കേരള സര്‍വകലാശാലയുടെ പരീക്ഷാ ഭവനിൽ കുട്ടിച്ചാത്തൻ; തോറ്റ വിദ്യാര്‍ഥികളെയെല്ലാം ചാത്തൻ ജയിപ്പിക്കുന്നു

മൂന്നുതവണ പരീക്ഷയെഴുതി തോറ്റ വിദ്യാര്‍ഥികള്‍ നാലാമതും പരീക്ഷ എഴുതാനെത്തിയപ്പോൾ ആദ്യ തവണയില്‍ത്തന്നെ വിജയിച്ചെന്ന് അറിയിപ്പ്; കേരള സര്‍വകലാശാലയില്‍ വന്‍ തട്ടിപ്പ്‌, പാസ്‌വേഡ്‌ കൈക്കലാക്കി ജീവനക്കാര്‍ മാര്‍ക്ക്‌ തിരുത്തി.

2016 ജൂണ്‍ മുതല്‍ 2019 ജനുവരി വരെ നടന്ന ബി.എ, ബി.കോം, ബി.ബി.എ, ബി.സി.എ അടക്കം 16 പരീക്ഷകളുടെ മാര്‍ക്ക്‌ ലിസ്‌റ്റിലാണ്‌ തിരിമറി കണ്ടെത്തിയത്‌. സംഭവം വിവാദമായതോടെ സര്‍വകലാശാലയിലെ ഒരു ഡെപ്യൂട്ടി രജിസ്‌ട്രാറെ വി.സി ഇന്നലെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പി.വി.സിയുടെ നേതൃത്വത്തില്‍ അനേ്വഷണം നടത്തുമെന്നും വി.സി: മഹാദേവന്‍ പിള്ള അറിയിച്ചു. എന്നാല്‍ ഒരു ഉദ്യോഗസ്‌ഥയെ ബലിയാടാക്കി സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന ആരോപണമുണ്ട്‌.

16 പരീക്ഷകളിലായി 76 മാര്‍ക്ക്‌ മോഡറേഷന്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ ശുപാര്‍ശ. അതിന്റെ അടിസ്‌ഥാനത്തില്‍ ഫലം പ്രസിദ്ധീകരിച്ചതിനു ശേഷമാണ്‌ തോറ്റ വിദ്യാര്‍ഥികളെ വിജയിപ്പിക്കുന്നതിന്‌ 132 മാര്‍ക്ക്‌ മോഡറേഷന്‍ നല്‍കിയിരിക്കുന്നത്‌. 2016ല്‍ ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ തോറ്റ വിദ്യാര്‍ഥികളെ മോഡറേഷന്‍ തിരിമറി നടത്തി ജയിപ്പിച്ചിരുന്നു. ഇതറിയാതെ അന്നു തോറ്റ ചില വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതാന്‍ തയാറായെങ്കിലും ഇവരുടെ അപേക്ഷ സ്വീകരിച്ചില്ല. ആദ്യഫലം വന്നപ്പോള്‍ തോറ്റെന്ന വിവരമാണ് വിദ്യാര്‍ഥിക്കുണ്ടായിരുന്നത്. പിന്നെങ്ങനെ ജയിച്ചുവെന്നതിന്റെ കാരണം വിദ്യാര്‍ഥികള്‍ നേരിട്ടുവന്ന്‌ അന്വേഷിച്ചപ്പോഴാണു തിരിമറി പുറത്തായത്‌.

മൂന്നുതവണ പരീക്ഷയെഴുതി തോറ്റ വിദ്യാര്‍ഥി ആദ്യ തവണയില്‍ത്തന്നെ വിജയിച്ചെന്ന വിവരമാണ് കംപ്യൂട്ടര്‍ സംവിധാനത്തില്‍ ഉണ്ടായിരുന്നത്. രണ്ടും മൂന്നും തവണ ഫീസ് അടച്ച് ഈ വിദ്യാര്‍ഥിപരീക്ഷയുമെഴുതിയിരുന്നു. എന്നാല്‍ പരാജയമായിരുന്നു അപ്പോഴും ഫലം. പിന്നീട് നാലാംതവണ ഫീസ് അടയ്ക്കാനെത്തിയപ്പോഴാണ് ആദ്യതവണ വിജയിച്ചതായി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയിട്ടുള്ളതായി കണ്ടത്. അതിനര്‍ത്ഥം രണ്ടാമത്തെയും മൂന്നാമത്തെയും തവണ വിദ്യാര്‍ഥി പരീക്ഷയെഴുതുമ്പോള്‍ ആദ്യ പരീക്ഷയിലെ മോഡറേഷന്‍ ഫലം തിരുത്തിയിരുന്നില്ല. അതുകൊണ്ടാണ് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്. എന്നാല്‍, നാലാംവട്ടം എത്തിയപ്പോള്‍ 2016ലെ ആദ്യഫലം തിരുത്തപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

സര്‍വകലാശാലയുടെ നിയമമനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് മാത്രമായി മോഡറേഷന്‍ നല്‍കാനാകില്ല. ഒരാളെ ജയിപ്പിക്കാന്‍ ആവശ്യമുള്ള മാര്‍ക്ക് മോഡറേഷനായി നല്‍കുമ്പോള്‍ പരീക്ഷയില്‍ തോറ്റ മറ്റുള്ളവര്‍ക്കുകൂടി അതിന്റെ ആനുകൂല്യം ലഭിക്കും. എട്ടുമാര്‍ക്ക് മോഡറേഷന്‍ നല്‍കുമ്പോള്‍ ജയിക്കാന്‍ അത്രയും മാര്‍ക്ക് വേണ്ടവരെല്ലാവരും ജയിക്കും. അതുകൊണ്ട് തട്ടിപ്പില്‍ പങ്കാളികളാകാത്തവരും വിജയിച്ചിട്ടുണ്ട്. കൃത്രിമ മോഡറേഷനിലൂടെ ജയിച്ച വിദ്യാര്‍ഥികള്‍ ഉടന്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.

എല്‍.എല്‍.ബി, ബി.ടെക്‌ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിലും സമാനരീതിയില്‍ കൃത്രിമം നടന്നതായി സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാലയും ശശികുമാറും ആരോപിച്ചു. തട്ടിപ്പിനെക്കുറിച്ച്‌ വൈസ്‌ ചാന്‍സലര്‍ക്ക്‌ പരാതി ലഭിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ സമ്മര്‍ദത്തിന്‌ വഴങ്ങി ആദ്യം സംഭവം മൂടിവയ്‌ക്കാന്‍ വി.സി ശ്രമിച്ചന്ന്‌ ആക്ഷേപമുണ്ട്‌.

സസ്‌പെന്‍ഷനിലായ ഉദ്യോഗസ്‌ഥ 2018ല്‍ സ്‌ഥലംമാറിയതാണ്‌. ഈ ഉദ്യോഗസ്‌ഥയുടെ പാസ്‌വേഡ്‌ മാറ്റി നല്‍കാതെ പഴയ പാസ്‌വേഡ്‌ ഉപയോഗിച്ചാണ്‌ പരീക്ഷ സെക്‌ഷനിലെ ചില ജീവനക്കാര്‍ കൃത്രിമം നടത്തിയിരിക്കുന്നതെന്നും യാഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ സര്‍വകലാശാലയ്‌ക്കു പുറത്തുള്ള ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ക്രമക്കേട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കംപ്യൂട്ടര്‍ സംവിധാനത്തിലെ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍പറ്റുമെന്നാണ് ഇവരുടെ ആവശ്യം.