണറായി വിജയനുമുള്ളത്. യുഎപിഎ കാടൻ നിയമമാണെന്ന് ഇടക്കിടെ വായ്ത്താരി മുഴക്കുന്ന പാർട്ടി തന്നെയാണ് ഈ നിയമം രൂപത്തിലും ഉള്ളടക്കത്തിലും ഒരു മാറ്റവും വരുത്താതെ നടപ്പാക്കിയത്. ഇനി ഈ നിയമത്തിനെതിരെ പാർട്ടി നിലപാട് വ്യക്തമാക്കാൻ പ്രചരണങ്ങൾ നടത്തുമെന്നാണ് പാർട്ടി സെക്രട്ടറിയേറ്റ് ഏറ്റവും ഒടുവിൽ പറഞ്ഞത്. വിപ്ലവ പാർട്ടിക്ക് മൾട്ടിപ്പിൾ ഫാതറോളജി സിൻഡ്രോം ബാധിച്ചിരിക്കയാണ്. അല്ലെങ്കിൽ പിന്നെങ്ങനെയാണ് ഇങ്ങനെയൊക്കെ നിലപാട് സ്വീകരിക്കാനാവുന്നത്.