മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍

ബിജെപി പിന്‍മാറിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചത്.തിങ്കളാഴ്ച വൈകിട്ട് 7.30നകം തീരുമാനമറിയിക്കണമെന്ന് ഗവര്‍ണറുടെ ഓഫീസ് ശിവസേനയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു.

എന്ത് വിലകൊടുത്തുംംസ്ഥാനത്ത് ശിവസേന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമെന്നു മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു. അതേസമയം, സഖ്യത്തിനായി എന്‍സിപി ഉപാധികള്‍ മുന്നോട്ടുവച്ചു. എന്‍ഡിഎ സഖ്യം വിടാതെ ചര്‍ച്ചയില്ലെന്ന് എന്‍സിപി അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നു കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്.

മുഖ്യമന്ത്രി സ്ഥാനം വീതംവെക്കുന്ന കാര്യത്തില്‍ ശിവസേനയും ബിജെപിയും അവസാന നിമിഷവും സമവായത്തിലെത്താനായില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരണത്തിന് കേവല ഭൂരിപക്ഷമില്ലെന്നു മുന്‍ മുഖ്യമന്ത്രിയും നിയമസഭാ കക്ഷി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ അറിയിച്ചത്.