സജിതാ മഠത്തിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആചാര സംരക്ഷകരുടെ സൈബർ ആക്രമണം; ഡി.ജി.പിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സംഘടിത ആക്രമണത്തിനെതിരെ പരാതി നല്‍കി നടി സജിത മഠത്തില്‍. ഡി.ജി.പിക്കാണ് സജിത പരാതി നല്‍കിയത്. തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിധം ലൈംഗിക ചുവയുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണ് സജിതയുടെ പരാതി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് സജിത പരാതി നല്‍കിയിരിക്കുന്നത്.

തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു ആക്രമണം. അലന്‍ അറസ്റ്റിലായ നടപടിയില്‍ സന്തോഷിച്ച് ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിയിരുന്നു.

ശബരിമല വിഷയത്തിൽ സ്ത്രീകൾക്ക് അനുകൂലമായ നിലപടുകൾ എടുത്തവരുടെ വീട്ടിൽ ആർക്കെങ്കിലും പനിപിടിച്ചാലും പട്ടി ചത്താലും വരെ അയ്യപ്പ പണിയായി ചിത്രീകരിച്ച് അയ്യപ്പനെ കേരളത്തിലെ എംപ്ലോയ്മെന്റ് ഓഫീസറും നാട്ടിലുള്ള സ്ത്രീകൾക്ക് മുഴുവൻ പണികൊടുക്കുന്ന വൃത്തികെട്ടവനുമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളും സൈബർ ഗുണ്ടകളും മുൻപ് ശബരിമല വിഷയത്തിൽ സജിത എടുത്ത നിലപാടിനുള്ള ശിക്ഷയാണ്,​ അല്ലെങ്കിൽ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് പ്രചരിപ്പിച്ച് നിർവൃതിയടഞ്ഞുകൊണ്ട് ദൈവത്തിനുവേണ്ടി തൂറിയെറിഞ്ഞ സംസ്കാരക്കാർ രംഗത്ത് വന്നിരുന്നു.

എന്നാൽ താൻ അന്നും ഇന്നും സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തിൽ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നിൽക്കുന്ന സമയത്ത് സോഷ്യൽമീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച് വിഷയമേ അല്ലെന്നും അതിന്റെപേരിൽ നിലപാടിൽ മാറ്റമില്ലെന്നും സജിത പ്രതികരിച്ചിരുന്നു.രാജ്യത്ത് ഏറ്റവും കൂടുതൽ യുഎപിഎ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് കേരളത്തിലാണ് ഇതൊക്കെ അയ്യപ്പപണിയാണോ പോലീസ് പണിയാണോ എന്ന് തലയിൽ ചാണകവും കയ്യിൽ ‘പ്ലാൻ- ബി’ ക്കുള്ള മനുഷ്യ മലവുമായി നടക്കുന്നവർക്ക് തിരിച്ചറിയാനാവില്ലെങ്കിലും സാമാന്യ ബോധമുള്ളവർക്ക് കൂടുതൽ വിവരിക്കാതെ തന്നെ ബോധ്യമാകുന്നതാണ്.

“എന്നെ സോഷ്യൽമീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാൻ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോൾ അലട്ടുന്നത് അലനെതിരേ യു.എ.പി.എ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ ആയിക്കോട്ടെ. ഞാനത് ഏറ്റെടുക്കാൻ തയ്യാറാണ്. എന്നെ സംബന്ധിച്ച് ഞാൻ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധ്യങ്ങൾ ശരിയാണെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അതിൽ നിന്ന് പുറകോട്ട് ഞാൻ പോവില്ല. ആ രാഷ്ട്രീയബോധ്യം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങൾക്ക് സന്തോഷം തോന്നുകയാണെങ്കിൽ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ… ഇതേ പോലെ 10- 25 പൊലീസുകാർ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ”. എന്നായിരുന്നു ഇതിനോട് സജിത പ്രതികരിച്ചിരുന്നത്.

എന്നാൽ ഇത് സജിതയെ ശാരീരികമായി ആക്രമിക്കാനുള്ള ആഹ്വാനത്തിലേക്കും ആചാരസംരക്ഷക ഗുണ്ടകളുടെ മറ്റൊരു ആചാരമായ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ലൈംഗീക ചുവയുള്ള പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിലേക്ക് എത്തിയതോടെയാണ് പരാതി നൽകാൻ സജിത തീരുമാനിച്ചത്.സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി എടുക്കണമെന്നും സജിത തന്റെ പരാതിയില്‍ ആവശ്യപ്പെട്ടു.

പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ് സജിതയുടെ സഹോദരിയുടെ മകനാണ്. അലന്റെ അറസ്റ്റിന് പിന്നാലെയാണ് സൈബർ ആക്രമണം ശക്തമായത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ നിലപാട് സ്വീകരിച്ചതിലും ശബരിമല വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ സംഘടിത ആക്രമണം.

ആചാരസംരക്ഷക ഗുണ്ടകളെക്കൂടാതെ ‘ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍’ എന്നെല്ലാമുള്ള കമന്റുകളും പോസ്റ്റുകളുമായി ദിലീപ് ഫാനരന്മാരും രംഗത്തുണ്ട്.