ഗോതാബായ രജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോതാബായ രജപക്‌സെയെ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ സഹോദരനുംമുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയാണ് ഗോതാബായ. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന് 48.2 ശതമാനം വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു പി ഐ) സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ട് നേടി. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 80 ശതമാനം വോട്ടുകളാണ് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. ഗോതാബായയുടെ സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്ന് യു പി ഐ വക്താവ് റംബുക്ക്വെല്ല പറഞ്ഞു.

ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതില്‍ മഹിന്ദ രജപക്‌സെക്കൊപ്പം ചേര്‍ന്ന് നിര്‍ണായക പങ്കാണ് ഗോതാബായ വഹിച്ചത്. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും സിംഹള ജനതക്ക് മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നതാണ് സജിതിന് തിരിച്ചടിയായത്. തീവ്രവാദ വിരുദ്ധ പ്രചാരണമാണ് ഗോതബായ പ്രധാനമായും നടത്തിയത്.