രതിയും മന്ത്രവാദവും

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്)

പേടിപ്പിക്കുന്ന സ്ഥലമാണ് ആസാമിലെ മയോങ്. ഗുവാഹത്തിയിൽ നിന്ന് നാല് മണിക്കൂർ യാത്രചെയ്താൽ മയോങ്ങിലെത്താം.

ക്രൂരവും പ്രാകൃതവുമായ അനുഷ്ടാനങ്ങളിൽ മുഴുകി ജീവിക്കുന്ന മന്ത്രവാദികളുണ്ട് ഇവിടെ. ഗുവാഹത്തിയിൽ നിന്ന് ആരും അങ്ങോട്ട് പോകാറില്ല.താന്ത്രിക മന്ത്രവാദങ്ങൾക്കും, മൃഗ ബലികൾക്കുമൊക്കെ ദുഷ്‌പേരുകേട്ട ഈ സ്ഥലത്തു അപൂർവമായി നരബലിയും നടക്കാറുണ്ടെന്ന് ഗുവാഹത്തിയിലെ PTI ലേഖിക ബ്രിന്ദ പറഞ്ഞു.

മധ്യകാല ഇന്ത്യയുടെ ഒരു മുഖമാണിവിടെ. മന്ത്രച്ചടങ്ങുകളും അതീന്ദ്രിയതയും വൈഷ്ണവ ശൈവ ഹിന്ദു വിശ്വാസങ്ങളും കൂട്ടിച്ചേർന്ന പരിണമിച്ച ആചാരങ്ങളുടെ ഒരു ഭൂമിക. സാമ്പ്രദായിക സാമൂഹിക നിയമങ്ങളെ അവഗണിച്ചുകൊണ്ടുള്ള ജീവിത രീതികളുള്ള മനുഷ്യർ. ആർത്തവമുള്ള സ്ത്രീകളുമായുള്ള രതി, രതിദ്രവങ്ങൾ സ്വീകരിച്ചു ഭക്ഷിക്കുന്നത് എല്ലാം ശരീരത്തിൽ ഉറങ്ങിക്കിടക്കുന്ന താന്ത്രിക ശക്തി പുറത്തുകൊണ്ടുവരാൻ ആവശ്യമാണെന്ന് വിശ്വസിച്ചു ആ ആചാരം പിന്തുടരുന്ന ഒരു വിഭാഗം മന്ത്രവാദികളും ഇവിടെ ജീവിക്കുന്നുണ്ട്.

മയോങിലേക്കുള്ള ഇടവഴികൾ നിശബ്ദയും ഏകാന്തതയും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം ഭീതിയും ആകാംഷയും ജനിപ്പിക്കും. മുന്നോട്ട്‌ നടക്കുംതോറും നിഗുഢമായ ഏതോ ഒരു ലോകത്തേയ്‌ക്കെന്നപോലെ തോന്നലുണ്ടാക്കുന്നു. ചളി നിറഞ്ഞു നിൽക്കുന്ന നടപ്പാതകൾ, ഇടുങ്ങിയതും ഇരുണ്ടതുമായ കൈവഴികൾ, ഇടയ്ക്കിടെ കാണുന്ന മുള കൊണ്ടുനിർമ്മിച്ച ഗൃഹങ്ങൾ -ഈ ഭൂപ്രകൃതിയുടെ മുഖം ഒരു പ്രാകൃത ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നു.

ഞങ്ങൾ ഒരു താന്ത്രിക മന്ത്രവാദിയുടെ മഠത്തിലെത്തി. ആ മന്ത്രവാദിയുടെ മുഖം കരുണാമയമായിരുന്നു. സന്താനപ്രാപ്തിക്കായി അനുഗ്രഹം തേടി വരുന്ന സ്ത്രീകൾ അയാൾ ശ്രദ്ധയോടെ നോക്കി പരിചയിച്ചിരുന്നു. അയാൾ അവരോട് സൗമ്യമായി സംസാരിക്കുന്നു അയാളുടെ തലോടൽ ഭക്തർക്ക് അനുഗ്രവും ആശ്വാസവുമാണെന്ന് തോന്നി.

“അമ്മ ദൈവങ്ങളുടെ ശക്തി ആത്മാവിലേയ്ക്ക് ഉദീപിപ്പിക്കാൻ നിരവധി ഭക്തയായ സ്ത്രീകളുമായി സഹശയനം ചെയ്യെണ്ടതുണ്ട്. പലരുമായുള്ള ലൈംഗികബന്ധം ഗംഭീരമായ പൂജാവിധിയാണ്. ഹിന്ദുക്കൾ ലജ്ജയില്ലാത്തവരാണ്. എല്ലാം അവർക്ക് രതിഭാവത്തിലുള്ളതാണ്. പുരാതന ഹിന്ദു ക്ഷേത്രങ്ങളിലെ പുറം ചുവരുകളിൽ സമൂഹ രതിയുടെയും വദന രതിയുടെയും ചിത്രീകരണങ്ങൾ കാണാം. അതെല്ലാം പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും പുനരുജ്ജീവനത്തിനും വേണ്ടിയാണ്.”. ഇത്രയും പറഞ്ഞു ആ താന്ത്രിക മന്ത്രവാദി നിശബ്ദനായി.

പുരുഷനാണ് ശക്തിയുടെ ഉറവിടം. പുരുഷന്റെ ആനന്ദ സാഷാത്കാരത്തിനുള്ളവരല്ല സ്ത്രീകൾ.സ്ത്രൈണ സത്തയെ ആരാധിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരാൾ പുരുഷനാവുന്നത്. ഒരു സ്ത്രീയ്ക്ക് അവളുടെ കാമുകനോടുള്ള കാമത്തെ ജീവാത്മാവും പരാത്മാവും തമ്മിലുള്ള ബന്ധത്തിന്റെ രൂപമായി കണക്കാക്കാൻ കഴിയുന്ന വിശാല ഹൃദയമുള്ളവരാണ് ഞങ്ങൾ സാധുക്കൾ. ഞങ്ങൾ പ്രകൃതിയെ അതിന്റെ എല്ലാ വൈവിധ്യങ്ങളോടുകൂടി കാണുന്നു. മഹാമേരുക്കളും വൃക്ഷങ്ങളും നദികളും മേഘമാലകളും ഉഷസന്ധ്യകളും ഞങ്ങളെ വശീകരിക്കുന്നുണ്ട്. ജട പറപ്പിച്ചു തീ പറിച്ചു ശിവൻ ആടുന്നത് ലോകത്തെ സംഹരിച്ചു അതിനെ വീണ്ടു പുതിയതായി തിരികെ കൊണ്ടുവരാൻ വേണ്ടിമാത്രമാണ്.

പ്രാചീന സമൂഹങ്ങളിലെ സ്വച്ഛാനുസാരിയായ ലൈംഗിക ജീവിതത്തിന്റെ സംസൂചനകളാണ് താന്ത്രിക വിശ്വാസികളുടെ ഇത്തരം ആശയങ്ങളിൽ ഒളിച്ചിരിക്കുന്നത്. സമൂഹം നിഷിദ്ധമാണെന്ന് കരുതുന്ന പലതും ശ്രേഷ്ഠമായി കാണുന്നവരാണ് അവർ. ഇഷ്ടമുള്ള ഏതു സ്ത്രീയെ വേണെമെങ്കിലും പ്രാപിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നു അവർ അവകാശപ്പെട്ടു.

ചക്രപൂജയിൽ പ്രകൃതി പുരുഷ സങ്കൽപ്പമാത്രമാണുള്ളത്. ഇഷ്ടമുള്ള പുരുഷനും സ്ത്രീയ്ക്കും മറിച്ചും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. അഗമ്യഗമനം അനുവദനീയമാണ്.സ്ത്രീകളുടെ മേൽ അധീശ്വത്വം സ്ഥാപിക്കാൻ ലൈംഗികതയെ ദൈവനിഷേധമായി കാണുന്നതിന്
മുൻപുള്ള സമൂഹങ്ങളിൽ ഇത്തരത്തിലുള്ള രീതികൾ നിലനിന്നിരുന്നു. യൂറോപ്പിലെ പുരോഹിതന്മാരും അനുഷ്ടാനഭോഗങ്ങൾ ചെയ്തിരുന്നു. സ്ത്രീകൾ ദേവതയ്ക്ക് മുൻപിൽ വെച്ച് പുരോഹിതന്മാരുമായി സംഭോഗത്തിൽ ഏർപെടുമായിരുന്നു.

മധ്യകാല ഇന്ത്യയുടെ അവശിഷ്ടങ്ങൾ നിലനിർത്തുന്ന ഈ സമൂഹം പല കാര്യങ്ങളും ഇന്നും തുടർന്നുപോരുന്നതായി കാണുന്നു. പഴയ രീതികൾ മൂല്യങ്ങൾ അനുഷ്ടാനങ്ങൾ ആചാരങ്ങൾ അത്ര വേഗമൊന്നും ഉപേക്ഷിച്ചുകളയാൻ കഴിയാത്ത രീതിയിൽ പാകപെട്ട മനസ്സാണ് ഇന്ത്യയുടേത്. ആചാരങ്ങൾ പുനഃ ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമല്ല ഭൂതകാലത്തെ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരും ഈ സ്ഥലം സന്ദർശ്ശിക്കുകയാണെങ്കിൽ പ്രയോജനകരമായിരിക്കും.