പൊലീസിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ബഹുമാനമില്ല; ഇതിനൊക്കെ വ്യാഖ്യാനം തരാൻ താൻ അശക്തനാണെന്നും കാനം രാജേന്ദ്രൻ

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ളാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസിനെ അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്ക് ബഹുമാനമില്ലെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വാക്കുകൾക്ക് വ്യാഖ്യാനം തരാൻ താൻ അശക്തനാണെന്നും അതേക്കുറിച്ച് അദ്ദേഹത്തോട് തന്നെയാണ് ചോദിക്കേണ്ടതെന്നും തനിക്കതിൽ ബാദ്ധ്യതയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റ് ഇസ്ളാമിക തീവ്രവാദത്തെക്കുറിച്ച് തനിക്ക് അറിവില്ല. മാവോയിസ്റ്റ് വിഷയത്തിൽ പൊലീസ് വ്യാജപ്രചരണമാണ് നടത്തുന്നതെന്ന് എഫ്.ഐ.ആർ നോക്കിയാൽ അറിയാം. മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്ന് വരുത്തിത്തീർക്കുന്നത് പൊലീസിന്റെ താത്‌പര്യമാണ്. ചീഫ് സെക്രട്ടറിയും പൊലീസിന്റെ വാദം ഏറ്റെടുക്കുകയാണ് ഉണ്ടായത്. കാനം പറഞ്ഞു.

രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരെ വെടിയുണ്ട കൊണ്ടല്ല നേരിടേണ്ടതെന്നും പശ്ചിമഘട്ട മേഖലയിൽ കാര്യമായ മാവോയിസ്റ്റ് ഭീഷണി ഇല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എഴുന്നേറ്റ് നിൽക്കാൻ സാധിക്കാത്തവരെയാണ് കൊടും ഭീകരരായി ചിത്രീകരിക്കുന്നത്. പുസ്തകങ്ങൾ വായിക്കുന്നത് എങ്ങനെയാണ് കുറ്റമാകുന്നത്? ഈ പ്രവണത നിശ്ചയമായും ചെറുക്കപ്പെടേണ്ടതാണ്. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികൾ രാജ്യവ്യാപകമാകെ ഇടതുപക്ഷത്തെ ദുർബലമാക്കുമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് മാത്രമല്ല അഖിലേന്ത്യാ തലത്തിലും സി.പി.ഐയും സി.പി.എമ്മും യു.എ.പി.എക്കെതിരാണെന്നും യു.എ.പി.എ പ്രകാരം ഇന്ത്യയിലെ ജയിലുകളിൽ കിടക്കുന്ന ഭൂരിഭാഗം പേരും മുസ്ലിം ചെറുപ്പകാരണെന്ന കാര്യം താൻ പറഞ്ഞിട്ടുള്ളതാണെന്നും അതെല്ലാ ഇടതുപക്ഷ പാർട്ടികളും പറയുന്ന കാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി.മോഹനന്റെ പ്രസ്താവനയിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അതൃപ്തി അറിയിച്ചിരുന്നു. സി.പി.ഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവർത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവ‍ർത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യച്ചൂരി ഡൽഹിയിൽ പറഞ്ഞു.