ആബിദ ബീഗം- ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിച്ചു നില്‍ക്കുന്ന മാതൃ നക്ഷത്രം

നവംബർ 13: ബീ ഉമ്മ എന്ന പേരിൽ പ്രശസ്തയായ സ്വാതന്ത്ര്യസമരപ്രവർത്തക ആബിദ ബീഗം (1850 – 1924) ഓർമ്മദിനം (മൌലാനാ മുഹമ്മദലിയുടെ ഉമ്മ)

“സ്വാതന്ത്ര്യം കയ്യില്‍ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല.ഒരു അടിമ രാജ്യത്ത് മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.അടിമ രാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്.എന്റെ നാടിന് മോചനം നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ ……..” മൌലാനാ മുഹമ്മദലി ജൌഹര്‍ (ലണ്ടന്‍ വട്ടമേശ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് )

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജ്വലമായ അധ്യായമാണ് അലി സഹോദരങ്ങള്‍ എന്നറിയപ്പെട്ട മൌലാനാ മുഹമ്മദലിയുടെയും ഷൌക്കത്തലിയുടെയും ജീവിതം.ഉയര്‍ന്ന മാതൃരാജ്യ സ്നേഹവും ,കറകളഞ്ഞ മതേതര ചിന്തയും ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു പണ്ഡിതരായ ഈ സഹോദരങ്ങൾ.

രാജ്യം എന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന ധീര ദേശാഭിമാനികളായ ഈ നേതാക്കളുടെ ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പിന്നില്‍ മഹതിയായൊരു വനിതയുടെ കരുത്തുറ്റ പിന്‍ബലവും സാന്നിധ്യവും ഉണ്ട്.ഇവരുടെ പ്രിയപ്പെട്ട മാതാവായ ആബിദാ ബീഗത്തിന്റെ .ആളുകള്‍ ജാതി മത ഭേദമന്യേ അവരെ ആദരവോടെ വിളിച്ചു ‘ബീ ഉമ്മ’ (മഹതിയായ ഉമ്മാമ).

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ 1857 ല്‍ ആണ് ആബിദാ ബീഗം ജനിച്ചത്‌. സ്‌കൂൾ വിദ്യാഭ്യാസം ഇല്ലായിരുന്നു. ലളിതമായ ജീവിത ശൈലിയും ഉയര്‍ന്ന ചിന്തയും അതായിരുന്നു ‘ബീ ഉമ്മ’. രാംപൂരിലെ ഉന്നത ഉദ്യോഗസ്ഥനായ അബ്ദുൽ അലി ഖാൻ ആയിരുന്നു അവരുടെ ഭർത്താവ്.ഇരുപത്തിഎഴാം വയസ്സില്‍ തന്നെ വിധവയാകേണ്ടി വന്ന അവര്‍ക്ക് നവാസിഷ്‌ അലി,സുല്‍ഫിക്കര്‍ അലി, ഷൌക്കത്തലി,മുഹമ്മദലി എന്നീ നാല് മക്കളായിരുന്നു. എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ ഏറെ ശ്രദ്ധിച്ചു.

സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, സരള ദേവി, സക്കീന ലുഖ്മാനിയ എന്നീ ധീര വനിതകൾക്കൊപ്പം സ്വാതന്ത്ര്യസമര രംഗത്ത് മുന്നിട്ടിറങ്ങിയ ഇവര്‍ രണ്ടാം സ്വാതന്ത്ര്യ സമര കാലത്ത് സ്വന്തം രാഷ്ട്രത്തിനുവേണ്ടി പോരാടാൻ മക്കളായ ഷൌക്കത്തലിയെയും,മുഹമ്മദലിയെയും സമര രംഗത്തേക്ക് പറഞ്ഞയച്ച ധീര വനിതയാണ്‌.

ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളായ മൌലാനാ മുഹമ്മദലി കോൺഗ്രസ് പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് ടി.കെ. മാധവൻ അവതരിപ്പിച്ച മൗലാനാ മുഹമ്മദാലി പിന്താങ്ങിയ അയിത്തോച്ചാടന പ്രമേയം ഗത്യന്തരമില്ലാതെ കാക്കിനഡ യിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കുന്നത്. മൗലാനമുഹമ്മദാലിയുടെ പ്രസിദ്ധമായ “ബ്രിട്ടീഷുകാരൻറെ അടിമസ്ഥാനത്തു നിന്നും സ്വാതന്ത്ര്യം നേടി ഇവിടുത്തെ സവർണ്ണ ഹിന്ദുവിൻറെ അടിമയാകാൻ ഞങ്ങൾക്ക് താത്പര്യമില്ല.അങ്ങനെയുണ്ടാവില്ല എന്ന് നിങ്ങൾ പറയുന്നത് വിശ്വസിക്കാനും ഞങ്ങൾക്ക് നിർവാഹമില്ല. കാരണം നിങ്ങൾ നിങ്ങളുടെ സ്വന്തം മതത്തിൽ വിശ്വസിക്കുന്നവരോട് പോലും മൃഗങ്ങളെക്കാൾ നീചമായാണ് പെരുമാറുന്നതെന്നാണ് ടികെ മാധവൻ പറഞ്ഞ കഥകളിൽ നിന്നും മനസിലാകുന്നത് …….” എന്ന് തുടങ്ങുന്ന ആ അദ്ധ്യക്ഷ പ്രസംഗം അംബേദ്‌കർ ആന്തോളജിയിൽ ചേർത്തിട്ടുണ്ട് മൗലാനാ മുഹമ്മദാലിയുടെ ആ അദ്ധ്യക്ഷ പ്രസംഗമാണ് ടികെ മാധവൻറെ പ്രമേയത്തിന് അവതരണാനുമതി ലഭിക്കാൻ കാരണമായി തീർന്നത്.

മൂത്ത പുത്രന്‍ നവാസിഷ്‌ അലി ചെറിയ പ്രായത്തില്‍ മരണപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരധീരം പോരാടിയ അലി സഹോദരങ്ങളെ അങ്ങിനെയാക്കിത്തീർത്തത് അവരുടെ ഉമ്മതന്നെയാണ്..ഇവരെ ബ്രിട്ടീഷുകാര്‍ ജയിലില്‍ അടച്ചപ്പോള്‍ മക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ചെന്ന ബീ ഉമ്മ പുത്രന്മാരോടായി പറഞ്ഞ വാക്കുകള്‍ അവരുടെ രാജ്യസ്നേഹത്തിന്റെ ആഴം വെളിവാക്കുന്നു.

“പ്രിയപ്പെട്ട മക്കളെ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ മുറുകെ പിടിക്കുക.അതിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്നാലും നിങ്ങള്‍ വിലവെക്കേണ്ടതില്ല!!” (ഷുവർക്കർ മാരുടെയും കൊല സ്ത്രീകളുടെയും പാരമ്പര്യമായിരുന്നില്ല അവർ

ബ്രിട്ടീഷുകാരെ ആദരപൂര്‍വ്വം കാണാൻ ശ്രമിച്ചവരോട് അവര്‍ പറഞ്ഞു.“പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങള്‍ നിങ്ങളുടെ പാരമ്പര്യ രീതികളെ പിന്തുടരുക.ബ്രിട്ടീഷുകാരെ ഉന്നതരായി അവരോധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.അവര്‍ കപടന്മാരും ചതിയന്മാരുമാണ്”.

ഇതായിരുന്നു ബീ ഉമ്മ. അവര്‍ ഇന്ത്യയെ അതിരറ്റു സ്നേഹിച്ചിരുന്നു.മക്കളോടൊപ്പം ഖിലാഫത്ത്‌ സമരത്തില്‍ അവര്‍ സജീവമായിപങ്കെടുത്തു.ഖദര്‍ വസ്ത്രമണിഞ്ഞ് ഗാന്ധിജിക്കൊപ്പം പല സമ്മേളനവേദികളിലും സന്നിഹിതയായി.കോണ്ഗ്രസ്സിന്റെയും ലീഗിന്റെയും സമ്മേളനങ്ങളില്‍ ബീ ഉമ്മയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

1923ല്‍ തലശ്ശേരിയില്‍ വെച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തിലും അവര്‍ പങ്കെടുത്തിരുന്നു. ഒരിക്കല്‍ കോഴിക്കോട്ട് വെച്ച് അവര്‍ക്ക് വലിയൊരു സ്വീകരണം നല്‍കുകയുണ്ടായി. കേരളത്തിലും പഴയ തലമുറയിലെ മുസ്ലിം വനിതകളില്‍ ബീ ഉമ്മ എന്ന പേര് വന്നതിന്റെ ചരിത്ര വഴി ഈ മഹതിയോടുള്ള ആദരമാണെന്ന് കാണാം.

അവര്‍ മരണശയ്യയില്‍ ആണെന്നറിഞ്ഞപ്പോള്‍ ഗാന്ധിജി അവരെ കാണാനെത്തി.ദുഃഖം നിറഞ്ഞ ആ രംഗം ഗാന്ധിജിയുടെ വാക്കുകളില്‍. “ആരും തേങ്ങിക്കരയുന്നത് ഞാന്‍ കേട്ടില്ല.മുഹമ്മദലിയുടെ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത്‌ കണ്ടു. ഷൌക്കത്തലി വളരെ ബുദ്ധിമുട്ടി നിയന്ത്രിച്ചു.പക്ഷെ മുഖത്ത് അസാധാരണമായ ധര്‍മ്മനിഷ്ഠ പ്രകടമായിരുന്നു.എല്ലാവരും അല്ലാഹുവിന്റെ നാമം ഉരുവിടുകയാണ്.ഒരു സ്നേഹിതന്‍ അന്ത്യ പ്രാര്‍ത്ഥന നിര്‍വഹിക്കുന്നു…..”

എണ്‍പത്തിഒന്നാമത്തെ വയസ്സില്‍ ബീ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു.

നമ്മുടെ നാടിന് വേണ്ടി സ്വത്തും,ആരോഗ്യവും,ജീവനും ത്യജിച്ച സ്ത്രീ പോരാളികളെ ഓര്‍ക്കുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത നാമമാണ് ബീ ഉമ്മയുടേത്.അവര്‍ ധീരയായ ഒരു മാതാവായിരുന്നു.തന്റെ മക്കളെ പോലെ തന്നെ രാജ്യത്തെയും സ്നേഹിച്ച മാതാവ്.