പാര്‍ട്ടി നയം പോലീസ് നടപ്പാക്കുകയാണോ പോലീസ് നയം പാര്‍ട്ടി നടപ്പാക്കുകയാണോ എന്ന് ഡോ.എംഎൻ കാരശേരി

യുഎപിഎ ചുമത്തരുതെന്നാണ് സിപിഎം ൻറെ പിബി പോലും ആവശ്യപ്പെട്ടത്. എന്നാല്‍ വായിക്കുന്നവരെയും ലഘുലേഖ കൈവശം വയ്ക്കുന്നവരെയുമെല്ലാം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയാണ്. പാര്‍ട്ടി നയം പോലീസ് നടപ്പാക്കുകയാണോ പോലീസ് നയം പാര്‍ട്ടി നടപ്പാക്കുകയാണോ എന്ന് ആദ്യം വ്യക്തത വരുത്തട്ടെയെന്ന് എഴുത്തുകാരനും സാമൂഹിക വിമര്‍ശകനുമായ ഡോ.എംഎൻ കാരശേരി.മാവോയിസ്റ്റുകളെ മുസ്ലിം തീവ്രവാദ സംഘടനകള്‍ സഹായിക്കുന്നുവെന്നും ഇക്കാര്യം കൂടി കോഴിക്കോട്ടെ വിഷയത്തില്‍ അന്വേഷിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം പാര്‍ട്ടി അംഗങ്ങൾ തീവ്രവാദ പ്രവര്‍ത്തനത്തിലും മാവോയിസ്റ്റ് പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനാകാത്തവര്‍ പാര്‍ട്ടി നടത്താന്‍ യോഗ്യതയില്ലാത്തവരാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് വേണ്ടാത്തവരെ മാവോയിസ്റ്റുകളാക്കുന്നതും മുസ്ലിം തീവ്രവാദികളാക്കുന്നതും ആ പാര്‍ട്ടിയില്‍ സ്വാഭാവികമായി നടക്കുന്ന കാര്യമാണെന്നും കാരശേരി പറഞ്ഞു.

എറണാകുളം മഹാരാജസ് കോളേജിലുണ്ടായ അഭിമന്യു വധത്തില്‍ നല്ലരീതിയില്‍ എസ്ഡിപിഐയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ആ കൊലപാതകവുമായി ബന്ധപ്പെട്ട് എത്രപേര്‍ പിടിയിലായെന്നും അദ്ദേഹം ചോദിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. 

അപ്പോൾ സിപിഎമ്മിന് വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിക്കുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പി മോഹനന്റെ പ്രസ്താവന നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നതാണെന്നും അദ്ദേഹം വിലയിരുത്തി. സാമുദായിക വിഭജനത്തിനാണ് അത് വഴിവയ്ക്കുക. പാര്‍ട്ടിക്ക് സംസ്ഥാന പോലീസിനേക്കാള്‍ വലിയ അന്വേഷണ കമ്മിഷനുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നിട്ട് പോലും സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അത് അവരുടെ പരാജയമാണെന്നും എംഎൻ കാരശേരി പറഞ്ഞു.