രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്ന് പോലീസിനെതിരെ കാനത്തിന്റെ പരിഹാസം

യു എ പി എ കേസില്‍ പോലീസിനെതിരെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും കാനം പരിഹസിച്ചു.

രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ വെടിയുണ്ടകൊണ്ട് നേരിടുന്ന രീതിയായിരുന്നുവെങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാവുമായിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ ലേഖനം കേരളത്തെ അപമാനിക്കുന്നതാണ്. പോലീസുകാര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ട്. പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്നമാവോയിസ്റ്റുകള്‍ അതിഭയങ്കര പ്രശ്‌നമൊന്നുമല്ല.

കേന്ദ്രത്തില്‍ നടത്തുന്ന മാവോയിസ്റ്റ് വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുന്നതിന് പകരം അവരെ ജനാധിപത്യ ക്രമത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്.

കോടതികള്‍ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിന് പകരം ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും കാനം പറഞ്ഞു. കരിനിയമങ്ങള്‍ക്കെതിരെ എഐവൈഎഫ് കോഴിക്കോട് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. പരിപാടിക്ക് ശേഷം യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബിനെ കാനം സന്ദര്‍ശിച്ചു.