ഫാത്തിമ ലത്തീഫിന്റെ മരണം: സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും

മദ്രാസ് ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. ഇതിനായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വര മൂര്‍ത്തിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരാതികളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ വ്യക്തമാക്കി.

ഫാത്തിമയുടെ കുടുംബം ഇന്ന് രാവിലെ ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു. മരണത്തിലേക്ക് വഴിതെളിച്ച കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് ഫാത്വിമയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്ന് ചെന്നൈ പോലീസ് വ്യക്തമാക്കി. ഫാത്വിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ കാമ്പസില്‍ വന്നിട്ടില്ല. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. കേസില്‍ ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പോലീസ് ഇതുവരെ ചോദ്യം ചെയ്തു.