വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങള്‍ സമരമുഖത്തുണ്ടാകുമെന്ന് സിസ്റ്റര്‍ അനുപമ

ഭരണം കൈകാര്യം ചെയുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ളവരാണ് കുറ്റവാളികൾ എന്നതുകൊണ്ട് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് ഭരണകൂടം ഏറ്റെടുത്ത് നീതി നിഷേധിച്ച വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങള്‍ സമരമുഖത്തുണ്ടാകുമെന്ന് സിസ്റ്റര്‍ അനുപമ. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് ഫോറം സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേയുള്ള പീഡനക്കേസ് പുറത്തുകൊണ്ടുവന്നതിന് ശേഷം താനുള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍ കുറവിലങ്ങാട്ടെ മഠത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കഴിയുന്നതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങള്‍ക്ക് ഒരുവിധത്തിലുള്ള പിന്തുണയും മഠത്തില്‍ നിന്ന് ലഭിക്കുന്നില്ല. ബിഷപ്പിനെതിരേ കേസ് നല്‍കിയ കന്യാസ്ത്രീയുടെ അവസ്ഥയും ഇതുതന്നെയാണ്.

ഫ്രാങ്കോയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് തങ്ങള്‍ തുറന്ന സമരത്തിന് ഇറങ്ങിയപ്പോഴുണ്ടായ അതേ സമീപനമാണ് ഇപ്പോഴും. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. മുപ്പതിന് ഫ്രാങ്കോ കോടതിയില്‍ ഹാജരാകുന്നുണ്ടെന്നും അതിനുശേഷം വിചാരണ ആരംഭിക്കുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങള്‍ സമരമുഖത്തുണ്ടാകുമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു

വാളയാർ ദളിത് പെൺകുട്ടികളുടെ പീഡനവും കൊലപാതകവും കേരളത്തിൽ സ്ത്രീകൾക്ക് നേരേയും കുട്ടികൾക്ക് നേരെയും നടക്കുന്ന നിരവധിയായായ അക്രമ പരമ്പരയിലെ ഏറ്റവും അടുത്ത് നടന്ന സംഭവമാണ്. പോലീസിന്റെ ഇപ്പോൾ ഉള്ള കേസ് രേഖകളും റിപ്പോർട്ടുകളും നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല, കേസ് അന്വേഷണം അട്ടിമറിച്ചു എന്ന വ്യക്തമായ സൂചനകൾ പോലീസ് രേഖകളിൽ തന്നെ ഉണ്ട്.

വാളയാർ പീഡന-കൊലപാതകം കൃത്യമായി അന്വേഷിച് കുറ്റവാളികളെ ശിക്ഷിക്കും എന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ തന്നെ 2017ൽ പരസ്യമായി പ്രഖ്യാപിക്കുകയും, എന്നാൽ അദ്ദേഹത്തിൻറെ കീഴിൽ ഉള്ള പോലീസ് കുറ്റവാളികളെ സംരഷിക്കുന്നതിന് കൃത്യമായ പദ്ധതിയോടുകൂടെ കേസ് അന്വേഷണം അട്ടിമറിക്കുകയും, കേസ് രേഖകളിൽ മനപൂർവം തട്ടിപ്പുകൾ കാണിക്കുകയും ചെയ്‌ത് പ്രതികൾ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

കേസ് അട്ടിമറിച്ച ഡിവൈ.എസ്.പി. സോജൻ അടക്കമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി അവർക്കെതിരേ ക്രിമിനൽ കേസ് എടുക്കുക. അവർ കുറ്റവാളികളെ സംരഷിക്കാൻ ചെയ്‌ത കുറ്റങ്ങൾക്ക് ക്രിമിനൽ നടപടി സ്വീകരിക്കണം അതോടൊപ്പം കേസ് പുനരന്വേഷിക്കുക. പുനരന്വേഷണം CBI-യെ ഏല്പിക്കുക.ഈ രണ്ട് കാര്യങ്ങൾ ആഭ്യന്തര വകുപ്പ് ആത്മാർത്ഥമായി ചെയുന്നില്ലെങ്കിൽ, ആഭ്യന്തര മന്ത്രി കുറ്റവാളികളെ സംരക്ഷിക്കുന്നു എന്ന് ഉറപ്പിക്കാം. പെൺക്കുട്ടികൾക്ക് നീതിലഭിക്കുന്നതിന് വേണ്ടി ആരംഭിച്ചിട്ടുള്ള ഈ നിരന്തര സമരം വിജയത്തിലെത്തുംവരെ തുടരുമെന്ന് സംഘാടകരും പറഞ്ഞു. എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലാണ് സമരം നടക്കുന്നത്.

വൈകീട്ട് ഹൈക്കോടതി വരെ സമരത്തിന്റെ ഭാഗമായി പ്രകടനവും നടന്നു. വാളയാർ വിഷയം സംബന്ധിച്ച് തെരുവുനാടകങ്ങളും രാപകൽ സമരത്തിന്റെ ഭാഗമായി അരങ്ങേറി. ചൊവ്വാഴ്ച രാവിലെ 10-ന്, 24 മണിക്കൂർ നീണ്ടുനിന്ന സമരം അവസാനിക്കും.തുടർന്ന് നിരന്തര സമരം തുടരും.