ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ‘തേപ്പു’കാരനെന്ന ആരോപണവുമായി അമേരിക്കൻ വനിത

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അന്താരാഷ്ട്ര തേപ്പുകാരനെന്ന ആരോപണവുമായി അമേരിക്കൻ വനിത രംഗത്ത്. ഇപ്പോൾ പ്രധാനമന്ത്രിയായതോടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് അമേരിക്കൻ വ്യവസായി ആയ വനിത രംഗത്ത് വന്നിരിക്കുന്നത്. നാല് വർഷമായി തങ്ങൾ ബന്ധമുണ്ടെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമാണ് ബോറിസ് തന്നോട് അകലം പാലിക്കാൻ തുടങ്ങിയതെന്നും അവർ വെളിപ്പെടുത്തി. തന്റെ ഫോൺ എടുക്കാൻ പോലും ബോറിസ് കൂട്ടാക്കുന്നില്ല. ഇത് തന്റെ ഹൃദയം തകര്‍ത്തതായും അവർ പറഞ്ഞു. ഐടിവി എക്സ്പോഷറുമായുള്ള ഒരു അഭിമുഖത്തിലാണ് ജെന്നിഫർ അർകൂരി എന്ന വനിത ബോറിസുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

തന്നെ അദ്ദേഹം ഇപ്പോൾ ഒരു രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് പരിഗണിക്കുന്നതെന്നും അവർ ആരോപിച്ചു. എന്നാൽ താൻ അദ്ദേഹത്തോട് കൂറും വിശ്വസ്യതയും ഉള്ള വ്യക്തിയാണെന്നും അവർ പറഞ്ഞു. താൻ അദ്ദേഹത്തിന്റെ രഹസ്യങ്ങൾ സൂക്ഷിക്കുമെന്നും സുഹൃത്തായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്നെ എന്തിനാണ് അദ്ദേഹം ഇങ്ങനെ അവഗണിക്കുന്നതെന്ന് മനസിലാകുന്നില്ല. താന്‍ ആരാണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. തന്റെ ഫോൺ അദ്ദേഹം എടുക്കാത്തത് ലജ്ജിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം ഇവർ തമ്മിൽ എന്ത് തരം ബന്ധമാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാൽ വർഷങ്ങളായി തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. താനുമായുള്ള ബന്ധം ബോറിസ് വെളിപ്പെടുത്തുമെന്നാണ് കരുതിയിരുന്നതെന്നും ജെന്നിഫർ പറഞ്ഞു. എന്നാൽ ഇതുണ്ടാകാതിരുന്നപ്പോൾ തനിക്ക് അപമാനം തോന്നിയെന്നും ജെന്നിഫർ പറഞ്ഞു.

തങ്ങളുടെ ബന്ധം ഇപ്പോൾ പുറത്തായത് പ്രധാനമന്ത്രിക്ക് ഏറെ ബുദ്ധിമുട്ടാകുമെന്നും ധാരാളം ചോദ്യങ്ങൾ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. ബോറിസ് മേയറായിരിക്കെ പൊതു പണം ജെന്നിഫറിന്റെ വ്യവസായ ആവശ്യങ്ങൾക്ക് ചെലവഴിച്ചതായി ഒരു ആരോപണവും ഉയർന്നിട്ടുണ്ട്.