‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രയോഗം രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി തള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തള്ളി. രാഹുല്‍ ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഹരജി തള്ളിയ ചീഫ് ജസ്റ്റിസ് രഞ്്ജന്‍ ഗൊഗോയ് അധ്യക്ഷനയാ ബഞ്ച് പറഞ്ഞു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ചൗക്കിദാര്‍ ചോര്‍ ഹേ എന്ന തരത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നത്.

തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, റഫാല്‍ കേസില്‍ പുനഃപരിശോധന ഇല്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14ലെ വിധി നിലനില്‍ക്കും.