തൃപ്തി ദേശായ് ശബരിമലയിലേക്ക്; വരുന്നത് കോടതി ഉത്തരവുമായി

ശബരിമലയില്‍ വരുന്ന യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്നാണ് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പ്രതികരണം.കോടതി ഉത്തരവുമായി തന്നെയാണ് താൻ വരുന്നതെന്ന് തൃപ്തി ദേശായി. ഒരു ഓൺലൈൻ മാധ്യമത്തോടാണ് തൃപ്തി ദേശായി ഇങ്ങനെ പ്രതികരിച്ചത്. യുവതികള്‍ കോടതി ഉത്തരവുമായി വരണമെന്ന മന്ത്രിയുടെ പ്രസ്താവന തന്നെ കോടതിയലക്ഷ്യമാണ്.

തന്റെ പക്കല്‍ 2018 ലെ സുപ്രീം കോടതിയുടെ വിധി പകര്‍പ്പുണ്ട്. ഈ വിധിക്ക് ഒരു സ്റ്റേയും അനുവദിച്ചിട്ടില്ല. ഇതിനാല്‍ താൻ എന്തായാലും ശബരിമലയിലേക്ക് വരും. എന്ത് സംഭവിച്ചാലും സംസ്ഥാന സര്‍ക്കാരിനാവും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ അവിടെ തമ്പടിച്ചിരിക്കുന്ന, ഈ വിധി നടപ്പാക്കരുതെന്ന് പറയുന്ന ആളുകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാലാണ് സംരക്ഷണം നല്‍കേണ്ടത്. ഇപ്പോഴും 2018 ലെ വിധി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. എന്നാല്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.