സ്ത്രീപ്രവേശന വിധി അട്ടിമറിക്കാൻ അനുവദിക്കില്ല; സ്ത്രീകൾ ശബരിമലയിലേക്ക്: നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ

ശബരിമല സ്ത്രീ പ്രവേശന വിധിയെ അട്ടിമറിക്കാനുള്ള മനുസ്മൃതിമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ബ്രാഹ്മണ്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സംഘടിത നീക്കം അനുവദിക്കില്ലെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതല്ല മതേതരത്വം. തന്ത്രസമുച്ചയവും കുഴിക്കാട്ടുപച്ചയുമല്ല ആധുനിക പൗരസമൂഹത്തിന്റെ ആധികാരിക ഗ്രൻഥം ഭണഘടനയാണ്. അത് കത്തിക്കണമെന്നുപറഞ്ഞവരാണ് ആചാരസംരക്ഷണവും പറഞ്ഞു തെരുവിലിറങ്ങിയവർ. അവർ തന്നെയാണ് ശബരിമല സ്ത്രീ പ്രവേശന വിധിയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടത്തുന്നത്.

ഇൻഡ്യൻ പൗരൻറെ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശനങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ഇൻഡ്യൻ ജുഡീഷ്യറിക്ക് ഉണ്ട്. അയ്യപ്പന്റെ നൈഷ്ടികത്തേക്കാൾ പരിഗണന നൽകേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും ഇൻഡ്യൻ ജനാധിപത്യ പ്രക്രിയയിൽ ആധുനിക പൗരസമൂഹത്തിന്റെ വളർച്ചയ്ക്കും ജനാധിപത്യ വൽക്കരണത്തിനും പ്രാധാന്യം നൽകുന്ന ലിംഗ സമത്വവും ലിംഗനീതിയുമാണ്.

യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേയില്ല. ലിംഗ സമത്വവും ലിംഗനീതിയും അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെയും മതവാദികളുടെയും ഗൂഢതന്ത്രം പൊളിച്ചടുക്കേണ്ടതുണ്ട്.ഇത്തവണയും ശബരിമല ദർശനത്തിന് യുവതികൾ എത്തും. വ്യക്തിപരമായ താത്പര്യപ്രകാരം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണമൊരുക്കാൻ കേരളസർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ നേതൃത്വത്തിൽ യുവതികൾ പ്രതിഷേധമായി ശബരിമലയിലെത്തുമെന്നും സ്ത്രീപക്ഷകൂട്ടായ്മയുടെ നേതാക്കൾ പറഞ്ഞു.

അതോടൊപ്പംസുപ്രീം കോടതിയുടെ ശബരിമല വിധി നടപ്പിലാക്കാൻ രാഷ്ട്രീയം മറന്നുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുമായി സഹകരിച്ച് കൂട്ടമായി മല കയറി എത്രയും പെട്ടെന്ന് ശബരിമല പ്രശ്നത്തിന് എന്നന്നേക്കുമായി പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കണമെന്നും. ഈ വിഷയം ഇനിയും വെച്ചുതാമസിപ്പിക്കാതെ എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ ഇവിടെയുളള സ്ത്രീ സംഘടനകളും വിദ്യാർഥി സംഘടനകളും യുവജന സംഘടനകളും മുന്നിട്ടിറങ്ങണമെന്നും കൂട്ടായ്മയുടെ വക്താക്കൾ അഭ്യർത്ഥിച്ചു. 

നാമജപ ഘോഷയാത്രയല്ല സ്ത്രീകളുടെ മൗലീക അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ശബ്ദമാണ് ഇനി നമ്മുടെ തെരുവിൽ കേൾക്കേണ്ടത് എന്നും അതിനായി ബൃഹത്തായ സമരപരിപാടിത്തന്നെ ആരംഭിക്കാൻ നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടയ്മ തീരുമാനിച്ചിരിക്കുകയാണ് എന്നും താങ്ങൊളൊടൊപ്പം സഹകരിക്കാൻ താത്പര്യമുള്ള സംഘടനകളും വ്യക്തികളും നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൻറെ ഇൻബോക്സിൽ കോണ്ടാക്റ്റ് ചെയ്യാൻ അറിയിച്ച്കൊണ്ട് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പും കൂട്ടായ്മയുടെ പേജിൽ ഇട്ടിട്ടുണ്ട്.

ഇപ്പോൾത്തന്നെ കേരളത്തിൽനിന്നു മാത്രം അൻപതോളം യുവതികൾ ശബരിമല യാത്രയ്ക്ക് സന്നദ്ധരായി രംഗത്തുവന്നിട്ടുണ്ട്. അതോടൊപ്പം കേരളത്തിന് വെളിയിലുള്ള ഫെമിനിസ്റ്റ് സംഘടനകളുടെ പ്രവർത്തകരും എത്തുന്നുണ്ട്. യുവതികളിൽ ചിലർ കഴിഞ്ഞവർഷത്തേതുപോലെ ആദ്യം വ്യക്തിപരമായി ശബരിമലയിലേക്ക് പോകാനും ആചാരസംരക്ഷണ ഗുണ്ടകളാൽ തടയപ്പെടുകയും പോലീസ് സുരക്ഷ ഒരുക്കാൻ തയ്യാറാവുകയും ചെയ്യാത്ത സാഹചര്യം ഉണ്ടായാൽ കൂട്ടായ മുന്നേറ്റമാണ് നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ വക്താക്കൾ പറഞ്ഞു.