നവംബർ 13: ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി വേൾഡ് വൈഡ് വെബ് ആരംഭിച്ചത് ഇന്ന്

1990-നവംബർ 13ന് ആയിരുന്നു വേൾഡ് വൈഡ് വെബ് ആരംഭിച്ചത്. ടിം ബർണേഴ്‌സ് ലി എന്ന ഗവേഷകന്റെ ആശയമായ ഇത് പരസ്പരം ബന്ധപ്പെടുത്തിയുള്ള ടെക്സ്റ്റ് പ്രമാണങ്ങളുടെ ഒരു സംവിധാനമാണ്. ഹൈപ്പർലിങ്കുകളും, യു ആർ ഐ (യൂണിഫോം റിസോർസ് ഐഡന്റിഫൈയർ) കളും ഉപയോഗിച്ചാണ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിയ്ക്കുന്നത്.

ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വെബ്‌സൈറ്റുകളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ പുതുതായി തുറക്കപ്പെടുന്നു.

നമ്മുടെ നാട്ടില്‍ തന്നെ മീന്‍വിൽപ്പന തൊട്ട് സ്ഥലക്കച്ചവടവും പെൺവാണിഭവും വരെ ഓണ്‍ലൈനിലൂടെ നടക്കുന്നുണ്ട്. സ്വന്തമായി വെബ്‌സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം വെബ്‌സൈറ്റുകള്‍ തുറന്ന് തങ്ങളുടെ വില്പന-സേവനശൃംഖല വിപുലപ്പെടുത്താന്‍ മത്സരിക്കുകയാണിപ്പോള്‍.

ഒരൊറ്റ മൗസ്‌ക്ലിക്കില്‍ ഒരു വെബ്‌സൈറ്റ് തുറന്നുവരുമെങ്കിലും അതിന് പിന്നിലെ അധ്വാനം ഒരാളുടേത് മാത്രമല്ല. ഒരു സംഘം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഓരോ വെബ്‌സൈറ്റും പിറവിയെടുക്കുന്നത്. ഇന്റര്‍നെറ്റിന് (വേള്‍ഡ് വൈഡ് വെബ്) വേണ്ടിയോ ഇന്‍ട്രാനെറ്റിന് (സ്വകാര്യ നെറ്റ്‌വര്‍ക്ക്) വേണ്ടിയോ ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുക്കുന്നതിനെ വിശാലാര്‍ഥത്തില്‍ വിളിക്കുന്ന പേരാണ് വെബ് ഡെവലപ്‌മെന്റ്.

ഒരു വെബ്‌സൈറ്റിന്റെ ആസൂത്രണ, വികസന, പരിപാലനത്തിനായി വെബ് ഡിസൈനിങ്, വെബ് കണ്ടന്റ് ഡെവലപ്‌മെന്റ്, ക്ലയന്‍്-സൈഡ്/സെര്‍വര്‍-സൈഡ് സ്‌ക്രിപ്റ്റിങ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി കോണ്‍ഫിഗറേഷന്‍ എന്നിവയിലെല്ലാം ശാസ്ത്രീയമായ പരിശീലനം ലഭിച്ച പലരുടെ സേവനത്തിൻറെ ഫലമാണ് നമുക്ക് ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്നത്.