ശബരിമല: സുപ്രീം കോടതി നടപടികളില്‍ വ്യക്തത വരേണ്ടതുണ്ട്; വിധി എന്തായാലും നടപ്പിലാക്കും: മുഖ്യമന്ത്രി

ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളിലെ സുപ്രീം കോടതി നടപടികളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും അത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി നടപടികളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അത് വന്ന ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി അതേപടി നടപ്പിലാക്കും. പുനഃപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗ സമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുന്നതെന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിലവിലെ വിധിക്ക് സ്‌റ്റേ ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

>പ്രതിഷേധങ്ങളും പ്രകോപനങ്ങളും അതിന്റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തില്‍ ഒരു തിടുക്കവും ഇല്ല. പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ രണ്ട് പേര്‍ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.